SignIn
Kerala Kaumudi Online
Thursday, 21 October 2021 11.48 PM IST

ഇത് കാലുമാറ്റത്തിന്റെ കാലം

chakku

ഉത്തരേന്ത്യയിലെ ആയാറാം ഗയാറാം രാഷ്ട്രീയം പോലെ കേരളത്തിലുമിപ്പോൾ കാലുമാറ്റത്തിന്റെ കാലമാണല്ലോ. 1985ൽ രാജീവ് ഗാന്ധി സർക്കാർ കൊണ്ടുവന്ന കൂറുമാറ്റ നിരോധന നിയമം 2003ൽ ഭേദഗതി ചെയ്തു ശക്തിപ്പെടുത്തിയെങ്കിലും അതൊന്നും ജനപ്രതിനിധികൾ കൂറുമാറുന്നതിനു തടസമാകുന്നില്ലെന്നതാണ് കൗതുകം. കോൺഗ്രസിന്റെ 15 ഡി.സി.സി അദ്ധ്യക്ഷന്മാരെ പ്രഖ്യാപിച്ചതിന് പിന്നാലെ ചെറുതും വലുതുമായ നിരവധി നേതാക്കൾ പാർട്ടിവിട്ട വാർത്തകളാണ് ഇപ്പോൾ മാദ്ധ്യമങ്ങളിൽ നിറയുന്നത്. എന്നാൽ ഇടുക്കിയിലടക്കം പ്രാദേശിക നേതാക്കളുടെ കാലുമാറ്രം തദ്ദേശതിരഞ്ഞെടുപ്പ് മുതൽ ആരംഭിച്ചതാണ്. കോൺഗ്രസിൽ നിന്ന് തന്നെയാണ് ഏറ്റവുമധികം കൊഴിഞ്ഞുപോക്കുണ്ടായത്. ആഗ്രഹിച്ച സീറ്റ് കിട്ടാത്തതിനാലോ അല്ലെങ്കിൽ താൻ നിർദേശിച്ചവരെ മത്സരിപ്പിക്കാത്തതിനാലോ പാർട്ടി വിട്ടവരാണ് ഏറെയും. ഇവരിൽ പലരും വിമതരായും എതിർകക്ഷികളുടെ സ്ഥാനാർത്ഥികളായും മത്സരിച്ച് ജയിച്ച് ഗ്രാമപഞ്ചായത്ത് മെമ്പറോ ബ്ലോക്ക് മെമ്പറോ ജില്ലാപ്പഞ്ചായത്ത് മെമ്പറോ നഗരസഭാ കൗൺസിലറോ ആയി. ചിലർ തോറ്റ് നാട്ടിൽ ഒന്നുമല്ലാതായി. വിമതരായി മത്സരിച്ച് ജയിച്ച് കോൺഗ്രസിലേക്ക് തന്നെ തിരികെ പോയവരുമുണ്ട്.

എന്നാൽ കാലുമാറ്റത്തിലൂടെ തൊടുപുഴയിൽ നഗരസഭാ ഭരണം തന്നെ പിടിച്ചു ഇടതുപക്ഷം. കോൺഗ്രസ് വിമതനെയും മുസ്ലിംലീഗ് സ്ഥാനാർത്ഥിയായി മത്സരിച്ച് ജയിച്ച വനിതയെയും ഒറ്റരാത്രി കൊണ്ട് സി.പി.എം തങ്ങളുടെ പാളയത്തിലെത്തിച്ചു. കോൺഗ്രസ് വിമതന് ചെയർമാൻ സ്ഥാനവും യു.ഡി.എഫ് വിട്ടുവന്ന വനിതയ്ക്ക് വൈസ് ചെയർപേഴ്സൺ സ്ഥാനവും നൽകി. കൂറുമാറ്റ നിരോധന നിയമപ്രകാരം മുസ്ലിംലീഗ് പരാതി നൽകിയിട്ടുണ്ടെങ്കിലും ഇതുവരെ നടപടിയൊന്നുമായിട്ടില്ല.

എന്നാൽ ഒരു വർഷം തികയും മുമ്പേ യു.ഡി.എഫിന് വീണ്ടും തിരിച്ചടി നൽകികൊണ്ട് മറ്റൊരു യു.ഡി.എഫ് കൗൺസിലർ കൂടി എൽ.ഡി.എഫിനൊപ്പം ചേർന്നു. കേരള കോൺഗ്രസ് ജോസഫ് വിഭാഗം പ്രതിനിധിയും ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗവുമായ മാത്യു ജോസഫാണ് കഴിഞ്ഞയാഴ്ച അപ്രതീക്ഷിതമായി സി.പി.എമ്മിലെത്തിയത്. തദ്ദേശതിരഞ്ഞെടുപ്പിൽ ചെണ്ട ചിഹ്നത്തിൽ മത്സരിച്ച് ജയിച്ച ജോസഫ് ഗ്രൂപ്പിൽ രണ്ട് അംഗങ്ങളിൽ ഒരാൾ മാത്രമാണ് ഇനി അവശേഷിക്കുന്നത്. ഇതോടെ തൊടുപുഴ നഗരസഭയിൽ എൽ.ഡി.എഫ് ഭരണസമിതി കൂടുതൽ ശക്തവുമായി. 35 അംഗ നഗരസഭാ കൗൺസിലിൽ യു.ഡി.എഫ്- 12, എൽ.ഡി.എഫ്- 15, എൻ.ഡി.എ- എട്ട് എന്നിങ്ങനെയാണ് ഇപ്പോൾ കക്ഷിനില. നേരത്തെ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ നഗരസഭാ കൗൺസിലിൽ ആർക്കും കേവല ഭൂരിപക്ഷം ഉണ്ടായിരുന്നില്ലെന്ന് കൂടി ഓർക്കണം.

ഇതിനിടെ നേരിട്ട് സി.പി.എമ്മിലേക്ക് പോകാൻ മടിയുള്ള കോൺഗ്രസ് നേതാക്കൾ പലരും എൽ.ഡി.എഫിലെ മറ്റ് പാർട്ടികളിലേക്ക് പോകുന്നുണ്ട്. കെ.പി.സി.സി അംഗം, ഡി.സി.സി വൈസ് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള കെ.ടി. മൈക്കിൾ രണ്ടാഴ്ച മുമ്പാണ് കോൺഗ്രസ് വിട്ട് എൻ.സി.പിയിൽ ചേർന്നത്. എന്നാൽ രണ്ട് തവണ ജില്ലാ പഞ്ചായത്തംഗമായിരുന്ന അദ്ദേഹത്തിന് പുനഃസംഘടനയിൽ ജില്ലാ അദ്ധ്യക്ഷ സ്ഥാനം തന്നെ എൻ.സി.പി നൽകി. കെ.പി.സി.സി മുൻ എക്‌സിക്യൂട്ടീവ് മെമ്പറും ട്രേഡ് യൂണിയൻ നേതാവുമായിരുന്ന ആമ്പൽ ജോർജ് കേരള കോൺഗ്രസ് എമ്മിൽ ചേർന്നത് രണ്ട് ദിവസം മുമ്പായിരുന്നു.

മറുവശത്ത് കോൺഗ്രസിന് ആശ്വസിക്കാവുന്ന ഒരു കാലുമാറ്റം നടന്നത് കരുണാപുരം പഞ്ചായത്തിലാണ്. പത്തുവർഷത്തിന് ശേഷം നഷ്ടമായ പഞ്ചായത്ത് ഭരണം ബി.ഡി.ജെ.എസ് സ്വതന്ത്രന്റെ പിന്തുണയോടെ കോൺഗ്രസ് തിരികെ പിടിച്ചു. പഞ്ചായത്തിൽ ആകെയുള്ള എട്ട് യു.ഡി.എഫ് അംഗങ്ങളിൽ മുഴുവൻ പേരും കോൺഗ്രസ് പ്രതിനിധികളാണ്. യു.ഡി.എഫ് പ്രസിഡന്റായി കോൺഗ്രസിലെ മിനി പ്രിൻസിനെയും വൈസ് പ്രസിഡന്റായി ബി.ഡി.ജെ.എസ് സ്വതന്ത്രൻ പി.ആർ. ബിനുവിനെയുമാണ് തിരഞ്ഞെടുത്തത്. 17 അംഗ ഭരണസമിതിയിൽ എട്ടിനെതിരെ ഒമ്പത് വോട്ടുകൾക്കായിരുന്നു ഇരുവരുടെയും വിജയം. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ബി.ഡി.ജെ.എസ് സ്വതന്ത്രന്റെ പിന്തുണയോടെ മിനി പ്രിൻസ് വിജയിക്കുകയായിരുന്നു. വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ബി.ഡി.ജെ.എസ് സ്വതന്ത്രനായ പി.ആർ. ബിനുവിന്റെ പേര് കോൺഗ്രസ് അംഗമായ ജെയ് തോമസാണ് നിർദേശിച്ചത്. യു.ഡി.എഫ് അംഗങ്ങളെല്ലാം അനുകൂലമായി വോട്ട് ചെയ്‌തോടെ ബിനുവിനെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കുകയായിരുന്നു. പഞ്ചായത്ത് രൂപീകരണം മുതൽ 29 വർഷം ഇടതുപക്ഷം തുടർച്ചയായി ഭരിച്ച പഞ്ചായത്തിൽ കഴിഞ്ഞ പത്തുവർഷം യു.ഡി.എഫാണ് ഭരണം നടത്തിയിരുന്നത്.

അധികാരമാണ് എല്ലാം

ചെറുതും വലുതുമായ രാഷ്ട്രീയ കക്ഷികളുടെ ചേരിമാറ്റങ്ങൾ പലപ്പോഴും ചർച്ചചെയ്യപ്പെടാറുണ്ടെങ്കിലും വ്യക്തികളുടെ ഒറ്റയ്ക്കുള്ള രാഷ്ട്രീയ മലക്കം മറിച്ചിലുകൾ മിക്കപ്പോഴും കേവലം 'കാലുമാറ്റ'മായെ കണക്കാക്കാറുള്ളൂ. രാഷ്ട്രീയ നൈതികതയ്ക്കൊന്നും വിലകല്‌പിക്കാതെ പരസ്പര സഹകരണത്തിലൂടെ ഇരുകൂട്ടരും ലക്ഷ്യം കൈവരിക്കുമ്പോൾ ജനങ്ങൾ ഇവിടെ കാഴ്ചക്കാർ മാത്രമാവുകയാണ്. ജനാധിപത്യം വെറും കോമഡി മാത്രമാകുന്നു. ജനഹൃദയങ്ങളിൽ സ്ഥാനം നേടിയവർ അധികാരത്തിനായി തങ്ങളുടെ നിലപാടുകൾ വിഴുങ്ങുമ്പോൾ അവർ സ്വയം അഹേളിതരാവുകയാണെന്ന ബോദ്ധ്യം അവർക്ക് ഉണ്ടാവേണ്ടിയിരിക്കുന്നു. രാഷ്ട്രീയ നേതാക്കൾ അധികാരത്തിലെത്താനായി ശ്രമിക്കുന്നതിൽ തെറ്റൊന്നുമില്ല. പക്ഷേ, അവസരവാദ സഖ്യങ്ങളുടെ കുറുക്കുവഴിയിലൂടെയല്ല, മൂല്യങ്ങൾ കൈവിടാതെ ജനപക്ഷ സഖ്യങ്ങളിലൂടെയാകണം നേതാക്കളും പാർട്ടികളും അധികാരത്തിലെത്താനും അധികാരം നിലനിറുത്താനും ശ്രമിക്കേണ്ടത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: IDUKKI DIARY
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.