തിരുവനന്തപുരം: കൊവിഡ് മൂലം മരിച്ചവരുടെ പട്ടിക പുതുക്കി സംസ്ഥാന സർക്കാർ. പുതിയ പട്ടികയിൽ 7000 മരണങ്ങൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. രേഖകളുടെ അഭാവം കൊണ്ട് ഇത്രയും മരണങ്ങൾ പഴയ പട്ടികയിൽ നിന്നും വിട്ടു പോയതാകാമെന്നും ഇത് ആരോഗ്യവകുപ്പ് തന്നെ കണ്ടെത്തി പ്രസിദ്ധീകരിക്കുകയായിരുന്നുവെന്നുമാണ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറയുന്നത്. മരണക്കണക്ക് ഒളിപ്പിക്കുന്നില്ലെന്നും അർഹരായവർക്ക് മുഴുവൻ ധനസഹായം ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കുകയും ചെയ്തു.
കൊവിഡ് നിയന്ത്രണത്തിൽ പുറംമേനി നടിക്കാൻ മരണങ്ങളുടെ എണ്ണം സർക്കാർ മനപൂർവം കുറച്ചുകാണിക്കുന്നുവെന്ന് വിമർശനവുമായി പ്രതിപക്ഷം നേരത്തേ രംഗത്തെത്തിയിരുന്നു. കൊവിഡിൽ സർക്കാരിന്റെ അവകാശവാദങ്ങൾ എല്ലാം പൊള്ളയാണെന്ന കുറ്റപ്പെടുത്തലുമായി പ്രതിപക്ഷം വീണ്ടും ശക്തമായി രംഗത്തെത്തിയതോടെയാണ് മരണക്കണക്ക് പുതുക്കാൻ സർക്കാർ തയ്യാറായത്. കൊവിഡ് മൂലം മരിച്ചവരുടെ ആശ്രിതർക്ക് കേന്ദ്രസർക്കാരിന്റെ അൻപതിനായിരം രൂപ ധനസഹായം കിട്ടാനിരിക്കെ പട്ടിയിൽ നിന്ന് ആയിരക്കണക്കിന് പേരെ ഒഴിവാക്കി എന്നായിരുന്നു പ്രധാന ആക്ഷേപം. ജൂൺ 16 മുതൽ ഓൺലൈൻ വഴി കണക്കുകൾ നൽകുന്നുവെന്ന് പറയുമ്പോൾ അതിന് മുമ്പ് എത്രപേർ മരിച്ചുവെന്നത് സർക്കാർ ഒളിപ്പിക്കുകയാണെന്നും കുറ്റപ്പെടുത്തലുണ്ടായി. മികച്ച പ്രതിരോധം, കുറഞ്ഞ ടിപിആർ, കുറഞ്ഞ മരണനിരക്ക് തുടങ്ങിയ കേരളത്തിന്റെ അവകാശവാദങ്ങൾ വെറും പൊള്ളയാണെന്ന് തെളിഞ്ഞെന്നും പ്രതിപക്ഷം വിമർശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |