SignIn
Kerala Kaumudi Online
Wednesday, 18 February 2026 11.05 PM IST

നിയമം കാറ്റിൽ പറന്നു: 'പുരാവസ്തുക്കളുടെ കച്ചവടം കൊഴുത്തു'

Increase Font Size Decrease Font Size Print Page
antic-collection-

തിരുവനന്തപുരം: പുരാവസ്തുക്കൾ വീട്ടിൽ സൂക്ഷിക്കാൻ പുരാവസ്തു വകുപ്പിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നിർബന്ധം. വ്യാപാരത്തിനാകട്ടെ, സർട്ടിഫിക്കറ്റിനു പുറമെ ലൈസൻസും. നിയമം കർശനമാക്കുന്നതിൽ അധികൃതർ കാട്ടുന്ന അനാസ്ഥയും, ഈ രംഗത്തെ കള്ള നാണയങ്ങൾക്ക് നൽകുന്ന ഒത്താശയുമാണ് വ്യാജ പുരാവസ്തുക്കളുടെ കച്ചവടം

കൊഴുപ്പിക്കുന്നത്. രാജ്യത്ത് 1972ൽ നിയമം നിലവിൽ വന്നതിനെ തുടർന്ന്, രജിസ്ട്രേഷന് സംസ്ഥാന പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുകയും, കോട്ടയത്തും തൃശൂരിലും ഓഫീസുകൾ തുടങ്ങുകയും ചെയ്തിരുന്നു. രാജകുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ളവർ കൈവശമുള്ള പുരാവസ്തുക്കൾ രജിസ്റ്റ‌ർ ചെയ്തു. എന്നാൽ 2010ൽ ഈ ഓഫീസുകൾ പൂട്ടി. രജിസ്ട്രേഷന് ഇപ്പോഴുള്ളത് തൃശൂരിലെ ആർക്കിയോളജി സർവേ ഓഫ് ഇന്ത്യയുടെ ഓഫീസ് മാത്രം.

സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടാൽ പരാതിപ്പെടാം.ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യാം.വിൽക്കാം

പറ്റിക്കാൻ എളുപ്പം

പുരാവസ്തുക്കളെന്ന വ്യാജേന വിൽക്കുന്ന ശില്പങ്ങളും മറ്റും സ്വന്തമാക്കുന്നത് ഇതിനോട് അമിത ഭ്രമമുള്ള സമ്പന്നരാണ്. നിയമവശങ്ങൾ അറിയാത്തവരെ പറ്റിക്കാനും എളുപ്പം. കുറച്ചു നാൾ മുമ്പ് ചലച്ചിത്ര രംഗത്തെ ഒരു പ്രമുഖന്റെ വീട്ടിലെ കസ്റ്റംസ് റെയ്ഡിൽ ശില്പങ്ങളും മറ്റും കണ്ടെത്തിയിരുന്നു. പുരാവസ്തു വകുപ്പിന്റെ വിദഗ്ദ്ധ സംഘം നടത്തിയ പരിശോധനയിൽ പുരാവസ്തുവല്ലെന്ന് തെളിഞ്ഞു. പുരാവസ്തുക്കൾ വിദേശത്തേക്ക് കൊണ്ടുപോകാനും വിലക്കുണ്ടെന്ന് മുൻ സൂപ്രണ്ടിംഗ് ആർക്കിയോളജിസ്റ്റ് ഡോ. എസ്. ഹേമചന്ദ്രൻ പറഞ്ഞു.

കാലപ്പഴക്കം കൂട്ടാൻ

വസ്തുക്കളുടെ കാലപ്പഴക്കം കാണിക്കാൻ തട്ടിപ്പ് വീരന്മാർക്ക് വിദ്യകൾ പലതുണ്ട്. ലോഹ വസ്തുക്കളിൽ ക്ലോറൈഡുകൾ ഉപയോഗിച്ച് ക്ലാവിന്റേയും പായലിന്റേയുമൊക്കെ 'ഫീൽ' ഉണ്ടാക്കും. തടി ഉരുപ്പടിയാണെങ്കിൽ കുഴിച്ചിടും.

നിധി കിട്ടിയാൽ

പുരയിടം കിളയ്ക്കുമ്പോഴോ മറ്റോ സ്വർണ നാണയങ്ങളോ, മറ്റ് വിലപിടിപ്പുള്ള വസ്തുക്കളോ കിട്ടിയാൽ റവന്യൂ ഉദ്യോഗസ്ഥരെ അറിയിക്കണം. കാലപ്പഴക്കം അറിയാൻ പുരാവസ്തു വകുപ്പിന് കൈമാറും. വസ്തു ഉടമയ്ക്ക് അന്നത്തെ മാർക്കറ്റ് വിലയെക്കാൾ 25% അധികം നൽകും.

പുരാവസ്തുവാകാനുള്ള കാലപരിധി: ചിത്രങ്ങൾ 75 വർഷത്തിനുശേഷം,​ വസ്തുക്കൾ 100 വർഷത്തിനുശേഷം

TAGS: ANTIC COLLECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY