SignIn
Kerala Kaumudi Online
Thursday, 25 April 2024 9.52 AM IST

ഹൃദയത്തിന്റെ ഭാഷ

photo

ബുദ്ധൻ നടന്ന വഴികളെക്കുറിച്ച് ബോബി തോമസ് എഴുതിയ ശ്രമണ ബുദ്ധൻ എന്ന കൃതി, സ്വയം തിരിച്ചറിവിലേക്ക് നടന്നടുക്കുവാൻ ഓരോരുത്തരെയും പ്രേരിപ്പിച്ച തഥാഗതന്റെ വഴികൾ തുറന്നുകാട്ടുന്നു. ബുദ്ധനൊപ്പം സദാ, മരണം വരെ നടന്ന ആനന്ദനെക്കുറിച്ച് ഈ പുസ്തകത്തിൽ ഒരദ്ധ്യായമുണ്ട്. ബുദ്ധന്റെ ഏറ്റവും അടുത്ത അനുയായിയായി ഇന്നും ബുദ്ധമതക്കാർ കരുതുന്നത് ആനന്ദനെയാണ്. ഹൃദയത്തിന്റെ ഭാഷയിൽ പൊട്ടിച്ചിരിക്കുകയും പൊട്ടിക്കരയുകയും ചെയ്ത ആനന്ദൻ. ബുദ്ധന്റെ ഓരോ മൊഴിയും ഓർത്തുവച്ച ആനന്ദൻ. വേദനിക്കുകയും മമത കാട്ടുകയും ചെയ്ത നാട്യങ്ങളില്ലാത്ത ആനന്ദൻ. ആനന്ദനാണല്ലോ 'ചണ്ഡാല ഭിക്ഷുകി'യിലെ നായകൻ. മാതംഗി എന്ന ചണ്ഡാലകന്യകയിൽ നിന്നു സോദരീ എന്നുവിളിച്ച് തണ്ണീർ വാങ്ങിക്കുടിച്ച ആനന്ദൻ. അദ്ദേഹത്തിൽ ആകൃഷ്ടയായ മാതംഗിയെക്കുറിച്ച് കുമാരനാശാന്റെ കാവ്യം പറയുന്നുണ്ട്. യഥാർത്ഥത്തിൽ സംഭവിച്ചതെന്താണ്? ആനന്ദൻ ഇക്കാര്യം ബുദ്ധനെ അറിയിക്കുന്നു. ബുദ്ധൻ മാതംഗിയെ തന്റെ അടുത്തേക്ക് വിളിക്കുന്നു. ബുദ്ധഭിക്ഷുണിയായി മാറിയ മാതംഗിയുടെ മനസിലെ വികാര വിക്ഷോഭങ്ങളെല്ലാമടങ്ങുമ്പോൾ പ്രണയം പ്രശാന്തിയിലേക്ക് വഴിമാറി. ക്രമേണ ബുദ്ധപാതയിൽ ജീവിതകാലം മുഴുവൻ അവൾ ചെലവഴിച്ചു. ആനന്ദൻ അങ്ങനെ ഒരു പ്രതിസന്ധിഘട്ടത്തെ അനായാസേന മറികടന്നു. ആരെയും മയക്കുന്ന ആകാരസൗഷ്ഠവവും ഹൃദയാവർജ്ജകമായ പെരുമാറ്റവും കൊണ്ട് ആനന്ദൻ സ്ത്രീകളുടെ മനംകവർന്നു. കൊട്ടാരത്തിലെ രാജ്ഞിമാർ ബുദ്ധതത്വങ്ങൾ പഠിയ്ക്കാനാഗ്രഹിച്ചപ്പോൾ ആനന്ദനെത്തന്നെ അയയ്ക്കണമെന്ന് അവർ വാശിപിടിച്ചു. ബുദ്ധന് ഒരു സ്ഥിരം സഹായിയെ ആവശ്യമുണ്ടെന്ന് അദ്ദേഹം തീരുമാനിച്ചപ്പോൾ ഒട്ടേറെപേർ തയ്യാറായി മുൻപോട്ടു വന്നു. എന്നാൽ ആനന്ദനെയാണു ബുദ്ധൻ തിരഞ്ഞെടുത്തത്. പക്ഷേ ചില നിബന്ധനകളോടുകൂടി മാത്രമാണ് ഈ പദവി ഏറ്റെടുക്കാൻ അദ്ദേഹം തയ്യാറായത്. ബുദ്ധനു സമ്മാനമായി ലഭിക്കുന്ന പ്രത്യേക വസ്ത്രങ്ങളോ ഭക്ഷണമോ സ്വീകരിക്കാൻ തന്നോട് ആവശ്യപ്പെടരുത്. പ്രത്യേക ഭിക്ഷുക്കൾക്കുള്ള താമസസൗകര്യം സ്വീകരിക്കാൻ നിർബന്ധിക്കരുത്. ബുദ്ധന്റെ സഹായിയായിരുന്ന് പ്രത്യേക സൗകര്യങ്ങൾ അനുഭവിക്കുന്നു എന്ന ആക്ഷേപം ഒഴിവാക്കാൻ വേണ്ടിയായിരുന്നു ഇത്. എന്നാൽ ചില അവകാശങ്ങളും ആനന്ദൻ ചോദിച്ചു. ബുദ്ധനെ കാണാൻ വരുന്നവരെ അദ്ദേഹത്തിന്റെ അടുത്തെത്തിക്കാനുള്ള അവകാശം. ഏതു സംശയവും ബുദ്ധനോടു ചോദിക്കാനുള്ള അവകാശം. ബുദ്ധൻ സന്തോഷത്തോടെ സമ്മതിച്ചു. ഏതു നേതാവിന്റെയും സഹായികൾ ആനന്ദന്റെ ഈ എളിമയും ദൃഢതയും പരിശീലിക്കേണ്ടതുതന്നെ.

ഭിക്ഷുണികളെ സ്വീകരിക്കാൻ തയ്യാറാകാതിരുന്ന ബുദ്ധനെ അതിനു പ്രേരിപ്പിച്ചത് ആനന്ദനാണ്. ബുദ്ധന്റെ മരണശേഷം മഹാകശ്യപൻ നേതാവായി. ആനന്ദൻ തിരസ്‌കൃതനായി. തുടർന്നുണ്ടായ മഹാസമ്മേളനത്തിൽ അഞ്ഞൂറാമനായി അവസാനം പ്രവേശനം ലഭിച്ച ആനന്ദനെ അവർ കുറ്റവിചാരണ ചെയ്തു. ബുദ്ധന്റെ മരണസമയത്ത് അദ്ദേഹത്തിന്റെ നഗ്നമൃതദേഹത്തിൽ ആദരമർപ്പിയ്ക്കാൻ
സ്ത്രീകളെ അനുവദിച്ചു; ചിലരുടെ കണ്ണുനീര് ബുദ്ധന്റെ കാല്പാദത്തിൽ പതിച്ചു, സ്ത്രീകളെ ഭിക്ഷുസംഘത്തിൽ ചേർക്കാനും ഭിക്ഷുണി സംഘം സ്ഥാപിക്കാനും ബുദ്ധനെ പ്രേരിപ്പിച്ചു തുടങ്ങിയവയായിരുന്നു ആനന്ദനെതിരെ ചാർത്തപ്പെട്ട ചില കുറ്റങ്ങൾ.

സ്ത്രീകളെ മാറ്റിനിറുത്തുന്ന അധ:പതിച്ച സംസ്‌കാരത്തിനെതിരെ പ്രതികരിച്ച, ഹൃദയത്തിന്റെ ഭാഷയിൽ സംസാരിച്ച, പ്രവർത്തിച്ച ആനന്ദനെതിരെ തിരിഞ്ഞവർ ബുദ്ധൻ നടന്ന വഴിയിൽ നിന്നു വ്യതിചലിക്കുകയായിരുന്നു എന്നു തിരിച്ചറിയാൻ ഇന്നും ലോകത്തിന് കഴിഞ്ഞിട്ടുണ്ടോ എന്നു സംശയമാണ്. നിർവികാരാവസ്ഥയെക്കാൾ,​ നിർവാണത്തെക്കാൾ അലിവുള്ള ഹൃദയവും കാരുണ്യവുമാണ് മനുഷ്യനു വേണ്ടതെന്നു കരുതിയ ആനന്ദൻ മനുഷ്യകുലത്തിന്റെ മനം കവരുന്നതിൽ അത്ഭുതപ്പെടാനില്ല. പൗരോഹിത്യത്തിന്റെയും പൗരുഷത്തിന്റെയും ധാർഷ്ട്യത്തിൽ ചവിട്ടിയരയ്ക്കപ്പെടുന്ന അമ്മമാരുടെയും സഹോദരിമാരുടെയും മോചനവും അർഹരായ അമ്മമാരുടെയും സഹോദരിമാരുടെയും നേതൃസ്ഥാനവും ഉറപ്പാക്കിയ ആനന്ദന്റെ മാതൃക ഹൃദയത്തിന്റെ ഭാഷയിൽ ബോബിതോമസ് കുറിയ്ക്കുന്നുണ്ട്. ബുദ്ധന് അറുനൂറു വർഷങ്ങൾക്കു ശേഷം ചൈനയിലെത്തിയ തമിഴ്നാട്ടിലെ (പല്ലവ രാജവംശം) രാജകുമാരനായിരുന്നു ബോധി ധർമ്മൻ. ചാൻ എന്നു ചൈനയിലും സെൻ എന്നു ജപ്പാനിലും അറിയപ്പെട്ടിരുന്ന ബുദ്ധഭിക്ഷു. ചൈനയുടെ ചക്രവർത്തിയായിരുന്ന വൂ ആകാംക്ഷയോടെ അദ്ദേഹത്തെ സന്ദർശിച്ചു. ചക്രവർത്തി ചാനിനോടു ചോദിച്ചു: 'ഒട്ടേറെ ബുദ്ധക്ഷേത്രങ്ങളും വിഹാരങ്ങളും രാജ്യത്തു താനുണ്ടാക്കി. ഭിക്ഷുക്കൾക്ക് ആഹാരവും എല്ലാ സൗകര്യങ്ങളും നൽകാൻ താൻ പ്രതിബദ്ധനാണ്. പ്രതിഫലമായി തനിക്കു ലഭിക്കുന്ന അനുഗ്രഹമെന്തായിരിയ്ക്കും?'
'താങ്കൾ നിശ്ചയമായും നരകത്തിൽ പോകും' എന്നു മുഖത്തടിച്ചപോലെ മറുപടി! പ്രതിഫലം ഇച്ഛിച്ചു കൊണ്ടു ചെയ്യുന്ന പ്രവൃത്തി ആസക്തിയുടെ ഭാഗമാണ്. ആസക്തിയുടെ ശിക്ഷ ചക്രവർത്തി അനുഭവിക്കേണ്ടി വരുമെന്നാണ് മുഖത്തു യാതൊരു ഭാവഭേദവുമില്ലാതെ ചാൻ പറഞ്ഞതിന്റെ പൊരുൾ. ഭരണകർത്താക്കളെ ഉപദേശിയ്ക്കാൻ ഇത്തരം ആളുകൾഉണ്ടാവേണ്ടതു തന്നെ. പ്രജ്ഞതാര എന്ന ഭിക്ഷുണിയായിരുന്നു ബോധിധർമ്മൻ അഥവാ സെന്നിന്റെ ഗുരു. പ്രജ്ഞതാരയുടെ നിർദ്ദേശപ്രകാരമാണ് ചാൻ ചൈനയിലേക്ക് യാത്ര ചെയ്തതത്രേ. റിൻസായ് എന്ന സെൻ ആചാര്യൻ പറഞ്ഞത് നിങ്ങൾ ബുദ്ധനെ നേരിട്ടു കാണാനിട വന്നാൽ അദ്ദേഹത്തെ കൊല്ലുക എന്നാണ് എല്ലാ മമതകളെയും വെട്ടിനിരത്തുക എന്നതാണ് ആശയം. മനുഷ്യകുലത്തിന്റെ ഭാഷ ഹൃദയത്തിന്റെ ഭാഷയായി മാറട്ടെ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LANGUAGE OF HEART, MIZHIYORAM
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.