തിരുവനന്തപുരം: ഭൂനികുതി മൊബൈൽ ആപ്പ് വഴി ഓൺലൈനായി ഒടുക്കുന്നതടക്കം റവന്യൂ വകുപ്പിൽ നിന്നുള്ള ഡിജിറ്റൽ സേവനങ്ങളുടെ പ്രവർത്തനം മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ഉദ്ഘാടനം ചെയ്യും.
ഭൂനികുതി അടയ്‌ക്കുന്നതിനുള്ള മൊബൈൽ ആപ്ലിക്കേഷൻ, തണ്ടപ്പേർ അക്കൗണ്ട്, അടിസ്ഥാന ഭൂനികുതി രജിസ്റ്റർ എന്നിവയുടെ ഡിജിറ്റൈസേഷൻ പൂർത്തീകരണം, എഫ്.എം.ബി. സ്‌കെച്ച്, തണ്ടപ്പേർ അക്കൗണ്ട്, ലൊക്കേഷൻ സ്‌കെച്ച് എന്നിവ ഓൺലൈനായി നൽകുന്നതിനുള്ള മൊഡ്യൂൾ, ഭൂമി തരംമാറ്റം അപേക്ഷ സ്വീകരിക്കുന്നതിനുള്ള ഓൺലൈൻ മൊഡ്യൂൾ എന്നിവയാണ് തുടങ്ങുന്നത്. നവീകരിച്ച ഇ-പേയ്‌മെന്റ് പോർട്ടൽ, 1666 വില്ലേജുകൾക്കു പ്രത്യേക ഔദ്യോഗിക വെബ്‌സൈറ്റുകൾ, സോഷ്യൽ സെക്യൂരിറ്റി പെൻഷൻ മൊഡ്യൂൾ എന്നിവയും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.