SignIn
Kerala Kaumudi Online
Friday, 19 April 2024 10.52 AM IST

'പാർട്ടിക്കുള്ളിൽ ശത്രുക്കളില്ല ', പാർട്ടിക്കുള്ളിലെയും പുറത്തെയും വിവാദങ്ങളെക്കുറിച്ച് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ

k-surendran

പാർട്ടിക്കുള്ളിലെയും പുറത്തെയും വിവാദങ്ങളെക്കുറിച്ച് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ കേരളകൗമുദിയോട് സംസാരിച്ചു. പ്രസക്തഭാഗങ്ങളിൽ നിന്ന് -

പല പ്രചാരണങ്ങളുണ്ടായിരുന്നെങ്കിലും കേന്ദ്രനേതൃത്വം താങ്കളിൽ വീണ്ടും പൂർണ വിശ്വാസമർപ്പിച്ചിരിക്കുകയാണ് ?

സംസ്ഥാനത്ത് നടക്കുന്ന കാര്യങ്ങൾ പാർട്ടി കേന്ദ്രനേതൃത്വത്തിന് നന്നായിട്ടറിയാം. പാർട്ടിപ്രവർത്തനം എല്ലാ രീതിയിലും സുതാര്യമായിട്ടാണ് നടക്കുന്നത്. മാദ്ധ്യമങ്ങളിലൂടെ ചിലർ നടത്തിയ വെറും പ്രചാരണമാണ് മറ്റെല്ലാം.

താങ്കൾ മാറി സുരേഷ്ഗോപി വരുമെന്ന് കേട്ടിരുന്നു?

അത് അദ്ദേഹം തന്നെ നിഷേധിച്ചിരുന്നല്ലോ. പാർട്ടി ഔദ്യോഗിക സംവിധാനത്തെ തകർക്കുകയെന്ന പ്രചാരവേല പാർട്ടി ശത്രുക്കളും ചില മാദ്ധ്യമങ്ങളും തിരഞ്ഞെടുപ്പു കഴിഞ്ഞ ഉടൻ ആസൂത്രിതമായി തുടങ്ങി. അതിനൊന്നും മറുപടി പറയാൻ പറ്റില്ല.

പാർട്ടി ശത്രുക്കളോ പാർട്ടിക്കുള്ളിലെ ശത്രുക്കളോ?

പാർട്ടിക്കുള്ളിൽ ശത്രുക്കളൊന്നുമില്ല. ഇതൊക്കെ ചിലരുടെ അജണ്ടയാണ്. ആ അജണ്ടവച്ച് കഥകൾ സൃഷ്ടിക്കുകയാണ്. ബി.ജെ.പിക്കകത്ത് നേതൃമാറ്റമുണ്ടാകുമെന്നും സുരേഷ്ഗോപി പ്രസിഡന്റാകുമെന്നുമായിരുന്നു ഒരു പ്രചാരണം. നാളികേര വികസന ബോർഡുമായി ബന്ധപ്പെട്ട് ഒരുകോടി തെങ്ങിൻതൈകൾ നടുകയെന്നൊരു പോസിറ്റീവായ കാമ്പയിൻ അദ്ദേഹം ഏറ്റെടുത്തു. ഞാൻ ജില്ലാ പ്രസിഡന്റുമാരുടെ യോഗം വിളിച്ച് സുരേഷ്ഗോപിയെ പങ്കെടുപ്പിച്ച് കൈക്കൊണ്ട തീരുമാനമാണ്. അതിന്റെ ഭാഗമായി സുരേഷ് ഗോപി എല്ലായിടത്തും യാത്രചെയ്തു. അപ്പോഴാണ് പ്രചാരണം വന്നത്. ഏറ്റവും മാതൃകാപരമായി പ്രവർത്തിക്കുന്ന സുരേഷ്ഗോപി എം.പി കേരളത്തിൽ നടത്തിയ കാമ്പയിൻ അദ്ദേഹം പാർട്ടിക്കെതിരെ പടയൊരുക്കം നടത്തുകയാണെന്ന നിലയിൽ വ്യാഖ്യാനിച്ചു. ഇതിനൊക്കെ എന്തുചെയ്യാൻ പറ്റും.

കേന്ദ്രമന്ത്രി വി.മുരളീധരനും താങ്കളും ചേർന്ന് ബി.ജെ.പി കേരള ഘടകം

പിടിച്ചടക്കിയെന്നാണ് ഇപ്പോഴത്തെ പ്രചാരണം.?

വി.മുരളീധരൻ കേന്ദ്രമന്ത്രിയായശേഷം കേരളത്തിലെ ദൈനംദിന സംഘടനാ പ്രവർത്തനത്തിൽ ഒരു കാര്യവും പിടിച്ചടക്കാൻ വന്നിട്ടില്ല. ഒന്നിലും ഇടപെടാറുമില്ല. അത്ര പക്വതവന്ന രാഷ്ട്രീയ നേതാവാണ്. ഏതെങ്കിലും സ്ഥാനത്ത് ആരെയെങ്കിലും വയ്ക്കണമെന്നും അദ്ദേഹം പറഞ്ഞിട്ടില്ല. മുൻ പ്രസിഡന്റുമാർ ആരുംതന്നെ നിലവിലെ പ്രസിഡന്റിൽ നിന്ന് എന്തെങ്കിലും പിടിച്ചടക്കാനോ പ്രസിഡന്റിനെ മൂക്കുകയറിട്ടു നടത്താനോ ശ്രമിച്ചിട്ടില്ല. അങ്ങനെയൊരു പ്രവണത ബി.ജെ.പിയിലില്ല.

പാർട്ടിക്കുള്ളിൽ വിഭാഗീയത ഇല്ലെന്നാണോ താങ്കൾ പറയുന്നത്?

അങ്ങനെയല്ല. എല്ലാത്തിനെയും നെഗറ്റീവായി കാണുന്ന ചുരുക്കം ചില ആളുകളുണ്ട്. കാൽക്കോടിയിലധികം ആളുകൾ പ്രവർത്തിക്കുന്ന പാർട്ടിയാണ് കേരളത്തിലെ ബി.ജെ.പി.അതിൽ അഞ്ചോ പത്തോ ആൾക്കാർ ഇത്തരത്തിൽ എന്തെങ്കിലുമെഴുതി മാദ്ധ്യമങ്ങൾക്ക് അയച്ചുകൊടുക്കുന്നു. വലിയ വിഭാഗീയതയാണെന്നും , പ്രശ്നങ്ങൾ നടക്കുന്നുവെന്നും പൊട്ടിത്തെറിയുണ്ടായി പിളർപ്പിലേക്ക് പോകുന്നുവെന്നുമൊക്കെ വാർത്തകൾ കൊടുക്കുന്നു. ഇതൊക്കെ ചെയ്യുന്നത് മാനസിക വൈകൃതമുള്ള ചിലരാണ്.

നേതാക്കളിലാരെങ്കിലും ഈ കൂട്ടത്തിൽ പെടുമോ?

ഒരിക്കലുമില്ല. ഇത് കിരീടം സിനിമയിൽ മോഹൻലാലിനു മുന്നിൽ നടക്കുന്ന കൊച്ചിൻ ഹനീഫയുടെ കഥാപാത്രത്തെപ്പോലെയാണ് . താനാണ് ഇതിന്റെയെല്ലാം ആളെന്നു പറഞ്ഞുനടക്കുന്ന പാർശ്വവർത്തികളാണ്. ചിലപ്പോൾ അവർ പാർട്ടിയിൽ പ്രാഥമിക അംഗം പോലുമായിരിക്കില്ല. സോഷ്യൽ മീഡിയയിലും മാദ്ധ്യമങ്ങളിലും കുറച്ചുകാലങ്ങളായി ഇത്തരത്തിലുള്ള പ്രചാരണം കുറേപ്പേർ നടത്തിവരികയാണ്. എന്റെ ടേമിനു മുമ്പേ ഇതുണ്ട്. പ്രസിഡന്റാവുന്നതുവരെ എല്ലാവരും നല്ല ആളായിരിക്കും. വേണ്ടപ്പെട്ടയാളായിരിക്കും. സുരേന്ദ്രൻ നല്ലയാളാണെന്നു പറഞ്ഞ് പുകഴ്ത്തും. പ്രസിഡന്റായിക്കഴിഞ്ഞാൽ എങ്ങനെയും അടിച്ചുതാഴ്ത്താൻ നോക്കും.

ശോഭാ സുരേന്ദ്രന്റെ മുന്നിലും കൊച്ചിൻ ഹനീഫയുടെ

കഥാപാത്രംപോലെ ആരെങ്കിലും നടക്കുന്നുണ്ടോ?

ഏതെങ്കിലുമൊരു നേതാവിനെ ഉദ്ദേശിച്ചല്ല ഞാനിതൊക്കെ പറയുന്നത്. നേതാക്കൾ മനസാ വാചാ വിചാരിക്കാത്ത കാര്യങ്ങളാണ് മാദ്ധ്യമങ്ങളിൽ വരുന്നത്. അവർക്കെന്ത് ചെയ്യാൻ കഴിയും.

കേരള ഘടകത്തിലെ തീപ്പൊരി നേതാവാണ് ശോഭാ സുരേന്ദ്രൻ. അവരെ ഒതുക്കിയെന്നൊരു ഫീലിംഗ് അണികൾക്കിടയിലുണ്ടോ?

ബി.ജെ.പി അണികൾക്കിടയിലില്ല. മാദ്ധ്യമങ്ങൾ അങ്ങനെയുണ്ടാക്കുന്നുണ്ട്. പ്രസിഡന്റ് കഴിഞ്ഞാൽ അടുത്ത പദവി പാർട്ടി വൈസ് പ്രസിഡന്റാണ്.

ജില്ലാ പ്രസിഡന്റുമാരെ മാറ്റി, താങ്കളുടെ ആളുകളെ വച്ചെന്ന് വിമർശനമുണ്ട്?

കഴിഞ്ഞ തവണത്തെ പുനസംഘടനയിൽ ഉൾപ്പെടുത്താൻ കഴിയാതെ പോയവരെ ഇത്തവണത്തെ പുന:സംഘടനയിൽ എടുത്തു. അഞ്ച് ജില്ലാ പ്രസിഡന്റുമാരിൽ ഒരാൾ ഒഴികെ രണ്ട് ടേമായി തുടരുന്നവരാണ്. അവരെ മാറ്റി. അർഹമായ സ്ഥാനക്കയറ്റം നൽകിയാണ് മാറ്റിയത്.

സി.പി.എമ്മിലെപ്പോലെ കർശന നടപടികളിലേക്ക് പോവുകയാണോ?

അച്ചടക്കം പരമപ്രധാനമാണ്. അക്കാര്യത്തിൽ വിട്ടുവീഴ്ചയില്ല. മുമ്പും പാർട്ടി അങ്ങനെതന്നെയാണ്.

പ്രസിഡന്റായ ശേഷം പാർട്ടിയിൽ നിന്ന് കൂടുതൽ എതിർപ്പ് നേരിടുന്നുണ്ടോ? താങ്കൾ മാറണമെന്ന് പി.പി.മുകുന്ദൻ പറഞ്ഞു?

പി.പി.മുകുന്ദേട്ടൻ ഒരു കാലത്ത് പാർട്ടിയുടെ എല്ലാമെല്ലാമായിരുന്നു. മുകുന്ദേട്ടനെ മാറ്റിയതിന്റെ കാരണങ്ങളെല്ലാം ഞാൻ പറയാൻ പോയാൽ എന്തായിരിക്കും അവസ്ഥ. കുറച്ചുകൂടി പക്വത കാണിക്കണ്ടേ. അദ്ദേഹം പറയുന്നതിൽ എന്തെങ്കിലും അടിസ്ഥാനമുണ്ടോ. വളരെ മുതിർന്ന നേതാവായതിനാലാണ് ഞാനൊന്നും തുറന്നുപറയാത്തത്. മറുപടി പറയാൻ ഇല്ലാത്തതു കൊണ്ടല്ല.

കൊടകരകുഴൽപ്പണ കേസിന്റെ നിജസ്ഥിതി എന്തുതന്നെയായാലും അത് പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയില്ലേ?

അങ്ങനെയൊരു വാർത്തയുണ്ടാക്കി പൊലീസ് കള്ളക്കേസെടുത്തു എന്നത് ശരിയാണ്.

താങ്കൾ ചോദ്യം ചെയ്യലിനും വിധേയനായി?

ചോദ്യം ചെയ്തിട്ടെന്തായി. വലിയകാര്യങ്ങളല്ലേ കേസിന്റെ തുടക്കത്തിൽ എല്ലാവരും പറഞ്ഞത്. എന്നെ ചോദ്യം ചെയ്യാൻ ഒരവസരം കിട്ടിയാൽ അവരത് വേണ്ടെന്നുവയ്ക്കുമോ? ചോദ്യം ചെയ്യലുകളുടെയൊക്കെ അവസാനം എന്തായി. എന്നെയിപ്പോൾ കാസർകോട് ചോദ്യം ചെയ്തു. കൊടകരയിൽ ചോദ്യം ചെയ്തു. ഇനിയിപ്പോൾ ബത്തേരിയിലും ചോദ്യം ചെയ്യുമായിരിക്കും. ചോദ്യം ചെയ്യലിൽ എന്തിരിക്കുന്നു.

ചോദ്യം ചെയ്യുന്നത് ബി.ജെ.പിയുടെ സംസ്ഥാന പ്രസിഡന്റിനെയല്ലേ?

കള്ളക്കേസെടുത്ത് സർക്കാർ എന്നെ 28 ദിവസം ജയിലിൽ അടച്ചില്ലേ. ഇവിടെ കൊലക്കേസിൽ പ്രതിയായ എത്രപേരുണ്ട്. ഞാൻ കൊലക്കേസിൽ പ്രതിയൊന്നുമല്ലല്ലോ. എന്റെ പേരിൽ ഒരു കള്ളക്കേസെടുത്തു. ആവുന്നത്ര ബുദ്ധിമുട്ടിക്കാൻ ശ്രമിച്ചു. ഞാൻ അതിനെല്ലാം വഴങ്ങിയല്ലോ. ഞാൻ നെഞ്ചുവേദന അഭിനയിച്ചില്ല. ആശുപത്രിയിൽ പോയി കിടന്നില്ല. എല്ലായിടത്തും പറഞ്ഞ സമയത്തെത്തി. ശിക്ഷിക്കണമെങ്കിൽ ശിക്ഷിച്ചോട്ടെ. പക്ഷേ അതൊക്കെ രാഷ്ട്രീയ എതിരാളികൾ നടത്തുന്ന, സർക്കാർ നടത്തുന്ന ശ്രമങ്ങളാണ്. അതിന്റെ പേരിൽ സുരേന്ദ്രൻ മാറണമെന്നു പറഞ്ഞാൽ അതിന്റെ ലോജിക് നിങ്ങൾ ആലോചിക്കൂ. കൊടകരയിൽ ഒരു കവർച്ചക്കേസ് നടന്നു. പ്രതികളെ പിടിച്ചു. ബി.ജെ.പിക്ക് അതിലെന്താണ് പേടിക്കാനുഉള്ളത്.

കൊടകരകുഴൽപ്പണകേസ് ഇ.ഡി ഏറ്റെടുത്തില്ലല്ലോ?

അന്വേഷിക്കാൻ അവർക്കെന്തെങ്കിലും വേണ്ടെ?

അത് കേന്ദ്രസർക്കാരാണല്ലോ തീരുമാനിക്കുന്നത്?

ഇ.ഡി അന്വേഷിച്ചാലും ഇന്റർപോൾ അന്വേഷിച്ചാലും ബി.ജെ.പിയെ അതിൽ ബന്ധപ്പെടുത്താൻ കഴിയില്ല.

കോൺഗ്രസിൽ നിന്നും സി.പി.എമ്മിൽ നിന്നും ബി.ജെ.പിയിലേക്ക്

ആളുകൾ വരുമെന്ന് താങ്കൾ പറഞ്ഞിരുന്നു. പക്ഷേ ഇപ്പോൾ കോൺഗ്രസിൽ നിന്നും സി.പി.എമ്മിലേക്ക് ഒഴുക്കല്ലേ?

അണികൾ ഞങ്ങളോടൊപ്പം വരുന്നുണ്ട്. നേതാക്കളാണ് അവരോടൊപ്പം പോകുന്നത്. ഇമ്മാതിരിയുള്ള നേതാക്കളെ ഞങ്ങൾക്കുവേണ്ട. ,അധികാര മോഹികളായുള്ള നേതാക്കൾ വന്നിട്ടെന്തുകാര്യം. കോൺഗ്രസ് തകർന്നുതരിപ്പണമാകും. തുടർഭരണത്തിന്റെ യഥാർത്ഥ കാരണക്കാ‌ർ കോൺഗ്രസുകാരാണ്. രമേശ് ചെന്നിത്തലയെ മാത്രം നിറുത്തിയിരുന്നെങ്കിൽ മറ്റൊന്നായേനെ. അതിനിടയിൽ ഉമ്മൻചാണ്ടിയെ കൂടി നിറുത്തി. ജനങ്ങൾക്ക് ആശയക്കുഴപ്പമായി.

തിരഞ്ഞെടുപ്പിൽ ഇത്രയും തിരിച്ചടി പ്രതീക്ഷിച്ചിരുന്നോ?

എട്ടൊമ്പത് സീറ്റുകൾ കിട്ടേണ്ടതായിരുന്നു. കോൺഗ്രസും സി.പി.എമ്മും ഒത്തുകളിച്ചതിനാലാണ് അതുണ്ടാകാതെ പോയത്.

പെട്രോൾ ,ഡീസൽ വില ദിനംതോറും വർദ്ധിക്കുന്നതിൽ

ബി.ജെ.പിക്ക് ഉത്ക്കണ്ഠയില്ലേ?

ജി.എസ്.ടിയിലാക്കുന്നതിനെ എതിർക്കുന്നതാരാണ്.

പ്രസിഡന്റ് പദവി മുൾക്കിരീടമാണോ?

തിരഞ്ഞെടുപ്പിലെ തിരിച്ചടികൾ താത്‌കാലികമാണ്. ഒരു പദവിയിലിരിക്കുമ്പോൾ വരുന്ന കാര്യങ്ങൾ മാത്രമാണ് മറ്റെല്ലാം . അതിനെ ആ രീതിയിൽ കണ്ടാൽ മതി. ശക്തമായിത്തന്നെ മുന്നോട്ടു പോകും.

( അഭിമുഖത്തിന്റെ പൂർണരൂപം യൂ ട്യൂബിൽ )

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: K SURENDRAN
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.