കൊച്ചി: പരിഷ്‌കരിച്ച കുർബാന രീതി ബഹിഷ്‌കരിക്കാൻ എറണാകുളം അങ്കമാലി അതിരൂപതയ്‌ക്ക് പിന്നാലെ സീറോ മലബാർ സഭയുടെ മറ്റ് രൂപതകളിലും നീക്കം ശക്തമായി. ജനാഭിമുഖമായ കുർബാനയേ അർപ്പിക്കുവെന്ന തീരുമാനത്തിലാണ് വൈദികരുടെ കൂട്ടായ്‌മ. ജനാഭിമുഖവും അൾത്താരാഭിമുഖവുമായ കുർബാനകൾ സമന്വയിപ്പിച്ച് പുതിയ രീതി നടപ്പാക്കാൻ സഭാ സിനഡ് തീരുമാനിച്ചിരുന്നു. നവംബർ 28 മുതൽ പുതിയ രീതിയിൽ കുർബാന അർപ്പിക്കണമെന്നാണ് നിർദ്ദേശം. വിശ്വാസികൾ, വൈദികർ എന്നിവരുമായി കൂടിയാലോചന നടത്താതെയും ഭൂരിപക്ഷം ബിഷപ്പുമാരുടെ എതിർപ്പ് വകവയ്ക്കാതെയുമാണ് തീരുമാനമെന്നാണ് ആരോപണം. പരിഷ്‌കരിച്ച കുർബാനരീതി നടപ്പാക്കില്ലെന്ന് ചൊവ്വാഴ്ച ചേർന്ന എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികരുടെ യോഗം തീരുമാനിച്ചിരുന്നു. അര നൂറ്റാണ്ടോളമായി ജനാഭിമുഖ കുർബാന അർപ്പിക്കുന്ന തൃശൂർ, ഇരിങ്ങാലക്കുട, പാലക്കാട്, താമരശേരി രൂപതകളിലും പ്രതിഷേധം ശക്തമാണ്. പതിറ്റാണ്ടുകളായി തുടരുന്ന സമ്പ്രദായത്തിൽ മാറ്റം വരുത്താൻ അനുവദിക്കില്ലെന്ന് വൈദികരുടെ കൂട്ടായ്‌മാ ഭാരവാഹികൾ അറിയിച്ചു.