SignIn
Kerala Kaumudi Online
Wednesday, 17 April 2024 1.36 AM IST

ലഹരിപ്പാർട്ടികളും റെയ്‌ഡുകളും

party

എല്ലാ സമ്പന്നരുടേയും ഉന്നതരുടേയും മക്കൾ ലഹരി ഉപയോഗിക്കുന്നവരല്ല. ഇവരിൽ ഭൂരിപക്ഷവും വളരെ അച്ചടക്കത്തോടെയും മര്യാദയോടെയും ജീവിക്കുന്നവരാണ്.

ചെറിയൊരു ശതമാനം ഇതിന് അപവാദമായി ലഹരിമരുന്നിന്റെ ചതിക്കുഴികളിൽ വീഴാറുണ്ട്. ഉന്നതരുടെയും സമ്പന്നരുടെയും മക്കളെ വലയിൽ വീഴ്‌ത്താൻ ലഹരി മാഫിയ ശ്രമിച്ചുകൊണ്ടിരിക്കും. പണം ലഭിക്കുന്നു എന്നതിനപ്പുറം ലഹരി ഇടപാടുകാർക്ക് അധികാരികളെ നിയന്ത്രിക്കാനുള്ള കടിഞ്ഞാൺ ആണ് ഉന്നതരുടെ മക്കൾ.

ഒരു സാധാരണ ഉദ്യോഗസ്ഥൻ റെയ്‌ഡ് നടത്തി പിടിക്കുന്ന സംഘത്തിൽ ഉന്നതരുടെ മക്കളുണ്ടെങ്കിൽ ഇരുചെവിയറിയാതെ കേസ് ഇല്ലാതാക്കാനാണ് സാദ്ധ്യത. ഇത്തരം പ്രതികൾ കുടുങ്ങിയാൽ, നിയമം നിയമത്തിന്റെ വഴി പോകുമെന്ന് ബലംപിടിക്കാൻ താഴ്‌ന്ന തലത്തിലുള്ള ഉദ്യോഗസ്ഥർ തയ്യാറാകില്ല. പലതരത്തിലും ഇവരെ ഒതുക്കാനുള്ള രഹസ്യബന്ധങ്ങളുള്ളവരാണ് ലഹരി മാഫിയയുടെ പിന്നിൽ. സിവിൽ സർവീസ് തലത്തിലുള്ള ഉദ്യോഗസ്ഥരാണ് പലപ്പോഴും കർശന നിലപാടെടുക്കാൻ ധൈര്യം പ്രകടിപ്പിക്കുന്നത്. മുംബയ് തീരത്തിനടുത്ത് ആഡംബരക്കപ്പലിൽ ലഹരിപ്പാർട്ടിക്കിടെ ബോളിവുഡ് നടൻ ഷാരൂഖ്‌‌ഖാന്റെ മകൻ ആര്യൻഖാനും കൂട്ടുകാരും അറസ്റ്റിലായത് ശ്രദ്ധിക്കപ്പെട്ട വാർത്തയായി മാറി. റെയ്‌ഡിന് നേതൃത്വം നൽകിയത് നാഷണൽ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) മുംബയ് സോണൽ ഡയറക്ടർ സമീർ വാങ്കെഡെ എന്ന ഉദ്യോഗസ്ഥനാണ്. സുശാന്ത് സിംഗ് രാജ്‌പുത്ത് എന്ന ബോളിവുഡ് നടന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസ് അന്വേഷിച്ചതും ഇതേ ഉദ്യോഗസ്ഥനാണ്. കേസിൽ ബോളിവുഡിലെ പല പ്രമുഖരിലേക്കും അന്വേഷണം നീളുകയും ചിലരൊക്കെ കുടുങ്ങുകയും ചെയ്തു. ഇദ്ദേഹം കസ്റ്റംസ് ഓഫീസറായിരിക്കെ സിനിമാതാരങ്ങൾ ഉൾപ്പെടെയുള്ള സെലിബ്രിറ്റികൾക്ക് ഒരിളവും നൽകിയിരുന്നില്ല. 2013ൽ മുംബയ് വിമാനത്താവളത്തിൽ ഗായകൻ മിക സിംഗിനെ വിദേശപണവുമായി പിടിച്ചതും സമീർ വാങ്കെഡെയായിരുന്നു. എൻ.ബി.സിയിൽ ചുമതലയേറ്റശേഷം ഏകദേശം 17,000 കോടിയുടെ ലഹരിമരുന്ന് വേട്ട നടത്തിയത് സമീർ വാങ്കെഡെയുടെ നേതൃത്വത്തിലായിരുന്നു. വിരലിലെണ്ണാവുന്ന ഇത്തരം ഏതാനും ഉദ്യോഗസ്ഥർ വിചാരിച്ചാൽ ഏത് ലഹരി മാഫിയയെയും ഒതുക്കാം. ഏത് ഉന്നതൻ ഉൾപ്പെട്ടാലും കേസെടുക്കുമെന്ന് വന്നാൽ ലഹരി മാഫിയ വാലാട്ടി ഒതുങ്ങും. തങ്ങളെ സംരക്ഷിച്ചിരുന്ന ഉന്നത ബന്ധങ്ങൾ ഒരു ഘട്ടം കഴിയുമ്പോൾ സർവനാശത്തിന് ഇടയാകുമെന്ന തിരിച്ചറിവുണ്ടാകുമ്പോഴാണ് മാഫിയ പത്തിമടക്കുന്നത്. അതിന് ധാർമ്മികമൂല്യം മുറുകെപ്പിടിച്ച് നീങ്ങുന്ന ഉദ്യോഗസ്ഥർ ആവശ്യമാണ്. ഇത്തരക്കാരെ സ്വാധീനിക്കാൻ പൊതുവെ രാഷ്ട്രീയക്കാരും മടിക്കും. പല കോണുകളിൽ നിന്ന് ഇവർക്ക് പ്രോത്സാഹനവും സംരക്ഷണവും ലഭിക്കുകയും ചെയ്യും. ഭീകരപ്രവർത്തകരുടെ വരുമാന സ്രോതസു കൂടിയാണ് ലഹരികടത്ത്. കണ്ണടച്ച് തുറക്കുംമുമ്പ് വൻതോതിൽ പണമുണ്ടാക്കാൻ ലഹരി കടത്തിനോളം പറ്റിയ വൃത്തികെട്ട ബിസിനസ് മറ്റൊന്നില്ല. കേരളത്തിൽ ഭീകര പ്രവർത്തനത്തിന്റെ വേരോട്ടമുണ്ട്. ഇവർക്കും ലഹരി മാഫിയയുമായി ബന്ധം ഉണ്ടാകാതിരിക്കാൻ തരമില്ല. അടുത്തിടെ ഐ.പി.എസ് ലഭിച്ച, മിടുക്കനായ ഓഫീസറായ ഷൗക്കത്തലിയാണ് കേരളത്തിലെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് എസ്.പിയായി ഇപ്പോൾ നിയമിതനായിട്ടുള്ളത്. ലഹരിമരുന്ന് വേട്ടയുടെയും ഭീകരവിരുദ്ധ വേട്ടയുടെയും തലപ്പത്ത് സ്വാധീനത്തിന് വഴങ്ങാത്ത ഉദ്യോഗസ്ഥർ നടത്തുന്ന റെയ്‌ഡുകളിൽ മാത്രമേ കാര്യമുള്ളൂ. മറ്റുള്ളതെല്ലാം കണ്ണിൽ പൊടിയിടാനും പിന്നീട് അതിന്റെ പേരിൽ കൂടുതൽ പണം ഉണ്ടാക്കാനും ഉള്ള റെയ്‌ഡുകളായി മാറിയിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NARCOTICS
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.