SignIn
Kerala Kaumudi Online
Tuesday, 21 September 2021 11.25 PM IST

അത് താലിബാന്റെ ഇന്ത്യൻ വേർഷൻ, ബാബരി മസ്ജിദ് പൊളിച്ച ഭീകരരും ബാമിയാനിലെ പ്രതിമകൾ തകർത്ത ഭീകരരും സംസാരിക്കുന്നത് ഒരേ വൈകാരികതയെന്ന് ബഷീർ വളളിക്കുന്ന്

babari-masjid

തിരുവനന്തപുരം: ബാബരി മസ്ജിദ് പൊളിച്ചു മാറ്റിയ ഭീകരരും ബാമിയാനിലെ പ്രതിമകൾ തകർത്ത ഭീകരരും സംസാരിക്കുന്നത് ഒരേ വൈകാരികതയാണെന്ന് സാമൂഹിക നിരീക്ഷകനും ബ്ലോ​ഗറുമായ ബഷീർ വളളിക്കുന്ന്. അത്തരം വൈകാരികതകളെ വളരാൻ അനുവദിക്കരുത്, അവയ്ക്ക് വെള്ളവും വളവും നൽകരുത്. നൽകിയാൽ അത് ആ രാജ്യത്തെ ജനതയുടെ സ്വസ്ഥതയും ജീവശ്വാസവും ഇല്ലാതാക്കിയിട്ടേ അവസാനിക്കൂ. അഫ്‌ഗാനിസ്ഥാനിൽ നിന്ന് പഠിക്കേണ്ട ആദ്യ പാഠം അതാണെന്നും ബഷീർ ഫേസ്ബുക്കിൽ കുറിച്ചു.

ബാമിയാനിലെ ബുദ്ധപ്രതിമകൾ താലിബാൻ തകർത്തപ്പോൾ അതിനെ ന്യായീകരിച്ചവരും താത്വിക മാനം നൽകിയവരേയും ഇവിടെ കണ്ടിരുന്നു. നാസർ മുഹമ്മദിനെ കൊന്നതിന് കാല്പനിക മാനം നൽകുന്നവരും കണ്ടേക്കും. തത്ക്കാലം നാട്ടുകാരെ പേടിച്ച് പുറത്ത് പറയാത്തതാവാം. അവസരം വരുമ്പോൾ രൂപം മാറാവുന്ന പൊട്ടൻഷ്യൻ താലിബാനികൾ നമുക്കിടയിലൊക്കെ ഉണ്ടാകും, ഉണ്ട്... അത്തരക്കാരെ കരുതിയിരിക്കുകയും കഴിയുന്നത്ര പ്രതിരോധിക്കുകയും ചെയ്യുക എന്നതാണ് ഒരു മതേതര സമൂഹത്തിന് ചെയ്യാനുള്ളതെന്നും ബഷീർ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ഫ്രീസറിൽ ഇറച്ചി വെച്ചിട്ടുണ്ട് എന്ന് ആക്രോശിച്ച് അഖ്‌ലാഖിനെ അടിച്ചു കൊന്ന ആൾക്കൂട്ടവും താലിബാന്റെ ഇന്ത്യൻ വേർഷനാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ബഷീർ വളളിക്കുന്നിന്റെ ഫേസ്ബുക്ക് പോസ്റ്റ്

അഫ്‌ഗാനിസ്ഥാൻ പൂർണ്ണമായും താലിബാന്റെ പിടിയിലേക്ക് വീഴുകയാണ്. കാബൂളടക്കം അവശേഷിക്കുന്ന ഏതാനും ഇടങ്ങൾ കൂടി അവരുടെ കയ്യിലെത്താൻ ഇനിയെത്ര ദിവസം ബാക്കിയുണ്ട് എന്ന ചോദ്യം മാത്രമേ അവശേഷിക്കുന്നുള്ളൂ. ഒരു ജനത സമ്പൂർണ്ണമായി മത തീവ്രവാദികളുടെ ആയുധക്കരുത്തിന് മുന്നിൽ ഒരു നിവൃത്തിയുമില്ലാതെ കീഴടങ്ങാൻ പോകുന്ന ദുരന്തമാണ് നാം കാണാൻ പോകുന്നത്.

ലോകപ്രശസ്ത ഫോട്ടോ ജേർണലിസ്റ്റ് ദാനിഷ് സിദ്ദിഖിയുടെ കൊല നാം കണ്ടു. ഹാസ്യ താരം നസർ മുഹമ്മദ് കൊല്ലപ്പെട്ടത് നാം കണ്ടു. മൃഗീയമായ കൊലകൾ. മതത്തിന്റെ പേരിലാണ്. ലാ ഇലാഹ ഇല്ലല്ലാഹ് എന്ന പതാകയും വഹിച്ചു കൊണ്ട് ചെയ്യുന്ന പണിയാണ്. അധിനിവേശ രാഷ്ട്രീയ സംഘർഷങ്ങളുടെ തുടർച്ചക്കൊപ്പം, സംഗീതവും സിനിമയും ഫോട്ടോയുമൊക്കെ നിഷിദ്ധമാക്കി മതത്തെ വിചാരശൂന്യതയുടെ ഒരു നേർരേഖയിലേക്ക് വലിച്ചു കൊണ്ട് വരുന്നതിന്റെ ബാക്കിപത്രം കൂടിയാണിത്. ബുദ്ധിയും ചിന്തയും ലവലേശമില്ലാത്ത ഏതാനും വികാരജീവികളുടെ കയ്യിലെ ആയുധമായി മതം മാറുമ്പോൾ ഇതും ഇതിലധികവും സംഭവിക്കും. ഇത്തരം ചിന്താധാരകൾ പൊട്ടിമുളക്കുന്ന വേളയിലും അവ പതിയെ പടരുന്ന സമയത്തും ഒട്ടും പ്രതിരോധിക്കാതെ നോക്കി നിന്നാൽ ഇതുപോലുള്ള ദുരന്തങ്ങളിൽ അത് പര്യവസാനിക്കും. അവ മണ്ണിൽ കൂടുതൽ വേരുകളാഴ്ത്തി സമ്പൂർണ്ണമായി പിടിമുറുക്കി കഴിഞ്ഞാൽ പിന്നെ പ്രതിരോധമില്ല, അനുഭവിക്കുക തന്നെ..

ബാമിയാനിലെ ബുദ്ധപ്രതിമകൾ താലിബാൻ തകർത്തപ്പോൾ അതിനെ ന്യായീകരിച്ചവരും താത്വിക മാനം നല്കിയവരേയും ഇവിടെ കണ്ടിരുന്നു. നാസർ മുഹമ്മദിനെ കൊന്നതിന് കാല്പനിക മാനം നൽകുന്നവരും കണ്ടേക്കും. തത്ക്കാലം നാട്ടുകാരെ പേടിച്ച് പുറത്ത് പറയാത്തതാവാം.
അവസരം വരുമ്പോൾ രൂപം മാറാവുന്ന പൊട്ടൻഷ്യൻ താലിബാനികൾ നമുക്കിടയിലൊക്കെ ഉണ്ടാകും, ഉണ്ട്.. അത്തരക്കാരെ കരുതിയിരിക്കുകയും കഴിയുന്നത്ര പ്രതിരോധിക്കുകയും ചെയ്യുക എന്നതാണ് ഒരു മതേതര സമൂഹത്തിന് ചെയ്യാനുള്ളത്. കൈവിട്ട് പോകുന്നതിന് മുമ്പേ ചെയ്യേണ്ട പ്രതിരോധങ്ങൾ. ഇനിയൊന്നും ചെയ്യാനില്ല എന്ന നിസ്സഹായതയിലേക്ക് എത്തുന്നതിന് മുമ്പ് കൈക്കൊള്ളേണ്ട സൂക്ഷ്മതയും ജാഗ്രതയും.

തീവ്രവാദം അതേത് മതത്തിന്റെ പേരിലായാലും മനുഷ്യരുടെ സ്വസ്ഥത ഇല്ലാതാക്കിയേ അവസാനിക്കൂ.. ഫ്രീസറിൽ ഇറച്ചി വെച്ചിട്ടുണ്ട് എന്ന് ആക്രോശിച്ച് അഖ്‌ലാഖിനെ അടിച്ചു കൊന്ന ആൾക്കൂട്ടവും താലിബാന്റെ ഇന്ത്യൻ വേർഷനാണ്. ബാബരി മസ്ജിദ് പൊളിച്ചു മാറ്റിയ ഭീകരരും ബാമിയാനിലെ പ്രതിമകൾ തകർത്ത ഭീകരരും സംസാരിക്കുന്നത് ഒരേ വൈകാരികതയാണ്. അത്തരം വൈകാരികതകളെ വളരാൻ അനുവദിക്കരുത്, അവയ്ക്ക് വെള്ളവും വളവും നൽകരുത്. നൽകിയാൽ അത് ആ രാജ്യത്തെ ജനതയുടെ സ്വസ്ഥതയും ജീവശ്വാസവും ഇല്ലാതാക്കിയിട്ടേ അവസാനിക്കൂ.

അഫ്‌ഗാനിസ്ഥാനിൽ നിന്ന് പഠിക്കേണ്ട ആദ്യ പാഠം അതാണ്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: BASHEER VALLIKKUNNU, BUDDHAS OF BAMIYAN, BABRI MASJID, TALIBAN, AFGHANISTAN, RSS, BJP, DANISH SIDDIQUI
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.