SignIn
Kerala Kaumudi Online
Monday, 21 September 2026 9.24 AM IST

ഇടുക്കി അണക്കെട്ടിൽ ബ്ലൂ അലർട്ട്

dam

ഇടുക്കി: സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ ആദ്യ ജാഗ്രതാ നിർദ്ദേശമായ ബ്ലൂ അലർട്ട് പുറപ്പെടുവിച്ചു. ഇന്നലെ രാവിലെ എട്ട് മണിയോടെ ജലനിരപ്പ് 2390.86 അടിയിലെത്തിയതോടെയാണ് ഡാം സുരക്ഷാ വിഭാഗത്തിന്റെ പ്രഖ്യാപനം. 2391.00 അടിയാണ് ഇന്നലെ വൈകിട്ട് ഏഴ് മണി വരെയുള്ള ഡാമിലെ ജലനിരപ്പ്. നിലവിലെ റൂൾ കേർവ് അനുസരിച്ച് 2396.86 അടിയിലെത്തിയാൽ ഓറഞ്ച് അലർട്ടും 2397.86 അടിയിലെത്തിയാൽ റെഡ് അലർട്ടും പുറപ്പെടുവിക്കും. പരമാവധി സംഭരണശേഷിയുടെ 86.25 ശതമാനമാണിത്. 2403 അടിയാണ് പരമാവധി സംഭരണശേഷി. ഇതിന് ശേഷം ഡാം തുറക്കുന്ന നടപടികൾ ആരംഭിക്കും. എന്നാൽ ഇപ്പോൾ മഴ കുറഞ്ഞുനിൽക്കുന്നതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല.

ബ്ലൂ അലർട്ട് പ്രഖ്യാപിച്ചതിന് പിന്നാലെ ഷട്ടറുകൾ തുറക്കേണ്ട ചെറുതോണി ഡാമിൽ കൺട്രോൾ റൂം തുറന്ന് ഡാം സുരക്ഷാ വിഭാഗം സ്ഥിതിഗതികൾ സൂഷ്മമായി വിലയിരുത്തി വരികയാണ്. കഴിഞ്ഞ വർഷം ഒക്ടോബർ 13നും ഇടുക്കി അണക്കെട്ടിൽ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചെങ്കിലും ഒരാഴ്ചയ്ക്ക് ശേഷം പിൻവലിച്ചിരുന്നു.

ഉത്പാദനം കൂട്ടാൻ കെ.എസ്.ഇ.ബി

ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനാൽ ഡാം തുറക്കുന്ന സാഹചര്യം ഒഴിവാക്കാൻ മൂലമറ്റം പവർഹൗസിൽ നിന്നുള്ള വൈദ്യുതി ഉത്പാദനം പരമാവധിയാക്കി കെ.എസ്.ഇ.ബി. കഴിഞ്ഞ ദിവസം വരെ 8.19 ദശലക്ഷം യൂണിറ്റ് വൈദ്യുതിയായിരുന്നു ഉത്പാദിച്ചിരുന്നത്. ഇന്നലെ മുതൽ അത് വർദ്ധിപ്പിച്ചിട്ടുണ്ട്. ആറ് ജറേറ്ററുകളിൽ അഞ്ചെണ്ണമാണ് നിലവിൽ പ്രവർത്തിപ്പിക്കുന്നത്. ഒരെണ്ണം ഒരു മാസമായി തകരാറിലാണ്. ഇന്നലെ രാവിലെ വരെയുള്ള 24 മണിക്കൂറിൽ 20.28 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളമാണ് ഡാമിലേക്ക് ഒഴുകിയെത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: IDUKKI DAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA