SignIn
Kerala Kaumudi Online
Thursday, 19 February 2026 4.24 AM IST

വിദ്വേഷത്തിന്റെ 'കുരുതി'ക്കളം, മൂവി റിവ്യൂ

Increase Font Size Decrease Font Size Print Page

kuruthi-movie

ത്രില്ലർ സിനിമകളുടെ കുത്തൊഴുക്കാണ് മലയാള സിനിമയിൽ എന്ന് തോന്നിപ്പോകും വിധമാണ് അടുത്ത കാലത്തായുള്ള റിലീസുകൾ. അനീഷ് പള്ളിയാലിന്റെ കഥയും തിരക്കഥയും മനു വാര്യർ സംവിധാനം ചെയ്ത കുരുതി ഒരു ത്രില്ലറിനപ്പുറം സഞ്ചരിക്കുന്നുണ്ട്. കാലിക പ്രസക്തമായ ചിത്രത്തിൽ സമൂഹത്തിനെ വർഗീയ മാനങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്നു.

കേരള പ്രളയക്കെടുതിയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ഇബ്രാഹിമിന് ഭാര്യയും മകളും നഷ്ടപ്പെടുന്നു. അദ്ദേഹത്തിന്റെ ഹിന്ദു അയൽവാസികളായ സുമയ്ക്കും അവളുടെ സഹോദരനും കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടു. മാമുക്കോയ അവതരിപ്പിച്ച പ്രായമായ അച്ഛനും, ഇളയ സഹോദരനും താമസിക്കുന്ന ഇബ്രാഹിമിന്റെ വീട്ടിൽ വീട്ടുജോലികളിൽ സഹായിക്കുന്ന സുമ, ഇബ്രാഹിമിനെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നു. മതമാണ് അതിന് തടസമെങ്കിൽ മതം മാറാൻ തയ്യാറാണെന്നും പക്ഷെ വീടിനുള്ളിൽ നിശബ്ദമായി തന്റെ വിശ്വാസം തുടരുമെന്നും അവൾ പറയുന്നു.

kuruthi-movie

അങ്ങനെയിരിക്കെ ഒരു രാത്രിയിൽ, പരിക്കേറ്റ എസ്ഐ സത്യൻ എന്ന പൊലീസുകാരൻ, തടവുകാരനായ വിഷ്ണുവിനൊപ്പം ഇബ്രാഹിമിന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറുന്നു. അവിടന്നങ്ങോട്ട് സ്വയം രക്ഷിക്കാൻ നിങ്ങൾ എത്രത്തോളം പോകും എന്ന ചോദ്യം പ്രസക്തമാകുന്നു.

നമ്മുടെ പ്രത്യയശാസ്ത്രങ്ങളോടും കാഴ്ചപ്പാടുകളോടും മതത്തോടും ബന്ധപ്പെട്ട് നമ്മുടെ കുട്ടിക്കാലത്ത് നമ്മിൽ ഓരോരുത്തരിലും വിതക്കപ്പെട്ട വിദ്വേഷത്തിന്റെ വിത്തുകൾ കണ്ടെത്തുന്ന ഒരു സ്വയം-പ്രതിഫലന യാത്രയിലാണ് കുരുതി നമ്മെ കൊണ്ടുപോകുന്നത്. സിനിമയിൽ ആകാംക്ഷ നിറച്ച് കൊണ്ട് പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രം ഉൾപ്പെടെ മറ്റു ചിലർ കൂടിയെത്തുന്നു.ആ വീടിനുള്ളിൽ കുടുങ്ങിയിരിക്കുന്ന

10 കഥാപാത്രങ്ങളിൽ ഓരോന്നിനും ഓരോ പ്രതിസന്ധികൾ നേരിടുമ്പോൾ, ഓരോരുത്തരുടെയും അടിസ്ഥാന സ്വഭാവം അവരെ നയിക്കുന്നു, ഇത് സിനിമയിൽ ഉദ്വേഗം ജനിപ്പിക്കുന്നു. അതേസമയം അവരവർക്ക് ശരിയെന്ന് തോന്നുന്ന പാത കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുമ്പോൾ വ്യക്തമായ ഒരു പക്ഷം പിടിക്കാനാകാത്ത അവസ്ഥയിലാകും പ്രേക്ഷകരും.

kuruthi-movie

‌ഡാർക്ക് മൂഡിൽ സെറ്റ് ചെയ്തിരിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജ്, റോഷൻ മാത്യു, മുരളി ഗോപി, മാമുക്കോയ, സ്രിന്ദ തുടങ്ങിയവർ മികച്ചു നിന്നു. നസ്ലിൻ, ഷൈൻ ടോം ചാക്കോ, മണികണ്ഠൻ ആചാരി തുടങ്ങിയവരുടെ പ്രകടനങ്ങളും ശ്രദ്ധേയമാണ്. ഇതിൽ മാമുക്കോയുടെ പ്രകടനം എടുത്തുപറയേണ്ടതാണ്.

ഈ സിനിമയിലൂടെ അരങ്ങേറ്റം കുറിക്കുന്ന സംവിധായകൻ മനു വാര്യർക്ക് കഥാഗതി എപ്പോൾ വേഗത്തിലാക്കണമെന്നും മന്ദഗതിയിലാക്കണമെന്നും കൃത്യമായ ധാരണയുണ്ട്. തിരക്കഥയൊരുക്കിയ അനീഷ് പള്ളിയാലും പക്ഷം പിടിക്കാതെയുള്ള കഥപറച്ചിലാണ് ഒരുക്കിയിട്ടുള്ളത്. ഛായാഗ്രാഹകൻ അഭിനന്ദൻ രാമാനുജവും എഡിറ്റർ അഖിലേഷ് മോഹനും ചിത്രത്തിന് അനുയോജ്യമായ ഫ്രെയിമുകൾ സൃഷ്ടിക്കുന്നതിൽ മികച്ച് നിന്നു. ആദ്യാവസാനമുള്ള, ലൈറ്റുകളുടെ ഉപയോഗം ചിത്രത്തിന്റെ മൂഡ് നിയന്തിക്കുന്നുണ്ട്.

kuruthi-movie

ജേക്സ് ബിജോയ് രചിച്ച കുരുതിയുടെ സംഗീതം ദൃശ്യങ്ങൾക്ക് ജീവൻ പകരുന്നു.


ആത്യന്തികമായി സമൂഹത്തിലുള്ള രക്തദാഹത്തെ കുറിച്ച് പറയുന്ന സിനിമ എന്തിന്റെ പേരിലായിലും തമ്മിലുള്ള പോര് നാശത്തിൽ മാത്രമേ കലാശിക്കൂ എന്ന ശക്തമായ സന്ദേശമാണ് നൽകുന്നത്.

TAGS: KURUTHI, KURUTHI MOVIE REVIEW
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY