SignIn
Kerala Kaumudi Online
Saturday, 26 September 2026 5.38 PM IST

കരിനിഴലായി കശുഅണ്ടി ഫാക്ടറികൾ, 2.5 ലക്ഷം കുടുംബങ്ങൾ പട്ടിണിയിൽ

cashunut

കൊല്ലം: അറുനൂറോളം സ്വകാര്യ കശുഅണ്ടി ഫാക്ടറികൾക്കു താഴു വീണതോടെ വഴിയാധാരമായത് സംസ്ഥാനത്തെ രണ്ടര ലക്ഷത്തോളം തൊഴിലാളികുടുംബങ്ങൾ. പ്രവർത്തിക്കുന്ന നൂറോളം സ്വകാര്യ ഫാക്ടറികളിൽ വല്ലപ്പോഴും മാത്രമാണ് തൊഴിലുള്ളത്. 40 പൊതുമേഖലാ ഫാക്ടറികളിലും സ്ഥിരമായി ജോലി ലഭിക്കുന്നില്ല.

ഏഴ് വർഷം മുൻപുമുതലാണ് സ്വകാര്യ ഫാക്ടറികളിൽ ഭൂരിപക്ഷവും അടഞ്ഞുതുടങ്ങിയത്. അമിത കൂലി കാരണം വ്യവസായം നടത്താൻ കഴിയുന്നില്ലെന്ന പേരിൽ ഒരു വിഭാഗം സ്വകാര്യ മുതലാളിമാർ ഫാക്ടറികൾ തമിഴ്നാട്ടിലേക്കു മാറ്റി. വ്യവസായത്തിലെ നഷ്ടം കാരണം വായ്പകൾ തിരിച്ചടയ്ക്കാൻ കഴിയാതെ ജപ്തി നടപടികൾ നേരിടേണ്ടി വന്നപ്പോഴാണ് മറ്റൊരു വിഭാഗം ഫാക്ടറികൾ പൂട്ടിയത്. എന്നാൽ തൊഴിലാളികൾക്ക് എല്ലാവിധ ആനുകൂല്യങ്ങളും നൽകി ലാഭത്തിൽ പ്രവർത്തിക്കുന്ന സ്വകാര്യ ഫാക്ടറികളും കൊല്ലം ജില്ലയിലുണ്ട്.

താങ്ങാനാവാത്ത കൂലി എന്ന വാദം ഉയരുമ്പോഴും വളരെ തുച്ഛമായ പ്രതിഫലമാണ് ഇപ്പോഴും കശുഅണ്ടി മേഖലയിലുള്ളത്. അഞ്ചു വർഷം കൂടുമ്പോഴാണ് കൂലി പുതുക്കേണ്ടത്. യു.ഡി.എഫ് സർക്കാരിന്റെ കാലത്താണ് ഒടുവിലായി കൂലി പരിഷ്കരിച്ചത്.

സർക്കാർ നിശ്ചയിച്ച കൂലി

ജോലി, കൂലി, ഒരു ദിവസത്തെ ജോലിയുടെ അളവ്

 ഷെല്ലിംഗ് (തോടിളക്കൽ): 36.19 രൂപ (കിലോയ്ക്ക്), 8 മുതൽ 10 കിലോ വരെ

 പീലിംഗ് (തൊലി കളയൽ): 46.30 രൂപ (കിലോയ്ക്ക്), 7കിലോ വരെ

 ഗ്രേഡിംഗ് (തൊലികളഞ്ഞ കശുഅണ്ടി തരംതിരിക്കൽ), 285 രൂപ (ഒരു വേലയ്ക്ക്)

ഫാക്ടറികൾ

 ലൈസൻസുള്ള ഫാക്ടറികൾ: 864

 സ്വകാര്യ ഫാക്ടറികൾ: 824

 പൊതുമേഖലയിൽ: 40

(കാപെക്സ് ഫാക്ടറികൾ: 10, കാഷ്യു കോർപ്പറേഷൻ: 30)

ഇ.എസ്.ഐ ഇല്ല

ആറ് മാസത്തിനിടെ 76 ഹാജർ ഉണ്ടെങ്കിലേ ഇ.എസ്.ഐ ആനുകൂല്യം ലഭിക്കുകയുള്ളു. ഇത്രയും തൊഴിൽ ലഭിക്കാത്തതിനാൽ കാഷ്യു കോർപ്പറേഷൻ, കാപെക്സ് ഫാക്ടറികളിലെ തൊഴിലാളികളിൽ ഭൂരിപക്ഷത്തിനും ഇ.എസ്.ഐ അനുകൂല്യം നഷ്ടമായി.

ഫലംകാണാതെ പാക്കേജ്

സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പുനരുദ്ധാരണ പാക്കേജിന്റെ നടപടികൾ ഇഴയുകയാണ്. കടക്കെണിയിലായ അഞ്ഞൂറോളം സ്വകാര്യ ഫാക്ടറികളിൽ ഒരുവിഭാഗം ജപ്തിഭീഷണിയിലാണ്. നിലവിലെ വായ്പയുടെ പിഴപ്പലിശ പൂർണമായും ഒഴിവാക്കി, വായ്പ പുനഃക്രമീകരിച്ച് ഫാക്ടറികൾ തുറക്കാൻ കൂടുതൽ വായ്പ നൽകുന്നതായിരുന്നു പാക്കേജ്. ഇതിനായി 2020-21ലെ ബഡ്ജറ്റിൽ 25 കോടി രൂപ നീക്കിവച്ചു. ബാങ്കുകളുടെ കടുംപിടിത്തം കാരണം 70 ഫാക്ടറികൾക്കു മാത്രമാണ് പാക്കേജിന്റെ ഗുണം ലഭിച്ചത്. മൂന്നു കോടി രൂപ മാത്രമാണ് സർക്കാർ അനുവദിച്ചത്. ജപ്തിഭയന്ന് കൊല്ലത്ത് രണ്ട് കശുഅണ്ടി ഫാക്ടറി ഉടമകൾ ജീവനൊടുക്കിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASHUNUT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA