SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.51 PM IST

ഇലക്ട്രോണിക് ഉപകരണങ്ങളുടെ കയറ്റിറക്കിന് ചുമട്ടു തൊഴിലാളി വേണ്ടെന്ന് ഹൈക്കോടതി

Increase Font Size Decrease Font Size Print Page
loading-workers

കൊച്ചി: മൊബൈൽഫോൺ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളുടെ കയറ്റിയിറക്കിന് ചുമട്ടു തൊഴിലാളികളെ നിയോഗിക്കേണ്ടതില്ലെന്നും വൈദഗ്ദ്ധ്യമുള്ള സ്വന്തം ജീവനക്കാരെ സ്ഥാപനമുടമയ്ക്ക് നിയോഗിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഇലക്ട്രോണിക് ഉപകരണങ്ങളുടെ കയറ്റിയിറക്കിന് സ്വന്തം ജീവനക്കാരെ നിയോഗിക്കുന്നതിന് പൊലീസ് സംരക്ഷണംതേടി ആലപ്പുഴ സ്വദേശി ആർ. ബാലകൃഷ്ണൻ, എറണാകുളം സ്വദേശികളായ കൃഷ്‌ണകുമാർ, എം.എസ്. സതീഷ് എന്നിവർ നൽകിയ ഹർജികളിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ചാണ് വിധി പറഞ്ഞത്.

എളുപ്പം പൊട്ടുന്നതും സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ടതുമാണെന്ന് നിർമ്മാതാക്കൾ സാക്ഷ്യപ്പെടുത്തിയ ഉത്പന്നങ്ങൾ കയറ്റിയിറക്കാൻ ചുമട്ടുതൊഴിലാളികളെ നിയോഗിക്കേണ്ടതില്ലെന്നാണ് സിംഗിൾബെഞ്ച് വ്യക്തമാക്കിയത്. ഹർജിക്കാരുടെ സ്ഥാപനങ്ങളിലെ മറ്റുത്പന്നങ്ങളുടെ കയറ്റിയിറക്കിന് ചുമട്ടുതൊഴിലാളികളെ നിയോഗിക്കണമെന്നും ഉത്തരവിൽ പറയുന്നു. ഇലക്ട്രോണിക് ഉപകരണങ്ങളുടെ കയറ്റിയിറക്ക് നടത്താൻ പൊലീസ് സംരക്ഷണം നൽകാനും നിർദ്ദേശിച്ചിട്ടുണ്ട്. എളുപ്പം തകരുന്ന ഉപകരണങ്ങളെ ചുമട്ടുതൊഴിലാളി നിയമത്തിൽ 2008ൽ കൊണ്ടുവന്ന ഭേദഗതിയനുസരിച്ച് ഒഴിവാക്കിയിട്ടുണ്ട്. മികച്ച രീതിയിൽ പായ്ക്കുചെയ്തുവരുന്ന ഇലക്ട്രോണിക് ഉപകരണങ്ങൾ എളുപ്പം തകരില്ലെന്നും ആ നിലയ്ക്ക് ചുമട്ടു തൊഴിലാളികളെ നിയോഗിക്കാമെന്നുമായിരുന്നു ചുമട്ടുതൊഴിലാളി ക്ഷേമബോർഡിന്റെ വാദം. ഈ വാദം ഹൈക്കോടതി തള്ളി.

TAGS: LOADING WORKERS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY