SignIn
Kerala Kaumudi Online
Wednesday, 18 February 2026 4.21 PM IST

നാർക്കോട്ടിക് വിവാദം: സമുദായ നേതാക്കളുമായി മുഖ്യമന്ത്രി ചർച്ച നടത്തണമെന്ന് യു.ഡി.എഫ്

Increase Font Size Decrease Font Size Print Page
udf

തിരുവനന്തപുരം: പാലാ ബിഷപ്പിന്റെ നാർക്കോട്ടിക് ജിഹാദ് പരാമർശം സൃഷ്ടിച്ച വിവാദത്തിന് ശേഷം വിവിധ സമുദായങ്ങൾക്കിടയിലുണ്ടായ ഭിന്നിപ്പ് ഇല്ലാതാക്കാൻ സമുദായനേതാക്കളെ എത്രയും വേഗം ഒരുമിച്ചിരുത്തി മുഖ്യമന്ത്രി ചർച്ച നടത്തണമെന്ന് യു.ഡി.എഫ് നേതൃയോഗം ആവശ്യപ്പെട്ടു. വിഷയത്തിൽ മുതലെടുപ്പ് ശ്രമങ്ങൾ നടക്കുന്ന സ്ഥിതിക്ക്, സംഘർഷാവസ്ഥ ലഘൂകരിക്കാനായി പ്രതിപക്ഷനേതാവ് വി.ഡി. സതീശനും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും മുൻകൈയെടുത്ത് നടത്തുന്ന അനുനയനീക്കങ്ങൾക്ക് പിന്തുണ നൽകാൻ യോഗം തീരുമാനിച്ചു.

രണ്ട് മതവിഭാഗങ്ങൾ തമ്മിലുള്ള സംഘർഷം മൂർച്ഛിപ്പിക്കാൻ സംഘപരിവാർ ശ്രമിക്കുമ്പോൾ, തർക്കം നീണ്ടുപോയി പ്രശ്നം വഷളാകട്ടെയെന്ന സമീപനമാണ് സർക്കാരിന്റേതെന്ന് യോഗശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ യു.ഡി.എഫ് ചെയർമാനായ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ആരോപിച്ചു. സാധാരണ ഇത്തരം പ്രശ്നങ്ങളുണ്ടാകുമ്പോൾ സർവകക്ഷിയോഗം വിളിച്ച് പൊതുഅഭിപ്രായ രൂപീകരണം നടത്തി സമ്മർദ്ദം ലഘൂകരിക്കാൻ ഇടപെടാറുണ്ട്. എന്നാൽ യോഗം വിളിക്കില്ലെന്ന നിലപാട് എന്തുകൊണ്ടാണെന്നറിയില്ല. സമുദായനേതാക്കളെ വിളിച്ച് ചർച്ച ചെയ്യുന്നതിന്റെ ലക്ഷണവും ഇതുവരെയില്ല.

ബിഷപ്പിന്റെ പ്രസ്താവനയിൽ കഴിഞ്ഞദിവസം പറഞ്ഞതുപോലെ പ്രതികരിക്കാൻ മുഖ്യമന്ത്രി 14 ദിവസം എടുത്തത് എന്തുകൊണ്ടാണ്? മന്ത്രി വി.എൻ. വാസവനും പാർട്ടി സെക്രട്ടറി വിജയരാഘവനും പറഞ്ഞതിനും സി.പി.എം സമ്മേളനങ്ങൾക്കായി നൽകിയ കുറിപ്പിലെ പരാമർശങ്ങൾക്കും വിരുദ്ധമായാണ് മുഖ്യമന്ത്രി ഇപ്പോൾ പറഞ്ഞത്.

 'അഭിപ്രായം മാറ്റിപ്പറഞ്ഞിട്ടില്ല'

ബിഷപ്പിന്റെ പ്രസ്താവനയെപ്പറ്റി ആദ്യം പ്രതികരിച്ചത് താനാണെന്ന് വി.ഡി. സതീശൻ പറഞ്ഞു. ആ അഭിപ്രായം ഇന്നേവരെ മാറ്റിപ്പറഞ്ഞിട്ടില്ല. അനുരഞ്ജനത്തിന്റെ സാഹചര്യം നഷ്ടപ്പെടാതിരിക്കാനാണ് താൻ അതിവിടെ ആവർത്തിക്കാത്തതെന്ന്, വാർത്താലേഖകരുടെ ആവർത്തിച്ചുള്ള ചോദ്യത്തോട് സതീശൻ പ്രതികരിച്ചു. കൂടുതൽ ചോദ്യങ്ങൾ ചോദിച്ച് (മാദ്ധ്യമപ്രവർത്തകർ) വിഷയം മന:പൂർവം വഷളാക്കാൻ നോക്കിയാൽ കൂട്ടുനിൽക്കാനാവില്ല.

 ബിഷപ്പിനെതിരായ പ്രചാരണം നല്ലതല്ലെന്ന് ജോസഫ് വിഭാഗം

മതസൗഹാർദ്ദവും മതേതരത്വവും നിലനിറുത്താൻ പ്രതിജ്ഞാബദ്ധനായ ബിഷപ്പിനെതിരായ പ്രചാരണം നല്ലതല്ലെന്ന് യു.ഡി.എഫ് യോഗത്തിൽ കേരള കോൺഗ്രസ്-ജോസഫ് വിഭാഗം നേതാക്കൾ പറഞ്ഞു. പാലാ ബിഷപ്പ് പറഞ്ഞതിനെ ദുരുദ്ദേശപരമായി എടുത്തത് ശരിയല്ല. ഏതെങ്കിലും സമുദായത്തെ വേദനിപ്പിക്കാനല്ല പറഞ്ഞതെന്ന് ബിഷപ്പ് വിശദീകരിച്ചിട്ടും വിവാദം തുടർന്നുവെന്നും അവർ പറഞ്ഞു.

 തിരുത്തപ്പെടേണ്ടതാണെന്ന് ലീഗ്

ലഹരിക്ക് ഒരു മതത്തിന്റെ ലേബൽ നൽകുന്നത് ശരിയല്ലെന്ന് മുസ്ലീം ലീഗ് നേതാക്കൾ യോഗത്തിൽ വാദിച്ചു. അത്തരത്തിലൊന്നുണ്ടായതാണ് ആശയക്കുഴപ്പം വിതച്ചത്. ബിഷപ്പ് ഒരുപക്ഷേ ഉദ്ദേശിച്ചിട്ടില്ലായിരിക്കാം. ജിഹാദ് എന്ന് പറഞ്ഞിടത്താണ് പ്രശ്നമായത്. അത് തിരുത്തപ്പെടേണ്ടതാണെന്നും അവർ ചൂണ്ടിക്കാട്ടി. ബിഷപ്പ് തന്നെ തിരുത്തിയാൽ തീരുന്ന പ്രശ്നമേയുള്ളൂവെന്നിരിക്കെ അതിനായി ശ്രമിക്കാനും യു.ഡി.എഫ് യോഗത്തിൽ ധാരണയായി.

TAGS: UDF
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY