''ന്റുപ്പുപ്പാക്കൊരാനേണ്ടാർന്നു!"" എന്ന ഭാവത്തോടെ യാതൊരു യുക്തിബോധവുമില്ലാതെ, വർത്തമാനകാലത്തെ യാഥാർത്ഥ്യം ഉൾക്കൊള്ളാതെ ജീവിക്കുകയും പരിഹാസപാത്രമായിത്തീരുകയും ചെയ്യുന്ന അനേകം പേരെ നമുക്കുചുറ്റും കാണാം. ഞാൻ എന്തോ സംഭവമാണെന്ന് സ്വയം കരുതി വിഡ്ഢിവേഷം കെട്ടുന്നവരൊക്കെ ഈ കഥയൊന്നു കേൾക്കണം.
അതിശക്തനായ ഭരണാധികാരിയായിരുന്ന രാജാവിന്റെ മരണത്തിനുശേഷം പുത്രനായ യുവരാജാവ് രാജ്യത്തിന്റെ ഭരണം ഏറ്റെടുത്തു. അധികാരമേറ്റ് ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ രാജ്യത്ത് അതിശക്തമായ വരൾച്ച ഉണ്ടാവുകയും മൃഗങ്ങളും പക്ഷികളും സസ്യങ്ങളും ഉൾപ്പെടെയുള്ള ജീവജാലങ്ങൾ മിക്കതും ക്ഷാമത്തിൽപ്പെട്ട് നശിച്ചുപോവുകയും അനേകം മനുഷ്യർ മരിക്കുകയും ചെയ്തു. ഇതോടൊപ്പം മാരകമായ ഒരുപകർച്ചവ്യാധി പടർന്നുപിടിക്കുക കൂടി ചെയ്തപ്പോൾ രാജ്യം കൊടിയ വിപത്തിൽ പെട്ടു.
ഭരണപരിചയമൊന്നുമില്ലാതെ പിതാവിന്റെ അധികാരത്തണലിൽ എല്ലാ ആഢംബരങ്ങളും ആസ്വദിച്ചു ജീവിക്കുക മാത്രം ചെയ്ത യുവരാജാവിന് ഈ പ്രതികൂലാവസ്ഥയെ നേരിടാൻ കഴിഞ്ഞില്ല. ഈ അവസരം മുതലെടുത്ത് അയൽരാജ്യത്തെ രാജാവ് രാജ്യം അക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്തു. അധികാരഭ്രഷ്ടനായ യുവരാജൻ എങ്ങനെയോ മറ്റൊരു അയൽ രാജ്യത്തേക്ക് ഒളിച്ചുകടന്നു. അദ്ദേഹത്തിന്റെ ബാല്യകാലസുഹൃത്തായിരുന്നു അവിടുത്തെ രാജാവ്. തന്റെ സതീർത്ഥ്യന് അദ്ദേഹം അഭയം കൊടുത്തെങ്കിലും അയൽനാട്ടിലെ രാജാവാണെന്ന പരിഗണനയൊന്നും കൊടുത്തില്ല. ഒരുദിവസം രാജാവിനെ മുഖം കാണിച്ച് തന്റെ ദയനീയാവസ്ഥ അദ്ദേഹത്തോട് പറഞ്ഞു.
എല്ലാം ക്ഷമയോടെ കേട്ടിരുന്ന രാജാവ് തന്റെ ഭൃത്യരെ വിളിച്ച് ഇദ്ദേഹത്തിന് 100 ആടുകളെ കൊടുക്കാൻ പറഞ്ഞു. യുവരാജന് ഇത് കേട്ടപ്പോൾ ദേഷ്യവും സങ്കടവുമൊക്കെ തോന്നി. ലോകം കിടുകിടെ വിറപ്പിച്ച ഒരു രാജരാജന്റെ മകന് വേണ്ടത്ര ആചാര ഉപചാരങ്ങൾ നൽകിയില്ലെന്നു മാത്രമല്ല, കേവലം നൂറ് ആടുകളെ മാത്രം തന്ന് അപമാനിക്കുകയും ചെയ്തിരിക്കുന്നു. യുവരാജാവ്, മനസില്ലാ മനസോടെ ആ ആടുകളെ ആട്ടിത്തെളിച്ചുകൊണ്ട് വനത്തിലേക്ക് പോയി.
കുറേ ദിവസം കഴിഞ്ഞപ്പോൾ തന്റെ ആട്ടിൻപ്പറ്റത്തെ നയിച്ചുകൊണ്ടുപോയ അയാൾ ഒന്നു മയങ്ങിപ്പോയി. എവിടെ നിന്നോ വന്ന ചെന്നായ്ക്കൂട്ടം ആ ആടുക്കള അക്രമിച്ച് അവയെ കൊന്നുതിന്നു. ഇതുകണ്ട് ഭയന്ന യുവരാജാവ് ആടുകളെ ഉപേക്ഷിച്ച് ജീവനും കൊണ്ടോടി.
വിഷണ്ണനായി രാജാവിന്റെ അടുത്തുവന്ന് സംഭവം വിവരിച്ച അയാൾക്ക് ഇത്തവണ 50 ആടുകളെയാണ് കൊടുത്തത്. പക്ഷേ ദുരന്തം വീണ്ടും ആവർത്തിച്ചു. രണ്ടു ദിവസത്തിനുള്ളിൽ ആ 50 ആടുകളെയും ചെന്നായക്കൂട്ടം അപഹരിച്ചു.
ലജ്ജയോടെ രാജാവിനോട് ഇക്കാര്യം പറഞ്ഞ അയാൾക്ക് രാജാവ് ഇപ്രാവശ്യം 25 ആടുകളെ മാത്രമേ കൊടുത്തുള്ളൂ. മൂന്നാമത്തെ തവണ രാജാവ് നൽകിയ സന്ദേശം അയാൾക്ക് വ്യക്തമായി. ഇനി ഈ ആടുകളെ രക്ഷിച്ചില്ലെങ്കിൽ താൻ ഒന്നിനും കഴിവില്ലാത്തയാൾ ആണെന്നു രാജാവിന് ബോദ്ധ്യപ്പെടുകയും രാജ്യത്തുനിന്നുതന്നെ പുറത്താക്കുകയും ചെയ്യും. അതുകൊണ്ട് അയാൾ ആടുകളെ രക്ഷിക്കാനുള്ള വഴികൾ ആരാഞ്ഞു. അലസതയും പാരമ്പര്യ ഡംഭും വിട്ട് അദ്ധ്വാനിക്കാൻ തുടങ്ങി. അങ്ങനെ അത്തവണ അദ്ദേഹത്തിന് ആട്ടിൻപറ്റത്തെ രക്ഷിക്കാൻ കഴിഞ്ഞു. പിന്നീട് തന്റെ തൊഴിലിൽ അദ്ദേഹം ശ്രദ്ധിച്ചു.
കുറേ മാസങ്ങൾ കഴിഞ്ഞപ്പോൾ അയാളുടെ ആട്ടിൻപറ്റം ആയിരം ആടുകളുടെ കൂട്ടമായി വളർന്നു. സുഹൃത്തായ രാജാവിനോട് താൻ കൈവരിച്ച നേട്ടം അറിയിക്കാനായി ആ ആട്ടിടയൻ പോയി. രാജാവ് എല്ലാം ക്ഷമയോടെ കേട്ടിരുന്ന ശേഷം മന്ത്രിമാരെ വിളിച്ച്, ഒരു വലിയ പ്രദേശത്തിന്റെ ഭരണാധികാരിയായി ഈ ആട്ടിടയനെ നിയമിക്കാൻ ഉത്തരവ് നൽകി. ഇതുകേട്ട് അത്ഭുതസ്തബ്ധനായി ആ യുവരാജാവ് ചോദിച്ചു:
''ഞാൻ ആദ്യമായി അങ്ങയെ വന്നു കണ്ടപ്പോൾ എന്തുകൊണ്ടാണ് എനിക്ക് ഈ ഭരണാധികാരം തരാത്തത്?""
രാജാവ് പറഞ്ഞു:
''ആദ്യമായി നിങ്ങൾ എന്നെവന്നുകണ്ടപ്പോൾ ഒന്നുമില്ലാത്തവനായിരുന്നെങ്കിലും ജന്മസിദ്ധമായി കിട്ടിയ അധികാരം ഇപ്പോഴും ഉണ്ടെന്ന ഭാവമായിരുന്നു. ഒരു നേതാവിന്റെ യാതൊരു ഗുണങ്ങളുമില്ലാത്ത, സ്വർണകരണ്ടിയുമായി ജനിച്ചതിന്റെ ഫലമായ അലസതയും അകർമ്മണ്യതയും മാത്രമായിരുന്നു താങ്കളുടെ കൈമുതൽ. ഒന്നുംതന്നെ താങ്കൾ അദ്ധ്വാനിച്ചു നേടിയിട്ടില്ല. അദ്ധ്വാനത്തിലൂടെയും അനുഭവജ്ഞാനത്തിലൂടെയും നേടുന്ന അറിവുള്ളയാൾ മാത്രമേ നല്ലൊരു നേതാവും ഭരണാധികാരിയുമാവൂ. അതിനുള്ള പരിശീലനമായിരുന്നു ആട്ടിടയൻ എന്ന ജോലിയിലൂടെ താങ്കൾ ആർജ്ജിച്ചത്. ഒരു ചെറിയ ആട്ടിൻപറ്റത്തെ നയിക്കാനും രക്ഷിക്കാനും സാധിക്കാത്ത ഒരാൾ എങ്ങനെയാണ് ജനങ്ങളെ രക്ഷിക്കുകയും രാജ്യം ഭരിക്കുകയും ചെയ്യുക? ഇപ്പോൾ താങ്കൾ അതിനുയോഗ്യത നേടിക്കഴിഞ്ഞു. അതാണ് രാജ്യത്തിന്റെ ഒരുഭാഗം തന്നത്. യുവരാജാവിന് ഒരുപുതിയ പ്രകാശം കിട്ടി. - ഗുണപാഠം വ്യക്തം!
o
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |