തിരുവനന്തപുരം: 'ഭാരതപുഴ" എന്ന ചലച്ചിത്രത്തിലെ വസ്‌ത്രാലങ്കാരത്തിന് നളിനി ജമീലയ്‌ക്ക് പ്രത്യേക ജൂറി പരാമർശവും അഭിനയത്തിന് സിജി പ്രദീപിന് പ്രത്യേക ജൂറി അവാർഡും ലഭിക്കുമ്പോൾ ഇരുവർക്കും ആഹ്ളാദമേറെയാണ്. ലൈംഗിക തൊഴിലാളിയായി ജീവിച്ച നളിനി ജമീലയാണ് സിനിമയിൽ ലൈംഗിക തൊഴിലാളിയായി വേഷമിട്ട സിജിക്ക് വസ്‌ത്രങ്ങളെടുത്ത് നൽകിയതും കഥാപാത്രമാകാൻ ധൈര്യം നൽകിയതും. നളിനിയുടെ ജീവിതകഥയല്ലെങ്കിലും സിജി അഭിനയിച്ച സുഗന്ധിക്ക് അവരുടെ ജീവിതവുമായി സാമ്യമുണ്ട്.
സംവിധായകൻ മണിലാലുമായുള്ള 22 വർഷത്തെ സൗഹൃദമാണ് നളിനിയെ 'ഭാരതപുഴ"യിലേക്ക് അടുപ്പിച്ചത്. നളിനി ജമീലയെ കാമറ പഠിപ്പിക്കാനായെത്തിയപ്പോൾ മുതലുള്ള സൗഹൃദമാണ് ഇരുവരും തമ്മിൽ. മണിലാലിന്റെ മൂന്ന് ഹ്രസ്വചിത്രങ്ങളിൽ ചെറിയ വേഷങ്ങളിൽ നളിനി ജമീല പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സിനിമയിലെ കേന്ദ്ര കഥാപാത്രമായ സുഗന്ധിക്ക് വേണ്ട വസ്‌ത്രങ്ങൾ തിരഞ്ഞെടുക്കാനാണ് നളിനിയെ മണിലാൽ ക്ഷണിച്ചത്. സുഗന്ധിക്ക് ആവശ്യമായ സാരികൾ തിരഞ്ഞെടുത്ത് കഴിഞ്ഞപ്പോൾ അവളെ സമീപിക്കുന്ന കഥാപാത്രങ്ങളുടെ വസ്‌ത്രങ്ങൾ കൂടി തിരഞ്ഞെടുക്കാൻ ആവശ്യപ്പെടുകയായിരുന്നു.
ജീവിതത്തിൽ താൻ കെട്ടിയാടിയതും കണ്ടതുമായ വേഷങ്ങൾ നളിനി ഒരിക്കൽ കൂടി കാണുകയായിരുന്നു അവിടെ. അപ്രതീക്ഷിതമായാണ് അവാർഡ് ലഭിക്കുന്നതെന്നും മുഖ്യമന്ത്രിയിൽ നിന്ന് പുരസ്‌കാരം ലഭിക്കുന്നതിന്റെ സന്തോഷത്തിലാണെന്നും കന്യാകുമാരിയിലെ വീട്ടിലിരുന്ന് നളിനി ജമീല കേരളകൗമുദിയോട് പറഞ്ഞു.
നളിനി ജമീലയുടെ പുസ്‌തകമായ 'ഒരു ലൈംഗിക തൊഴിലാളിയുടെ ആത്മകഥ" വായിച്ചിട്ടുണ്ടെങ്കിലും കഥാപാത്രമാകാൻ കൂടുതൽ ധൈര്യം ലഭിച്ചത് അവരുമായുള്ള സംസാരത്തിലൂടെയായിരുന്നെന്ന് സിജി പറയുന്നു. ബ്ലൗസിന്റെ ഇറക്കം, സാരി ഉടുക്കുന്ന രീതി, ഇരിപ്പ്, നടപ്പ് ഇവയെല്ലാം പഠിപ്പിച്ചുതന്നു. ജീവിതത്തെ സ്വതന്ത്രമായി കാണുന്ന സ്‌ത്രീയാണ് ഭാരതപുഴയിലെ കഥാപാത്രമായ സുഗന്ധി. അവൾ ഒരു പുഴ പോലെ ഒഴുകുന്ന കഥാപാത്രമായിരുന്നു. ചിത്രത്തിന്റെ ആദ്യത്തെ രണ്ട് ഷെഡ്യൂൾ മുഴുവനും നളിനി ചേച്ചി ഒപ്പമുണ്ടായിരുന്നുവെന്നും സിജി പറഞ്ഞു.
തിരുവനന്തപുരം കരകുളം ഏണിക്കര സ്വദേശിയായ സിജി ഇപ്പോൾ തൃശൂർ ഇരിങ്ങാലക്കുടയിലാണ് താമസിക്കുന്നത്. ജി. ശങ്കരപ്പിള്ള എഴുതി പ്രൊഫ. രാമാനുജം സംവിധാനം ചെയ്‌ത തിരുവനന്തപുരം അഭിനയയുടെ 'കറുത്ത ദൈവങ്ങളെ തേടി" എന്ന നാടകത്തിലൂടെയാണ് സിജി പ്രദീപ് അഭിനയരംഗത്തേക്ക് എത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |