SignIn
Kerala Kaumudi Online
Thursday, 25 April 2024 6.29 AM IST

കോൺഗ്രസിന് ഉണർവേകി ചെറിയാന്റെ തിരിച്ചുവരവ്

cheriyan-philip

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് തിരിച്ചടിയും പുന:സംഘടനാ തർക്കങ്ങളും നേതാക്കളുടെ കൊഴിഞ്ഞുപോക്കും സൃഷ്ടിച്ച അസ്വസ്ഥതകൾക്കിടയിൽ സി.പി.എം സഹവാസമുപേക്ഷിച്ചുള്ള ചെറിയാൻ ഫിലിപ്പിന്റെ തിരിച്ചുവരവ് സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന് ആശ്വാസമേകുന്നതായി. സംഘടനാ ജനറൽ സെക്രട്ടറിയായിരുന്ന കെ.പി. അനിൽകുമാറിനെ എ.കെ.ജി സെന്ററിൽ വരവേറ്റ് രാഷ്ട്രീയനേട്ടത്തിന് മുതിർന്ന സി.പി.എമ്മിന് അതേ നാണയത്തിലുള്ള തിരിച്ചടിയാണ് ചെറിയാന്റെ മടക്കമെന്ന് കോൺഗ്രസ് കരുതുന്നു. നേതൃമാറ്റങ്ങളും ഡി.സി.സി പ്രസിഡന്റുമാരുടെ നിയമനവും കെ.പി.സി.സി പുന:സംഘടനയും കോൺഗ്രസിൽ കുറേ പേരെയെങ്കിലും അസ്വസ്ഥരും നിരാശരുമാക്കിയതിന്റെ പ്രതിഫലനമായാണ് പലരുടെയും കൊഴിഞ്ഞുപോക്ക് വിലയിരുത്തപ്പെട്ടത്. നെടുമങ്ങാട് നിയമസഭാ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന പി.എസ്. പ്രശാന്താണ് ആദ്യം പുറത്തുപോയി സി.പി.എമ്മിൽ ചേർന്നത്. കെ.പി.സി.സി ജനറൽ സെക്രട്ടറിയായിരുന്ന ജി. രതികുമാറും കാർഷിക വികസന ബാങ്ക് ചെയർമാനായിരുന്ന സോളമൻ അലക്സും കെ.പി. അനിൽകുമാറിന് ശേഷം കോൺഗ്രസ് വിട്ട പ്രമുഖരാണ്. ഇവരെയെല്ലാം വീരോചിതമായി വരവേറ്റ സി.പി.എം, മുഖ്യമന്ത്രിയെ പങ്കെടുപ്പിച്ചുള്ള സ്വീകരണ യോഗവുമൊരുക്കിയത് കോൺഗ്രസിനകത്ത് കൂടുതൽ പൊട്ടിത്തെറിയുണ്ടാവട്ടെയെന്ന കണക്കുകൂട്ടലോടെയായിരുന്നു.പോയ നേതാക്കളുടെ ചുവടുപിടിച്ച്, ഇനിയും സി.പി.എമ്മിനൊപ്പം ചേരാനായി ചാഞ്ചാടി നിൽക്കുന്നവരെ പുനർചിന്തനത്തിന് പ്രേരിപ്പിക്കാൻ ചെറിയാൻ ഫിലിപ്പിന്റെ തിരിച്ചുവരവിന് സാധിക്കുമെന്ന് കോൺഗ്രസ് കണക്കുകൂട്ടുന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായി ആത്മബന്ധം പുലർത്തിയിരുന്ന നേതാവിന് പോലും സി.പി.എം പാളയം ഉപേക്ഷിക്കേണ്ടി വന്നുവെന്ന് സ്ഥാപിക്കാനാവുമെന്നതാണ് കോൺഗ്രസ് നേട്ടമായി കാണുന്നത്. കോൺഗ്രസിൽ നിൽക്കാനാവാതെ നേതാക്കളും പ്രവർത്തകരും വിട്ടുപോവുകയാണെന്നുള്ള സി.പി.എം പരിഹാസത്തിന് ഇനി കോൺഗ്രസിന്റെ മറുപടി, എ.കെ.ജി സെന്ററിന്റെ അകത്തളങ്ങളിൽ വരെ സ്വാധീനമുണ്ടായിരുന്ന ചെറിയാനെ പോലും പിടിച്ചുനിറുത്താനാവാത്തവർ എന്നാകും. തിരിച്ചടിക്കുള്ള ആയുധമായി വരുംകാലങ്ങളിൽ ഇതിനെ ഉപയോഗിക്കാനാണ് കോൺഗ്രസ് നീക്കം. മുതിർന്ന നേതാവ് എ.കെ. ആന്റണിയുടെ കാർമ്മികത്വത്തിൽ പുതിയ സംസ്ഥാന നേതൃത്വമാണ് ചെറിയാനെ മടക്കിയെത്തിച്ചതിന് ചുക്കാൻ പിടിച്ചത്. സംഘടനാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടക്കവേ, ചെറിയാനെ നല്ല പരിഗണന നൽകി ഒപ്പം നിറുത്താനുള്ള കണക്കുകൂട്ടലിലാണ് നേതൃത്വം. ഗ്രൂപ്പ് തന്ത്രങ്ങളെ മറികടക്കാൻ ചെറിയാന്റെ പിൻബലം ഗുണമാകുമെന്ന ചിന്തയുമുണ്ട്. പ്രവർത്തകരുടെ വീര്യമുണർത്താൻ ചെറിയാനെപ്പോലും തിരിച്ചെത്തിച്ച നേതൃത്വമെന്ന ഖ്യാതി തുണയാകുമെന്നാണ് കണക്കുകൂട്ടൽ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CHERIYAN PHILIP
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.