SignIn
Kerala Kaumudi Online
Wednesday, 09 July 2025 11.01 AM IST

മുംബയിലും ജമ്മുവിലും വീട്,​ കൊള്ളക്കാരൻ അഗ്സർ ചില്ലറക്കാരനല്ല!!

Increase Font Size Decrease Font Size Print Page
agsar

തിരുവനന്തപുരം: നിസാമുദീൻ–തിരുവനന്തപുരം സ്വർണ ജയന്തി എക്‌സ്പ്രസിൽ അമ്മയും മകളുമുൾപ്പെടെ മൂന്ന് സ്ത്രീകളെ മയക്കിക്കിടത്തി സ്വർണവും പണവും മോഷ്‌ടിച്ച അഗ്സർ ബഗ്ഷ ചില്ലറക്കാരനല്ല. പോക്കറ്റടിയും മൊബൈൽ ഫോൺ- ലഗേജ് മോഷണങ്ങളുമായി ബന്ധപ്പെട്ട് ട്രെയിനിൽ നിന്ന് നിരവധി പേർ നിത്യേന പൊലീസ് പിടിയിലാകാറുണ്ടെങ്കിലും അവരിൽ നിന്നൊക്കെ വ്യത്യസ്‌തനാണ് കുപ്രസിദ്ധ കവർച്ചക്കാരനായ അഗ്സർ.

ട്രെയിനിൽ മാത്രം കവർച്ച നടത്തി ശീലിച്ച അഗ്സർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നടത്തിയ കവർച്ചയിലൂടെ സമ്പാദിച്ചത് ലക്ഷങ്ങളാണ്. ഗുജറാത്തിലെ ബറോഡയിലാണ് അഗ്സറിന്റെ സ്വദേശമെങ്കിലും മുംബയിലും ജമ്മുവിലും ഇയാൾക്ക് വീടുകൾ സ്വന്തമായുണ്ടെന്നാണ് റെയിൽവേ പൊലീസിന്റെ കണ്ടെത്തൽ. കഴിഞ്ഞ ദിവസത്തെ മോഷണത്തിനുശേഷം സ്ഥിരം താവളമായ മുംബയിലേക്കോ പൂനെയിലേക്കോ ഇയാൾ കടന്നിരിക്കാമെന്ന് സംശയിക്കുന്നു. സേലം മേഖലയിൽ വച്ചാണ് മോഷണം നടന്നത് എന്നതിനാൽ കേസിന്റെ അന്വേഷണം തമിഴ്നാട് ആർ.പി.എഫ് ഏറ്റെടുത്തു. അഗ്സർ ബഗ്ഷയുടെ ചിത്രമുൾപ്പെടെയുള്ള ലുക്ക്‌ഔട്ട് നോട്ടീസ് രാജ്യത്തെ എല്ലാ റെയിൽവേ സ്റ്റേഷനുകളിലും പതിപ്പിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും റെയിൽവേ ഉദ്യോഗസ്ഥരുടെ വാട്സാപ് ഗ്രൂപ്പുകളിൽ സന്ദേശം എത്തിച്ചുവെന്നും ആർ.പി.എഫ് അറിയിച്ചു.

#അഗ്സർ യാത്രക്കാരുടെ

പേടി സ്വപ്‌നം

യാത്രക്കാരെ കായികമായി ഉപദ്രവിക്കാനോ പരിക്കേൽപ്പിക്കാനോ മുതിരാതെ കവർച്ചയ്‌ക്ക് ഇരയാക്കി ആർക്കും പിടികൊടുക്കാതെ മുങ്ങുന്ന തന്ത്രശാലിയായ മോഷ്‌ടാവാണ് അഗ്സർ. രാജ്യത്ത് റെയിൽവേ പൊലീസിന്റെ പട്ടികയിലെ നമ്പർ വൺ കവർച്ചക്കാരൻ.

#കേരളത്തിൽ ആദ്യം

ഇരകളിൽ മലയാളികളും

കേരളത്തിന്റെ പരിധിയിൽ ആദ്യമായാണ് മോഷണവുമായി ബന്ധപ്പെട്ട് അഗ്സർ ബഗ്ഷയെന്ന റെയിൽവേ കൊള്ളസംഘത്തലവന്റെ പേര് ചർച്ചയാകുന്നത്. കേരളമൊഴികെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി ഡസൻ കണക്കിന് മോഷണക്കേസുകളിൽ പ്രതിയായ അഗ്സർ റെയിൽവേ പൊലീസിന്റെ നോട്ടപ്പുള്ളിയാണ്. പല തവണ അറസ്റ്റിലായിട്ടുമുണ്ട്. ട്രെയിനിൽ മാത്രമേ മോഷ്‌ടിക്കാറുള്ളൂവെന്നതിനാൽ ഒരിടത്തു പിടിക്കപ്പെട്ടാൽ ആ മേഖലയിൽ പിന്നീട് ട്രെയിൻ യാത്ര ഒഴിവാക്കും. ഒറ്റയ്‌ക്ക് മോഷണം നടത്തുന്ന രീതിയാണ് അഗ്സർ ബഗ്ഷയുടേത്. കേരളത്തിൽ ഇതുവരെ മോഷണത്തിനു പിടിയിലായിട്ടില്ലെങ്കിലും മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്കു വരുന്ന മലയാളികൾ ഇയാളുടെ പ്രധാന ഇരയാണ്. ഉത്തർപ്രദേശിൽ സ്ഥിര താമസമാക്കിയ തിരുവല്ല കുറ്റൂർ മുണ്ടൂർവേലിൽ വിജയലക്ഷ്‌മി, മകൾ കോളജ് വിദ്യാർത്ഥിനിയായ അഞ്ജലി എന്നിവരുടെ പക്കൽ നിന്നു 17 പവന്റെ സ്വർണാഭരണങ്ങളും ആകെ 31,000 രൂപ വില വരുന്ന രണ്ട് മൊബൈൽ ഫോണുകളുമാണ് കഴിഞ്ഞ ദിവസം കവർന്നത്. മറ്റൊരു കോച്ചിൽ സഞ്ചരിച്ച കോയമ്പത്തൂരിൽ താമസിക്കുന്ന കൗസല്യയുടെ 14,000 രൂപ വിലയുള്ള ഫോണും നഷ്‌ടമായിരുന്നു.

#യാത്രക്കാരുടെ ജാഗ്രതയെ

വെല്ലാൻ പുതുതന്ത്രം

ദീർഘദൂര യാത്രക്കാരനെന്ന വ്യാജേന ട്രെയിനിൽ കയറിപ്പറ്റി സഹയാത്രികരുടെ വിശ്വാസം പിടിച്ചു പറ്റി വെള്ളവും ഫ്രൂട്ടിയും ചായയുമൊക്കെ വാങ്ങിക്കൊടുത്തും അതിൽ മയക്കുമരുന്ന് കലർത്തി നൽകിയും തട്ടിപ്പ് നടത്തുന്നതായിരുന്നു അഗ്സറിന്റെ രീതി. ഉയർന്ന ഡേ‍ാസിലുള്ള മയക്കുമരുന്നു കൈ നഖങ്ങൾക്കിടയിൽ സൂക്ഷിച്ചാണ് കൂടുതലും ഒ‍ാപ്പറേഷനുകൾ എന്നതാണ് പ്രത്യേകത. റിപ്പേ‍ാർട്ടു ചെയ്യപ്പെട്ട കേസുകളിൽ മിക്കതും ഇത്തരത്തിലാണ്.

ഇതിൽ ഉറക്ക ഗുളികയുടെ പൊടിയോ മയക്കുന്നതിനുള്ള മരുന്നോ കലക്കി നൽകും. മയക്കുമരുന്ന് ചേർത്ത ബിസ്‌കറ്റ് നൽകി മോഷണം നടത്തിയ രണ്ട് കേസും ഇയാൾക്കെതിരെയുണ്ട്. ബിസ്‌കറ്റും ലഘുപാനീയങ്ങളും നൽകി കവർച്ച നടത്തുന്നത് പതിവാകുകയും ഇത് സംബന്ധിച്ച് പൊലീസ് മുന്നറിയിപ്പുകൾ നൽകുകയും ചെയ്‌തതോടെ യാത്രക്കാരും ഇത്തരം കവർച്ചകൾക്കെതിരെ ജാഗ്രതയിലാണ്. പരിചയമില്ലാത്ത സഹയാത്രികരിൽ നിന്ന് ഒന്നും വാങ്ങിക്കഴിക്കരുതെന്ന റെയിൽവേ പൊലീസിന്റെ സുരക്ഷാ സന്ദേശം വ്യാപകമായ ശേഷം ട്രെയിൻ മോഷ്‌ടാക്കൾ പുതിയ രീതിയാണ് പരീക്ഷിക്കുന്നത്. കഴിഞ്ഞ ദിവസത്തെ സംഭവത്തിൽ ഇത്തരത്തിൽ ഒന്നും വാങ്ങികഴിച്ചിട്ടില്ലെന്നാണ് കവർച്ചയ്‌ക്കിരയായ മൂന്നു സ്ത്രീകളും പറഞ്ഞത്. യാത്രക്കാർ ശുചിമുറിയിലോ മറ്റോ പോകുന്ന സമയത്ത് അവർ സീറ്റിൽ സൂക്ഷിച്ചിട്ടുള്ള വെള്ളക്കുപ്പിയിൽ മയക്കുമരുന്ന് കലർത്തി കവർച്ചയ്‌ക്കിരയാക്കുകയാണ് അഗ്സർ ഉൾപ്പെടെയുള്ള കൊള്ളക്കാർ ഇപ്പോൾ ചെയ്യുന്നത്.

#മുന്നറിയിപ്പുമായി

റെയിൽവേ പൊലീസ്

യാത്രക്കാരെ കുടിവെള്ളത്തിൽ മയക്കുമരുന്ന് കലർത്തി നൽകി മയക്കിയശേഷം കവർച്ചയ്‌ക്കിരയാക്കിയ സംഭവത്തിന് പിന്നാലെ മുന്നറിയിപ്പുമായി റെയിൽവേയും പൊലീസും രംഗത്തത്തി.

യാത്രയ്‌ക്കിടെ സൗഹൃദം സ്ഥാപിച്ച് വിശ്വാസം നേടിയെടുത്ത ശേഷം ഭക്ഷണത്തിലോ, ശീതള പാനീയങ്ങളിലോ, ബിസ്‌കറ്റുകളിലോ ലഹരി കലർത്തി മയക്കിയ ശേഷമുള്ള തട്ടിപ്പാണ് കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇതിനെതിരെ ജാഗ്രത പുലർത്തണമെന്നാണ് റെയിൽവേയുടെയും പൊലീസിന്റെയും മുന്നറിയിപ്പ്.

നിർദേശങ്ങൾ ഇങ്ങനെ...
1. അപരിചിതരുമായി സൗഹൃദം ഒഴിവാക്കുക, അവരിൽ നിന്ന് ഭക്ഷണം പങ്കിടാതിരിക്കുക

2. വെള്ളക്കുപ്പി പലപ്പോഴും സീറ്റിൽ അലക്ഷ്യമായി ഇട്ടിട്ട് പോകുന്നത് ഒഴിവാക്കുക. അതിന്റെ ഉടമ ശുചിമുറിയിൽ പോകുമ്പോഴോ, ഇടയ്‌ക്കുളള സ്റ്റേഷനിൽ നിർത്തുമ്പോൾ സാധനങ്ങൾ വാങ്ങാൻ പുറത്തിറങ്ങുമ്പോഴോ തട്ടിപ്പുസംഘം ഈ വെള്ളക്കുപ്പികളിൽ ലഹരിമരുന്നുകൾ കലർത്താൻ സാദ്ധ്യതയുണ്ട്.
3. സഹയാത്രികരായി സൗഹൃദം സ്ഥാപിച്ചെത്തുന്നവർ ചായയും കാപ്പിയും വാങ്ങി നൽകുമ്പോൾ സ്നേഹപൂർവം അവ നിരസിക്കുക.
4. യാത്രാവേളയിൽ ഭക്ഷണം പരമാവധി കൈയിലെടുക്കുക. അല്ലെങ്കിൽ പാൻട്രിയിൽ നിന്നു വാങ്ങുക.

5 .ലഗേജുകൾ ലോക്ക് ചെയ്‌തു വയ്‌ക്കുക.
6. ഒറ്റയ്‌ക്കു യാത്ര ചെയ്യുന്ന സ്ത്രീകൾ ആർ.പി.എഫിനോട് ഇക്കാര്യം പറഞ്ഞാൽ കൂടുതൽ സംരക്ഷണവും കരുതലും ലഭിക്കാൻ ഉപകരിക്കും.

7. തട്ടിപ്പു സംബന്ധിച്ച സംശയം തോന്നിയാലോ, യാത്രക്കാരിൽനിന്ന് ആശങ്കപ്പെടുത്തുന്ന പെരുമാറ്റം ഉണ്ടായാലോ 139 എന്ന ഹെൽപ്പ്‌ലൈൻ നമ്പറിൽ വിവരം അറിയിക്കാം.
8. railmadad.indianrailways.gov.in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാം.

കെ‍ാങ്കൺ മേഖലയിലും മുംബയ്, ആന്ധ്ര, തെലുങ്കാന, തമിഴ്നാട്, കർണാടക പ്രദേശങ്ങളിലുമായി പല കേസുകളിലും ഇയാൾ പ്രതിയാണ്. അറസ്റ്റിൽ ജാമ്യത്തിലിറങ്ങുന്ന ഇയാൾ പിന്നീട് ഹാജരാകാറില്ല. ശരാശരി ആറുമാസം കൂടുമ്പേ‍ാൾ ട്രെയിനിൽ കവർച്ച നടത്തിയിരിക്കുമെന്നതാണു സ്ഥിതി. കവർച്ചയ്‌ക്കു പ്രത്യേക രീതിയുണ്ട്.

TAGS: CASE DIARY, AGSAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.