ന്യൂഡൽഹി: കെ ടി എമ്മിന്റെ ആർ സി 125, ആർ സി 200 എന്നീ മോഡലുകൾ വിപണിയിൽ അവതരിപ്പിച്ചു. 125 സി സിക്ക് 1.82 ലക്ഷവും 200 സി സിക്ക് 2.09 ലക്ഷവും ആണ് എക്സ് ഷോറൂം വില വരുന്നത്. നിലവിൽ വിപണിയിലുള്ള മോഡലിന്റെ വിലയേക്കാൾ 2,000 രൂപ മാത്രമാണ് പുതുതലമുറയിലെ വാഹനത്തിന് വർദ്ധിപ്പിച്ചിട്ടുള്ളത്. ആർസി 200ന്റെ വില വർദ്ധിപ്പിച്ചിട്ടുമില്ല. ധാരാളം മാറ്റങ്ങൾ വരുത്തി എത്തിയ ബൈക്കുകൾക്ക് കെടിഎം വില വർദ്ധിപ്പിച്ചിട്ടില്ല എന്നത് ശ്രദ്ധേയമായാണ്. അതേസമയം ഈ വില വാഹനത്തിന്റെ പ്രചണാർത്ഥം മാത്രമാണെന്നും ആദ്യം വിപണിയിൽ എത്തുന്ന ഏതാനും വാഹനങ്ങൾ മാത്രമേ ഈ വിലയ്ക്ക് ലഭിക്കുകയുള്ളൂവെന്നും കെ ടി എം വ്യക്തമാക്കിയിട്ടുണ്ട്.
വാഹനത്തിന്റെ എയ്റോഡൈനാമിക്സിൽ വരുത്തിയിരിക്കുന്ന മാറ്റങ്ങളാണ് ശ്രദ്ധേയം. 2012 ലാണ് ഓസ്ട്രിയൻ ബൈക്ക് നിർമാതാക്കളായ കെ ടി എം ഇന്ത്യയിലെത്തുന്നത്. പോക്കറ്റിലൊതുങ്ങുന്ന വിലയ്ക്ക് സ്‌പോർട്‌സ് ബൈക്ക് എന്ന ആശയവുമായി എത്തിയ കെ ടി എം ബ്രാൻഡിന് തുടക്കം മുതലേ മികച്ച പ്രതികരണം ലഭിച്ചിരുന്നു. ഡ്യൂക്ക്, ആർസി എന്നീ രണ്ട് തരം മോഡലുകളിലാണ് കെ ടി എം ബൈക്കുകൾ വിപണിയിൽ എത്തിയത്. യുവാക്കളുടെ ഇഷ്ട വാഹനമാണെങ്കിലും, ഇതിന്റെ അമിതവേഗത ആളെക്കൊല്ലി എന്നൊരു പേര് കൂടി പൊതുജനത്തിനിടയിൽ കെ ടി എമ്മിന് സമ്പാദിച്ചു കൊടുത്തു. ആ പേര് മാറ്റുന്നതിന് വേണ്ടിയാകണം വാഹനത്തിനു മേൽ കുറച്ചു കൂടി നിയന്ത്രണം ലഭിക്കുന്ന രീതിയൽ എയ്റോഡൈനാമിക്സ് ഡിസൈൻ നവീകരിച്ചിട്ടുണ്ട്.
മുൻവശത്ത് പിസ്റ്റൺ ഫോർക്കും പിന്നിൽ ഷോക്ക് അബ്‌സോർബറും ആണ് ഇതിൽ ഉപയോഗിച്ചിട്ടുള്ളത്. എൽ സി ഡി ഡാഷ് ഡിസ്‌പ്ലേ, എൽ ഇ ഡി ഹാലജൻ ഹെഡ്‌ലാമ്പ്, സൂപ്പർമോട്ടോ മോഡ് ഉള്ള എ ബി എസ്, 13.7 ലിറ്റർ ഫ്യുവൽ ടാങ്ക് എന്നിവ ഇതിന്റെ മറ്റ് പ്രത്യേകതകളാണ്. ഇലക്ട്രോണിക്ക് ഫ്യുവൽ ഇഞ്ചക്ഷനോടെയുള്ള സിംഗിൾ സിലിണ്ടർ 4 സ്‌ട്രോക്ക് ലിക്വിഡ് കൂൾഡ് എഞ്ചിനാണ് കെ ടി എമ്മിന് കരുത്ത് പകരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |