SignIn
Kerala Kaumudi Online
Saturday, 25 April 2026 10.34 AM IST

നൂറിന്റെ നിറവിലും മീനാക്ഷി ടീച്ചർ ഹിന്ദിയുടെ നിറവിൽ

Increase Font Size Decrease Font Size Print Page
meenakshi-teacher

കൊല്ലം:നൂറാം വയസിലും മീനാക്ഷി ടീച്ചർ കുട്ടിക്കൂട്ടങ്ങളെ ഹിന്ദി പാഠങ്ങൾ എഴുതിയും ചൊല്ലിയും പഠിപ്പിക്കുമ്പോൾ ആരും ചോദിച്ചു പോകും ടീച്ചർക്ക് നൂറു വയസുണ്ടെന്നത് ശരിയാണോ? ഇന്ത്യ സ്വാതന്ത്ര്യ ലഹരിയിലായിരുന്ന 1947 ആഗസ്റ്റിൽ 26 വയസിലാണ് മീനാക്ഷി ടീച്ചർ ഹിന്ദി അദ്ധ്യാപികയായത്. രാജ്യം 75ാം സ്വാതന്ത്ര്യദിനം ആഘോഷിച്ച കഴിഞ്ഞ മാസം ടീച്ചർക്ക് നൂറ് വയസ് തികഞ്ഞു. ചിങ്ങത്തിലെ തിരുവോണമാണ് ജന്മനാൾ. ഈ പ്രായത്തിലും ഗുരുനാഥ തന്നെ.

മങ്ങാട് ഐശ്വര്യനഗർ-33 ബിനു ഭവനിലാണ് ടീച്ചർ താമസിക്കുന്നത്. അയൽവീട്ടിലെ കുട്ടികൾ ടീച്ചറുടെ വീട്ടിലെത്തും ഹിന്ദി പഠിക്കാൻ. ടീച്ചർ അവരെ രസിപ്പിച്ച് പഠിപ്പിക്കും. മലയാളം, ഹിന്ദി, ഇംഗ്ലീഷ് കവിതകളും ചൊല്ലിക്കൊടുക്കും.

ഇന്റർമീഡിയറ്റും അദ്ധ്യാപക പരിശീലനവുമൊക്ക പൂർത്തിയാക്കിയാണ് അദ്ധ്യാപികയായത്.1978ൽ കരിക്കോട് ശിവറാം ഹൈസ്‌കൂളിൽ നിന്നാണ് വിരമിച്ചത്. എണ്ണമറ്റ ശിഷ്യഗണങ്ങളെപ്പറ്റി അഭിമാനത്തോടെയും വാത്സല്യത്തോടെയുമാണ് ടീച്ചർ പറയുന്നത്. ശിഷ്യരിൽ പലരും നൂറാം പിറന്നാളിന് എത്തിയിരുന്നു. ചിലർ ഇടയ്ക്കിടെ വരും. അവർ 'പോയിട്ട് വരാം' എന്ന് പറയുന്നത് ടീച്ചർക്ക് ഇഷ്ടമല്ല ! എപ്പോഴും ആരോടെങ്കിലുമൊക്കെ സംസാരിച്ചിരിക്കണം. ഏഴെട്ടു പതിറ്റാണ്ടു പഴക്കമുള്ള കാര്യങ്ങൾ പോലും ഓർത്ത് പറയും.

 ടീച്ചറുടെ ദിനചര്യ

എരിവും പുളിയും മധുരവുമൊന്നും മാറ്റിവയ്‌ക്കില്ല. പ്രഭാതക‌ർമ്മങ്ങൾക്കും ഭക്ഷണത്തിനും ശേഷം 9 മുതൽ 12 വരെ കേരളകൗമുദി ഉൾപ്പെടെയുള്ള പത്രങ്ങൾ വായിക്കും. ഉച്ചഭക്ഷണത്തിന് ശേഷം 2 മുതൽ 6 വരെ വീണ്ടും പത്രവായനയും ടി.വി കാണലും. സിനിമയും സീരിയലും താത്പര്യമില്ല. വാർത്താ ചാനലുകളാണ് പ്രിയം.

മുഖത്തലയിലെ കശുഅണ്ടി ഫാക്ടറി മാനേജരായിരുന്ന പരേതനായ ലക്ഷ്മണനാണ് ഭർത്താവ്. ഇളയ മകന് ആറ് മാസം പ്രായമുള്ളപ്പോഴായിരുന്നു ഭർത്താവിന്റെ മരണം. പറക്കമുറ്റാത്ത കുഞ്ഞുങ്ങളുമായി ജീവിതത്തോട് പൊരുതിയ അനുഭവമുണ്ട്.

മക്കൾ: ബിനു (സ്വകാര്യ കമ്പനി മാനേജർ, തമിഴ്‌നാട്), സലീല (ഗൃഹഭരണം), ബൈജു (ബിസിനസ്). മരുമക്കൾ: സുമ, രാജഗോപാൽ, ഷീല.

TAGS: TEACHER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.