തിരുവനന്തപുരം: ദൈവത്തിന്റെ സ്വന്തം നാട് തിരിച്ചുവരവിനുള്ള ഒരുക്കങ്ങളിലാണ്. 2019- 20 ൽ കൊവിഡ് ഭീഷണിയ്ക്ക് തൊട്ടുമുൻപ് 11.89 ലക്ഷം വിദേശ ടൂറിസ്റ്റുകൾ കേരളത്തിലെത്തിയിരുന്നു. ഇവരെ വീണ്ടെടുത്ത് കുതിക്കാൻ സർക്കാർ തയ്യാറാക്കുന്ന പദ്ധതികൾ ടൂറിസത്തിന് വീണ്ടും പ്രതീക്ഷ നൽകുകയാണ്. ടൂറിസത്തെ ആകർഷകമാക്കാൻ നടപ്പാക്കുന്ന മാറ്റങ്ങളെ കുറിച്ച് മന്ത്രി പി.എ. മുഹമ്മദ് റിയാസ് മനസുതുറക്കുന്നു.
സർക്കാർ അധികാരത്തിൽ വന്നശേഷം നടപ്പാക്കിയ പദ്ധതികൾ?
സാദ്ധ്യതകൾക്കനുസരിച്ച് ടൂറിസത്തെ ഉപയോഗിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. തളർന്ന ടൂറിസം മേഖലയെ ഊർജ്ജസ്വലമാക്കുക എന്നതായിരുന്നു ആദ്യ ദൗത്യം. നൂറു ശതമാനം വാക്സിനേറ്റഡ് ഡെസ്റ്റിനേഷനുകൾ പദ്ധതി ആരോഗ്യ വകുപ്പിന്റെ സഹായത്തോടെ നടപ്പാക്കി. വയനാട്ടിലെ വൈത്തിരിയിലായിരുന്നു തുടക്കം. ലോക്ക്ഡൗൺ ഇളവുകൾക്കനുസരിച്ച് ടൂറിസം മേഖലയും തുറക്കുക എന്നതായിരുന്നു അടുത്ത വെല്ലുവിളി. നമ്മൾ നടപ്പാക്കിയ ഇൻ കാർ ഡൈനിംഗ് സ്വകാര്യ സംരംഭകരും ഏറ്റെടുത്തു.
പുതിയ പദ്ധതികൾ തുടങ്ങാനും കഴിഞ്ഞു. കാരവൻ ടൂറിസം നയം പ്രഖ്യാപിച്ചു.അൺ എക്സ്‌പ്ലോർഡഡ് ഡെസ്റ്റിനേഷനുകളെ കണ്ടെത്തി സഞ്ചാരികൾക്ക് അനുഭവവേദ്യമാക്കാനുള്ള നടപടികളും ആരംഭിച്ചു. സഞ്ചാരികൾക്ക് കേരളത്തെ അടുത്തറിയാനുള്ള ടൂറിസം ആപ്പും സജ്ജമാക്കി. ഡെസ്റ്റിനേഷനുകളിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളും നടപ്പിലാക്കുകയാണ്. ഫാം ടൂറിസത്തിന്റെ സാദ്ധ്യതകൾ ഉപയോഗിക്കാൻ അഗ്രോ ടൂറിസം നെറ്റ് വർക്കും തയ്യാറാവുകയാണ്. ഉത്തരവാദിത്ത ടൂറിസം വ്യാപകമാക്കാനും നടപടി തുടങ്ങി.
പുതിയ പദ്ധതികളെ എങ്ങനെ വിശദീകരിക്കാം?
കാരവാനുകളിൽ ടൂറിസം കേന്ദ്രങ്ങളിലെത്തി സന്ദർശനം നടത്താൻ കഴിയുന്ന സാഹചര്യമാണ് ഒരുങ്ങുന്നത്. ഇതിനായി കാരവാൻ പാർക്കുകൾ നിർമ്മിക്കും. അൺ എക്സ്‌പ്ലോർഡഡ് ഡെസ്റ്റിനേഷനുകൾ സഞ്ചാരികളെ പരിചയപ്പെടുത്താൻ ഇതിലൂടെ സാധിക്കും. പ്രാദേശികമായി നിർമ്മിക്കുന്ന കാരവാൻ പാർക്കുകളുണ്ടാക്കുന്ന തൊഴിൽ സാദ്ധ്യതകൾകൂടി കാണണം. കേരളത്തിന്റെ വൈവിദ്ധ്യമാർന്ന രുചി സഞ്ചാരികൾക്ക് പകരാനാകും. യുവജനക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ യുവജനങ്ങൾക്ക് പരിശീലനം നൽകി ഇത്തരം ടൂറിസ്റ്റ് കേന്ദ്രങ്ങളിൽസുരക്ഷ ഉറപ്പാക്കാനും ഉദ്ദേശിക്കുന്നുണ്ട്.
അഗ്രി ടൂറിസത്തിന്റെ സാദ്ധ്യതകളും ഉപയോഗപ്പെടുത്താനുള്ള പദ്ധതികൾ ആരംഭിച്ചു.രണ്ടു വർഷത്തിനകം അഞ്ഞൂറ് ഫാം ടൂറിസം യൂണിറ്റുകൾ സജ്ജമാക്കും. ഒരേസമയം കാർഷിക മേഖലയെയും ടൂറിസം മേഖലയെയും പരിപോഷിപ്പിക്കാൻ നമുക്ക് സാധിക്കും.
ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികൾ ?
നമ്മുടെ സാഹിത്യം, ചരിത്രം എന്നിവ ഉൾച്ചേർത്തുള്ള ലിറ്റററി സർക്യൂട്ടാണ് ഒന്ന്. ബേപ്പൂരിൽ നിന്ന് തൃത്താല വരെ മലയാള സാഹിത്യത്തെ സമ്പന്നമാക്കിയ പ്രതിഭകളുടെ നാട്ടിലൂടെ അവരെ അടുത്തറിയാനുള്ള യാത്രയാണിത്. ബയോ ഡൈവേഴ്സിറ്റി സർക്യൂട്ട് പരിസ്ഥിതിക്ക് ദോഷം വരാതെ അവയെ സംരക്ഷിച്ചുള്ള പദ്ധതിയാണ്. കൊല്ലം ജില്ലയിലാണ് നടപ്പാക്കുക. തദ്ദേശസ്ഥാപന തലത്തിൽ ഡസ്റ്റിനേഷനുകൾ കണ്ടെത്തി വികസിപ്പിക്കാൻ തദ്ദേശ സ്വയംഭരണ മന്ത്രിയുമായി സംസാരിച്ചു.
നിലവിൽ തയ്യാറാക്കിയ ആപ്പിന്റെ സവിശേഷതകൾ?
കേരളം കാണാനെത്തുന്ന സഞ്ചാരിക്ക് എന്തൊക്കെ അറിയണമോ അതെല്ലാമുണ്ടാകുന്ന ഒന്നാകണം മൊബൈൽ ആപ്പ്. സന്തോഷ് ജോർജ്ജ് കുളങ്ങര ഉൾപ്പെടെയുള്ളവരുമായി സംസാരിച്ചപ്പോൾ ലഭിച്ച നിർദ്ദേശങ്ങൾ ക്രോഡീകരിച്ചാണ് ആപ്പ് നിലവിൽ വന്നത്. അതിന്റെ നവീകരിച്ച വേർഷനാണ് മോഹൻലാൽ പുറത്തിറക്കിയത്. കുറേ കാര്യങ്ങൾ ഇനിയും ഉൾപ്പെടുത്താനുണ്ട്. ടൂറിസം കേന്ദ്രങ്ങളെ പരിചയപ്പെടുത്തുക, അവിടെയുള്ള സൗകര്യങ്ങൾ അറിയുക എന്നിവ ആപ്പിലൂടെ സാദ്ധ്യമാകും. വൃത്തിയുള്ള ടോയ്‌ലെറ്റ് സൗകര്യം, കേരളത്തിന്റെ തനതായ ഭക്ഷണ രീതി എന്നിവ അറിയാനുള്ള സംവിധാനവുമുണ്ടാകും.
കെ.എസ് .ആർ.ടി.സിയും ടൂറിസവും?
കെ.എസ്.ആർ.ടി.സിയുമായി ചേർന്ന് ചില പദ്ധതികൾ ആവിഷ്‌കരിക്കുന്നുണ്ട്. അതിനുള്ള പ്രാഥമിക ചർച്ചകൾ വകുപ്പ് മന്ത്രി ആന്റണി രാജുവുമായി നടത്തി. അന്തിമ രൂപമായിട്ടില്ല. ടൂറിസം സർക്യൂട്ടുകളിലൂടെ പ്രത്യേക ബസ്, ഉപയോഗശൂന്യമായി കിടക്കുന്ന ബസുകൾ ഉപയോഗപ്പെടുത്തുന്ന പദ്ധതികൾ തുടങ്ങിയവ ആലോചനയിലുണ്ട്.
സഞ്ചാരികളുടെ വരവ് ഇപ്പോൾ എങ്ങനെ ?
ലോക്ക്ഡൗണിന് ശേഷം വിനോദ സഞ്ചാരമേഖല തുറന്നപ്പോൾ മികച്ച പ്രതികരണമാണ് ലഭിച്ചത്. ഓണമായിരുന്നു ആദ്യത്തെ സീസൺ. ഡസ്റ്റിനേഷനുകൾ സജീവമാണിപ്പോൾ. കൂടുതൽ സഞ്ചാരികൾ എത്തിച്ചേരുന്നു.ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വർദ്ധനവ് പ്രകടമാണ്. സഞ്ചാരികൾക്ക് സുരക്ഷിതമായ ടൂറിസം ഒരുക്കാനാണ് വകുപ്പ് ശ്രമിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |