SignIn
Kerala Kaumudi Online
Wednesday, 06 July 2022 10.27 AM IST

നിപ്പ ആശങ്കപ്പെടേണ്ടതില്ല

nipa-virus

കേരളം വീണ്ടും നിപ ബാധയുടെ ഭീതിയിലാണ്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് സാമൂഹിക മാദ്ധ്യമങ്ങളിലൂടെ വരുന്ന തെറ്റിദ്ധാരണാജനകമായ വാർത്തകൾ പൊതുജനങ്ങൾ തള്ളിക്കളയണം. നിപ ബാധയുമായി ബന്ധപ്പെട്ട് സമ്പൂർണ രോഗനിയന്ത്രണം സാദ്ധ്യമാക്കിയ വിജയഗാഥ നമുക്കുണ്ട്. കഴിഞ്ഞവർഷം കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിലാണ് കേരളത്തിൽ രോഗബാധ ആദ്യം റിപ്പോർട്ട് ചെയ്തത്. ആരോഗ്യവകുപ്പിന്റെ സത്വര നടപടിക്രമങ്ങൾ സുസ്ഥിര രോഗനിയന്ത്രണത്തിന് ഇടവരുത്തിയിട്ടുണ്ട്. ഈ സുസ്ഥിര മാതൃക ലോകാരോഗ്യ സംഘടനയടക്കം പരക്കെ അംഗീകരിച്ചിട്ടുള്ളതാണ്.
ഒരു കാര്യം വ്യക്തമാണ്. രോഗസാദ്ധ്യത ഏറെയുള്ളത് മെയ്, ജൂൺ മാസങ്ങളിലാണ്. ഈ കാലയളവിലാണ് പഴവർഗങ്ങൾ കൂടുതലായും ലഭ്യമാകുന്നത്. വവ്വാവുകൾ കൂടുതലായെത്തുന്നതും ഈ സീസണിലാണ്. എല്ലാ വവ്വാലുകളും രോഗവാഹികളല്ല. പഴവർഗങ്ങൾ കഴിക്കുന്ന ടെറോപിഡ് വവ്വാലുകളാണ് രോഗത്തിന് കാരണമാകുന്ന ആർ.എൻ.എ. ഇനത്തിൽപ്പെട്ട ഹെനിപ്പ വൈറസുകളെ (പാരാമിക്‌സോ കുടുംബത്തിൽപ്പെട്ട) പരത്തുന്നത്. ഏറെ പ്രധാനപ്പെട്ട ജന്തുജന്യരോഗമാണിത്. രോഗം ബാധിച്ച മനുഷ്യരിൽ നിന്നും മറ്റുള്ളവരിലേക്കും , മൃഗങ്ങളിൽ നിന്നും രോഗം പകരാം. വവ്വാലുകളിലൂടെയും പന്നികളിലൂടെയും രോഗം മനുഷ്യരിലെത്താം. എന്നാൽ മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് ഇന്ത്യയിൽ രോഗം റിപ്പോർട്ട് ചെയ്തിട്ടില്ല.
വൈറസ് ബാധയുണ്ടായാൽ രോഗലക്ഷണങ്ങൾക്ക് 4 -14 ദിവസങ്ങളെടുക്കും. രോഗം ബാധിച്ച വ്യക്തിയുമായുള്ള സമ്പർക്കം മറ്റുള്ളവരിലും രോഗബാധയുണ്ടാക്കും. വവ്വാലുകളും പന്നികളും മറ്റു മൃഗങ്ങളും നിശബ്ദ രോഗവാഹികളായി വർത്തിയ്ക്കും. വൈറസ് ബാധയുള്ള വവ്വാലുകളിൽ നിന്നോ പന്നികളിൽ നിന്നോ രോഗബാധയ്ക്ക് സാദ്ധ്യതയുണ്ട്. വവ്വാലുകളുടെ സ്രവങ്ങൾ, കാഷ്ഠം എന്നിവ കലർന്ന പാനീയങ്ങൾ, വവ്വാലുകൾ കടിച്ച പഴവർഗങ്ങൾ എന്നിവ കഴിയ്ക്കുന്നത് രോഗബാധയ്ക്ക് ഇടയാക്കും. വായുവിലൂടെ രോഗം പകരാറില്ല.
തൊണ്ടയിൽ നിന്നും, മൂക്കിൽ നിന്നുമുള്ള സ്രവങ്ങൾ, രക്തം, മൂത്രം, സെറിബ്രോ സ്‌പൈനൽ ഫ്‌ളൂയിഡ് എന്നിവ സീറോളജിക്കൽ ടെസ്റ്റായ RTPCR വഴി രോഗകാരികളായ വൈറസുകളെ കണ്ടെത്താൻ സഹായിക്കുന്നു. രോഗബാധ സ്ഥിരീകരിച്ചാൽ രോഗിയുമായി സമ്പർക്കം പാടില്ല. പൂർണശുചിത്വം പാലിക്കണം. രോഗിയെ പരിചരിക്കുന്നവർ മുഖംമൂടി, കൈയുറ എന്നിവ ധരിക്കണം. കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകണം. രോഗി ധരിച്ച വസ്ത്രങ്ങൾ തിളച്ച വെള്ളത്തിൽ മുക്കി പ്രത്യേകം കഴുകണം. രോഗലക്ഷണമുള്ളവരെ മാറ്റി ഐസൊലേഷൻ വാർഡിൽ പാർപ്പിച്ച് ചികിത്സിപ്പിക്കണം. രോഗലക്ഷണങ്ങൾ ആരോഗ്യവകുപ്പ് അധികൃതരെ ഉടൻ അറിയിക്കണം.

ശക്തിയായ പനി, തലവേദന, ഓക്കാനം, ശരീരവേദന, ക്ഷീണം, ബോധക്ഷയം തുടങ്ങിയവ പൊതുവായ രോഗലക്ഷണങ്ങളാണ്. രോഗം ബാധിച്ചവരിൽ മരണനിരക്ക് 40-75 ശതമാനമാണ്. രോഗനിയന്ത്രണത്തിനായി ആന്റിവൈറൽ മരുന്നുകൾ നൽകാം. രോഗനിയന്ത്രണത്തിനായി വ്യക്തിശുചിത്വത്തിൽ മുൻഗണന നൽകണം. രോഗബാധയുണ്ടെന്ന് സംശയമുള്ളവരെ പരിചരിച്ചവർ മുൻകരുതലുകളെടുക്കണം.
കന്നുകാലികൾ, പന്നികൾ എന്നിവയെ വളർത്തുന്ന കർഷകർ തൊഴുത്തിലും കൂടുകളിലും അണുനാശിനികൾ തളിക്കണം. തൊഴുത്തും, പന്നിക്കൂടുകളും കഴുകാൻ ബ്ലീച്ചിംഗ് പൗഡർ, കുമ്മായം എന്നിവ ഉപയോഗിക്കാം. തൊഴുത്തിലും, കന്നുകാലി വളർത്തൽ കേന്ദ്രത്തിലും കയറുന്നതിനു മുമ്പ് കാലുകൾ അണുനാശക ലായനിയിൽ മുക്കുന്നത് നല്ലതാണ്. വവ്വാലുകൾ കഴിച്ചെന്നു കരുതുന്ന പഴവർഗങ്ങൾ മൃഗങ്ങൾക്ക് നൽകരുത്. ശുദ്ധമായവെള്ളം മാത്രമേ കുടിയ്ക്കാൻ നൽകാവൂ. വെള്ളപ്പാത്രങ്ങളും നന്നായി കഴുകി അടച്ച് സൂക്ഷിക്കണം. രോഗലക്ഷണങ്ങൾ സംശയിക്കുന്നുവെങ്കിൽ മൃഗാശുപത്രിയുമായി ബന്ധപ്പെട്ട് ചികിത്സിപ്പിക്കണം. പാൽ നന്നായി തിളപ്പിച്ച് ഉപയോഗിക്കണം. ഇറച്ചി നന്നായി വേവിക്കണം.
രോഗബാധ സംശയിക്കുന്ന പ്രദേശങ്ങളിലെ കന്നുകാലികളുടെയും, മനുഷ്യരുടേയും രക്തം സീറോളജിക്കൽ ടെസ്റ്റിന് വിധേയമാക്കുന്നത് നല്ലതാണ്. ആരോഗ്യവകുപ്പിന്റെയും, മൃഗസംരക്ഷണ വകുപ്പിന്റെയും നിർദ്ദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കണം. മഴക്കാലത്തുണ്ടാകുന്ന ജലദോഷപ്പനിയെ തെറ്റിദ്ധരിച്ച് നിപയെന്ന് വിലയിരുത്തരുത്. ഭീതിപ്പെടേണ്ട കാര്യവുമില്ല.

(ലേഖകൻ വെറ്ററിനറി സർവകലാശാല മുൻ ഡയറക്ടറാണ്)

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NIPAH VIRUS
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.