SignIn
Kerala Kaumudi Online
Friday, 18 September 2026 12.59 PM IST

ഇടുക്കിയിൽ ജലനിരപ്പ് താഴുന്നില്ല, കൂടുതൽ ഷട്ടറുകൾ തുറന്നേക്കും

idukki-dam

ഇടുക്കി: ഇടുക്കി ജലസംഭരണിയുടെ ഭാഗമായ ചെറുതോണി ഡാമിന്റെ മൂന്ന് ഷട്ടറുകൾ 35 സെന്റിമീറ്റർ വീതം തുറന്ന് സെക്കൻഡിൽ ഒരു ലക്ഷം ലിറ്റർ ജലം പുറത്തേക്കൊഴുക്കിയിട്ടും വൈദ്യുതി ഉത്പാദനം 45 മില്യൺ യൂണിറ്റ് വരെ കൂട്ടിയിട്ടും ജലനിരപ്പ് താഴുന്നില്ല. അണക്കെട്ട് തുറന്ന് രണ്ട് ദിവസം പിന്നിടുമ്പോൾ അരയടി പോലും ജലനിരപ്പ് താഴ്ന്നിട്ടില്ല.

ചൊവ്വാഴ്ച ജലനിരപ്പ് 2398.08 അടിയിലെത്തിയപ്പോഴാണ് ഷട്ടറുകൾ തുറന്നത്. ഇന്നലെ രാത്രി അവസാനം വിവരം ലഭിക്കുമ്പോൾ 2398 അടിയാണ് ജലനിരപ്പ്. കുറഞ്ഞത് വെറും 0.08 അടി. ഷട്ടർ വഴി പുറത്തേക്കൊഴുക്കുന്ന ജലത്തേക്കാൾ കൂടുതലാണ് ഡാമിലേക്ക് ഒഴുകിയെത്തുന്ന ജലം. വൃഷ്ടി പ്രദേശത്ത് മഴ തീരെ കുറവായിരുന്നെങ്കിലും 11.726 ദശലക്ഷം ഘനമീറ്റർ ജലമാണ് കഴിഞ്ഞ 24 മണിക്കൂറിൽ അണക്കെട്ടിലേക്ക് ഒഴുകിയെത്തിയത്. എന്നാൽ 7.245 ദശലക്ഷം ഘനമീറ്റർ ജലമാണ് 24 മണിക്കൂറിൽ പുറത്തേക്കൊഴുക്കിയത്.

9.9258 ദശലക്ഷം ഘനമീറ്റർ ജലം വൈദ്യുതി ഉത്പാദിപ്പിക്കാനായി കൂടി എടുത്തത് കൊണ്ടാണ് നേരിയ കുറവ് ജലനിരപ്പിലുണ്ടായത്. ന്യൂനമർദത്തെ തുടർന്ന് ശക്തമായ മഴയുണ്ടാകുമെന്ന കേന്ദ്ര ശക്തമായ മഴ ഭീഷണിയെ തുടർന്ന് ചൊവ്വാഴ്ച രാവിലെയാണ് ജലനിരപ്പ് 2398.08 അടി പിന്നിട്ട സമയത്ത് ചെറുതോണി അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകൾ ഉയർത്തിയത്. രാവിലെ 10.59ന് ആണ് ആദ്യ ഷട്ടർ തുറന്നത്, പിന്നീട് 1.30 മണിക്കൂർ ഇടവേളയിൽ മറ്റ് രണ്ട് ഷട്ടറുകളും തുറന്നു.

മഴ ശക്തമായാൽ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകൾ കൂടുതൽ തുറക്കേണ്ടി വന്നേക്കും. കേന്ദ്രജല കമ്മിഷന്റെ പുതുക്കിയ റൂൾ ലെവൽ അനുസരിച്ച് ഇന്ന് മുതൽ 2399.31 വരെ ജലനിരപ്പുയർത്താം. എന്നാൽ കാലാവസ്ഥാ മുന്നറിയിപ്പ് അനുസരിച്ച് വൃഷ്ടിപ്രദേശത്ത് മഴ കൂടുതൽ കനക്കുകയും ഡാമിലേക്കുള്ള നീരൊഴുക്ക് ഇതിലും കൂടുകയും ചെയ്താൽ ജലനിരപ്പ് ഇതിലും ഉയരും. അപ്പോൾ കൂടുതൽ ഷട്ടറുകൾ ഉയ‌ത്തുകയല്ലാതെ മറ്റ് പോംവഴികളില്ലാതെ വരും. ഇന്നലെ വൈകിട്ടോടെ ഇടുക്കിയിൽ മഴ വീണ്ടും ശക്തമായിട്ടുണ്ട്. തുലാമഴ കൂടി വരാനിരിക്കെ ഇടുക്കിയിലെ ജലനിരപ്പ് കാര്യമായി കുറയാതെ തുടരുന്നത് പെരിയാർ തീരവാസികൾക്കിടയിൽ ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. ആകെയുള്ള അഞ്ച് ജനറ്റേറുകളിൽ നാലും പ്രവർത്തിപ്പിച്ച് കെ.എസ്.ഇ.ബി പരമാവധി വൈദ്യുതി ഉത്പാദിപ്പിക്കുന്നുണ്ട്. ഒരു ജനറേറ്റർ മാസങ്ങളായി തകരാറിലാണ്. ഇന്നലെ മൂലമറ്റം പവർഹൗസിൽ 14.859 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ചു. കഴിഞ്ഞ 24 മണിക്കൂറിൽ 28.512 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ വെള്ളാമണ് ഒഴുകിയെത്തിയത്.

'വലിയ തോതിൽ വെള്ളം തുറന്നുവിട്ട് ജലനിരപ്പ് കുറയ്ക്കുകയല്ല ലക്ഷ്യം. നിലവിലെ റൂൾകർവ് പാലിച്ച് ജലനിരപ്പ് നിയന്ത്രിക്കുകയാണ് ചെയ്യുന്നത്. പരമാവധി വൈദ്യുതി ഉത്പാദിപ്പിക്കുന്നുണ്ട്. ഓരോ മണിക്കൂറിലും സ്ഥിതിഗതികൾ വിലയിരുത്തി വരികയാണ്.

- എസ്. സുപ്രിയ (ഡാം സേഫ്‌റ്റ് ചീഫ് എൻജിനിയർ)​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: IDUKKI DAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA