SignIn
Kerala Kaumudi Online
Thursday, 19 February 2026 3.52 AM IST

ചന്ദ്രിക കള‌ളപ്പണം വെളുപ്പിക്കൽ കേസ്; എം കെ മുനീറിനെ ചോദ്യം ചെയ്‌ത് ഇ ഡി, അക്കൗണ്ടിലെ പണം പത്രത്തിന്റെ വാർഷിക വരിസംഖ്യയെന്ന് മൊഴി

Increase Font Size Decrease Font Size Print Page
muneer

കൊച്ചി: ചന്ദ്രിക ദിനപത്രവുമായി ബന്ധപ്പെട്ട പത്ത് കോടിയുടെ കള‌ളപ്പണം വെളുപ്പിക്കൽ കേസിൽ എം.കെ മുനീ‌ർ എം‌എൽ‌എയുടെ മൊഴിയെടുത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേ‌റ്റ്. പത്രത്തിന്റെ ഡയറക്‌ടർ എന്ന നിലയിലാണ് ഇ ഡി കൊച്ചിയിലെ ഓഫീസിൽ വച്ച് ചൊവ്വാഴ്‌ചയാണ് അദ്ദേഹത്തിന്റെ മൊഴിയെടുത്തത്.

മുൻപ് ഇതേ കേസിൽ പി കെ കുഞ്ഞാലിക്കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. അതിന് മുൻപായി കെ.ടി ജലീലിന്റെ മൊഴി ഈ കേസിൽ രേഖപ്പെടുത്തി. ജലീലിന്റെ മൊഴിയെ അടിസ്ഥാനമാക്കിയാണ് കുഞ്ഞാലിക്കുട്ടിയുടെ മൊഴിയെടുത്തത്. ഇതിനെ തുടർന്നാണ് ഇപ്പോൾ മുനീറിന്റെ മൊഴിയുമെടുത്തത്.

അക്കൗണ്ടിലുണ്ടായിരുന്നത് പത്രത്തിന്റെ വാർഷിക വരിസംഖ്യയായ പണം മാത്രമാണെന്ന് ഇ.ഡിയ്‌ക്ക് മുനീർ മൊഴി നൽകി. ദൈനംദിന കാര്യത്തിൽ താൻ ഇടപെടാറില്ല. ഫിനാൻസ് മാനേജരാണ് ഇക്കാര്യങ്ങൾ പരിശോധിക്കുക. പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങൾ ആരോഗ്യപ്രശ്‌നങ്ങളുള‌ളതിനാൽ ദൈനംദിന പ്രവർത്തനത്തിൽ ഇടപെടാറില്ല. മുനീർ അറിയിച്ചു.

കള‌ളപ്പണകേസ് ആദ്യം അന്വേഷിച്ചത് വിജിലൻസാണ്. എന്നാൽ ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് ഇ.ഡി കേസെടുത്ത് അന്വേഷണം തുടങ്ങിയത്. ചന്ദ്രിക ദിനപത്രത്തിന്റെ കൊച്ചി അക്കൗണ്ടിലെത്തിയ 10 കോടി രൂപ പാലാരിവട്ടം പാലം അഴിമതിയിൽ മുൻമന്ത്രി ഇബ്രാഹിം കുഞ്ഞിന് ലഭിച്ചതാണെന്ന ഹർജിക്കാരന്റെ ആരോപണത്തെ തുടർന്നാണ് ഹൈക്കോടതി കേസ് ഇ.ഡി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടത്.

ചന്ദ്രികയുമായി ബന്ധപ്പെട്ട മറ്റ് ലീഗ് നേതാക്കളെയും വൈകാതെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്നാണ് ഇ.ഡിയിൽ നിന്നും ലഭ്യമായ വിവരം. പത്രത്തിന്റെ മുഴുവൻ ഡയറക്‌ടർ ബോർഡ് അംഗങ്ങളെയും ചോദ്യം ചെയ്യും.

TAGS: BLACK MONEY, CHANDRIKA, DAILY, MK MUNEER, ED, QUESTIONS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY