ഗുവാഹത്തി: ഇന്ധനവില നേരിടാൻ പുതിയ ആശയവുമായെത്തിയ അസാം ബി.ജെ.പി അദ്ധ്യക്ഷൻ ബബീഷ് കലിത വിവാദത്തിൽ.
100 കടന്ന പെട്രോൾ വില 200ലെത്തിയാൽ മൂന്നാളുകളെ ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യാൻ അനുവദിക്കണമെന്ന വാദവുമായാണ് മുൻ മന്ത്രി കൂടിയായ ബബീഷ് രംഗത്തെത്തിയത്.
'പെട്രോൾ വില 200 ലെത്തിയാൽ മൂന്നാളുകളെ ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യാൻ സർക്കാർ അനുവദിക്കണം. വാഹനനിർമാതാക്കൾ മൂന്ന് പേർക്ക് സഞ്ചരിക്കാൻ കഴിയുന്ന രീതിയിൽ സീറ്റുകൾ ക്രമീകരിക്കണം. -ബബീഷ് പറഞ്ഞു. വില കൂടിയ കാറുകളിൽ സഞ്ചരിക്കുന്നതിന് പകരം ജനങ്ങൾ ഇരുചക്രവാഹനങ്ങളെ ആശ്രയിക്കണമെന്നും അങ്ങനെയെങ്കിൽ പെട്രോൾ ലാഭിക്കാനാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇക്കഴിഞ്ഞ ജൂണിലാണ് ബബീഷിനെ പാർട്ടി അദ്ധ്യക്ഷനാക്കിയത്.
'ഭരണകക്ഷിയായ ബി.ജെ.പി അദ്ധ്യക്ഷൻ ഇത്തരത്തിലുള്ള വിചിത്രമായ പ്രസ്താവന നടത്തുന്നത് വളരെ ആശങ്കാജനകമാണ്. അദ്ദേഹത്തിന്റെ പ്രസ്താവന തമാശയാണോ അതോ ഗൗരവത്തിലാണോ?-" അസാം കോൺഗ്രസ് മീഡിയ ഡിപ്പാർട്ട്മെന്റ് ചെയർപേഴ്സണായ ബോബീറ്റ ശർമ്മ ചോദിച്ചു.
പെട്രോൾ വില ലിറ്ററിന് 100 രൂപയിൽ താഴെയായിരുന്നപ്പോൾ അന്ന് പ്രതിപക്ഷ പാർട്ടിയായിരുന്ന ബി.ജെ.പി നടത്തിയ പ്രതിഷേധങ്ങളെ അവർ ഓർമ്മിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |