
കോഴിക്കോട്: തിരഞ്ഞെടുപ്പിൽ വനിതകളെ മുസ്ളീംലീഗ് രംഗത്തിറക്കിയതിനെതിരെ പരോക്ഷ വിമർശനവുമായി സമസ്‌ത കാന്തപുരം വിഭാഗം നേതാവ് റഹ്മത്തുള്ള സഖാഫി എളമരം. പെൺകുട്ടികൾ തുറന്ന വാഹനത്തിൽ ഡാൻസ് ചെയ്യുന്നത് മുസ്ളീം ഉമ്മത്തിന്റെ സാംസ്‌കാരിക അച്ചടക്കം നശിച്ചുകാണാൻ ആഗ്രഹിക്കുന്നവരുടെ താത്‌പര്യമാണെന്നാണ് വിമർശനം. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.
'മുസ്ളീം സ്‌ത്രീകളെ രാഷ്ട്രീയ രംഗത്തിറക്കിത്തുടങ്ങിയത് ജമാഅത്തെ ഇസ്ളാമിയാണ്. എന്നാൽ ഇപ്പോൾ വെൽഫെയർ പാർട്ടിയുടെ സ്വാധീനം മുഖ്യധാരാ മുസ്ളീം രാഷ്ട്രീയ പാർട്ടിയിലേയ്ക്കുകൂടി വന്നിരിക്കുന്നു. പണ്ട് ബാഫഖി തങ്ങളുടെ കാലത്തുപോലും എംഇഎസ് സ്‌ത്രീകളെ രംഗത്തിറക്കിയ സമയത്ത് ലീഗ് അവരുമായുള്ള ബന്ധം ഒഴിവാക്കിയിരുന്നു.
തിരഞ്ഞെടുപ്പ് കാലത്ത് വാഹനത്തിൽ കയറി ഡാൻസ് ചെയ്യുന്ന കൗമാരക്കാരായ മുസ്ലീം പെൺകുട്ടികളെ കൂടുതലായി കാണുകയാണ്. ഈ പ്രവണത മറ്റ് സമുദായത്തിൽപ്പെട്ട സ്‌ത്രീകളെ അപേക്ഷിച്ച് മുസ്ളീം സ്‌ത്രീകളിൽ കൂടുതലാണ്. ഇത്തരം കാര്യങ്ങൾ മുസ്ളീം സംസ്‌കാരത്തോട് എതിരായി നിൽക്കുന്ന സ്വതന്ത്രവാദികളെയാണ് സന്തോഷിപ്പിക്കുക. സംസ്‌കാരം കളഞ്ഞുകുളിച്ചാൽ ഇതിന് വലിയ വില നൽകേണ്ടി വരും'- എന്നിങ്ങനെയായിരുന്നു ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |