തൃശൂർ: വാഹനാപകടമുണ്ടാക്കി കൊടകരയിൽ കുഴൽപ്പണം തട്ടിയെടുത്ത കേസിൽ വീണ്ടും അന്വേഷണം. പ്രതികളെ വീണ്ടും ചോദ്യം ചെയ്യുന്നതിന് അനുമതിക്കായി പ്രത്യേക അന്വേഷണസംഘം ഇരിങ്ങാലക്കുട മജിസ്‌ട്രേട്ട് കോടതിയിൽ അപേക്ഷ നൽകി. തൃശൂരിൽ പ്രത്യേക അന്വേഷണസംഘം കേസുമായി ബന്ധപ്പെട്ട് വിലയിരുത്തൽ യോഗവും ചേർന്നു. കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രതികൾ ജാമ്യത്തിലാണ്.
കവർച്ചാ പണത്തിൽ രണ്ടു കോടിയോളം ഇനിയും കണ്ടെത്താനുണ്ട്. ഇതിനായി പ്രതികളെ വീണ്ടും ചോദ്യം ചെയ്യാൻ അനുവാദം തേടി അന്വേഷണ സംഘം കോടതിയെ സമീപിക്കുകയായിരുന്നു. കുറ്റപത്രം സമർപ്പിച്ച കേസായതിനാലാണ് കോടതിയെ സമീപിക്കുന്നത്.
അടുത്ത ദിവസം മുതൽ പ്രതികളെ വിളിപ്പിക്കുമെന്ന് എ.സി.പി വി.കെ. രാജു പറഞ്ഞു.
കള്ളപ്പണത്തിന്റെ ഉറവിടം കണ്ടെത്താൻ കേന്ദ്ര ഏജൻസി വരണമെന്നും കള്ളപ്പണക്കേസ് അന്വേഷിക്കാൻ കേരള പൊലീസിന് പരിമിതികളുണ്ടെന്നും കുറ്റപത്രത്തോടൊപ്പം പൊലീസ് കോടതിയെ അറിയിച്ചിരുന്നു. എൻ.കെ. ഉണ്ണിക്കൃഷ്ണനാണ് സ്‌പെഷ്യൽ പ്രോസിക്യൂട്ടർ.