SignIn
Kerala Kaumudi Online
Wednesday, 18 February 2026 4.08 PM IST

സംസാര വൈകല്യം പഴങ്കഥ : പാട്ടും പാടി വിഷ്ണു റെക്കാഡടിച്ചു

Increase Font Size Decrease Font Size Print Page
vishnu

മാള: സംസാരിക്കുമ്പോൾ വിഷ്ണുവിന് ചില വാക്കുകൾ വഴങ്ങില്ല. ഓർമ്മ നിൽക്കാത്തതിനാൽ ചെറുപ്പത്തിലേ പഠനവൈകല്യവും കൂടെയുണ്ട്. പക്ഷേ എല്ലാ വൈകല്യങ്ങളെയും കുടഞ്ഞെറിഞ്ഞ് പാറപ്പുറം സ്വദേശിയായ കളപ്പുരക്കൽ രാമന്റെയും ശാന്തയുടെയും മകനായ വിഷ്ണു (25) റേഡിയോ ജോക്കിയായി.

ഇപ്പോഴിതാ 20 മിനിറ്റ് 13 സെക്കൻഡിൽ പത്ത് നാടൻപാട്ടുകൾ കോർത്തിണക്കി നിറുത്താതെ പാടി ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്‌സിൽ ഇടവും കണ്ടെത്തി. നാടൻ പാട്ടുകളോടുള്ള അടുപ്പമാണ് എല്ലാ നേട്ടങ്ങളുടെയും പിന്നിൽ. നാടൻ പാട്ടിലെ മികവാണ് റേഡിയോ ജോക്കിയായി പരിഗണിക്കാൻ ഇടയാക്കിയത്. നാടൻ പാട്ടും നാട്ടറിവും ഉൾക്കൊള്ളുന്ന ഒരു മണിക്കൂറിലെ നാട്ടുപൊലിമ എന്ന പരിപാടിയാണ് ആർ.ജെ റാം എന്ന പേരിൽ റേഡിയോയിൽ അവതരിപ്പിക്കുന്നത്. വായ്‌മൊഴി, വരമൊഴി പാട്ടുകളാണ് വിഷ്ണു റെക്കാഡ് ലഭിക്കാനായി പാടിയത്. പത്തിൽ ആറെണ്ണവും വായ്‌മൊഴി പാട്ടുകളാണ്.

ജനിച്ചപ്പോൾ തൂക്കക്കുറവുണ്ടായിരുന്ന വിഷ്ണുവിന് മൂന്ന് വയസിന് ശേഷമാണ് സംസാര ശേഷി ലഭിച്ചത്. നടക്കാൻ തുടങ്ങിയപ്പോഴും വൈകി. പിന്നീട് പഠനകാലത്ത് സംസാരത്തിന് വേഗത കൂടിയെങ്കിലും ചില അക്ഷരങ്ങൾ വഴങ്ങില്ലായിരുന്നു. ഇപ്പോഴും ഹോമിയോപ്പതി ചികിത്സ തുടരുകയാണ്. നിരന്തര പരിശീലനത്തിലൂടെയാണ് തടസങ്ങൾ വിഷ്ണു മറികടന്നത്. സംസാരവൈകല്യം പൂർണമായി ഇപ്പോഴും ഭേദമായിട്ടില്ല. വിഷ്ണു രചനയും സംഗീതവും നിർവ്വഹിച്ച് ആലപിക്കുന്ന നാടൻ പാട്ട് റെക്കാഡിംഗിന് ഒരുങ്ങുകയാണ്. ഇതിനകം 30 ലേറെ കവിതകളും അഞ്ച് നാടൻ പാട്ടുകളും എഴുതി.

കലാഭവൻ മണിയെ കുറിച്ചുള്ള ലേഖനം പട്ടിക ജാതി വികസന വകുപ്പിന്റെ മാസികയായ പടവുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിരവധി പ്രാദേശിക പ്രസിദ്ധീകരണങ്ങളിലും കവിതകൾ അച്ചടിച്ചിട്ടുണ്ട്. ചാലക്കുടി പരിയാരം മനോജ് കലിക്കലാണ് നാടൻ പാട്ടിലെ ഗുരുനാഥൻ.

കവിതകൾ പുസ്തകമായി പ്രസിദ്ധീകരിക്കാൻ ആഗ്രഹമുണ്ട്. നാടൻ പാട്ടുകൾ പാടാനും അവയെക്കുറിച്ച് കൂടുതൽ പഠിക്കാനും താൽപ്പര്യമുണ്ട്. പേരക്ക ബുക്‌സിന്റെ ഓണപ്പതിപ്പിലും വിഷുപ്പതിപ്പിലും മാഗസിനുകളിലും സോഷ്യൽ മീഡിയയിലും കവിതകൾ എഴുതിയിട്ടുണ്ട്.

കെ.ആർ വിഷ്ണു.

TAGS: LOCAL NEWS, THRISSUR, VISHNU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY