തൃശൂർ:തൃശൂർ ലോക്‌സഭാ മണ്ഡലത്തിലെ എൻ. ഡി. എ സ്ഥാനാർത്ഥി സുരേഷ് ഗോപി ശബരിമലയുടെയും അയ്യപ്പന്റെയും പേരിൽ വോട്ട് ചോദിച്ചത് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് കാട്ടി ജില്ലാകളക്ടർ നോട്ടീസയച്ചതോടെ ശബരിമലയുടെ പേരിൽ ബി. ജെ. പിയും തിരഞ്ഞെടുപ്പ് കമ്മിഷനും തമ്മിൽ ഏറ്റുമുട്ടലിന് കളമൊരുങ്ങി.
ശബരിമലയെയും അയ്യപ്പനെയും തിരഞ്ഞെടുപ്പ് വിഷയമാക്കരുതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാൽ
സുരേഷ് ഗോപിയുടെ പ്രസംഗത്തോടെ ശബരിമല തിരഞ്ഞെടുപ്പ് വിഷയമാകാനും അരങ്ങൊരുങ്ങി.
വെള്ളിയാഴ്ച തേക്കിൻ കാട് മൈതാനിയിൽ എൻ. ഡി. എ കൺവെൻഷനിൽ
സുരേഷ് ഗോപി നടത്തിയ പ്രസംഗത്തിൽ അയ്യൻ എന്ന് എടുത്ത് പറഞ്ഞ് ശബരിമലയുടെ പശ്ചാത്തലത്തിൽ വോട്ടിന് വേണ്ടി അപേക്ഷിച്ചതാണ് വിവാദമായത്. ഇത് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് കാട്ടിയാണ് ജില്ലാ വരണാധികാരിയായ കളക്‌ടർ ടി. വി അനുപമ
സുരേഷ് ഗോപിക്ക് നോട്ടീസയച്ചത്.
താൻ തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചിട്ടില്ലെന്നും പ്രസംഗത്തിൽ ഉറച്ചു നിൽക്കുന്നുവെന്നും നോട്ടീസിന് പാർട്ടി മറുപടി പറയുമെന്നും
സുരേഷ്ഗോപിയും അദ്ദേഹത്തെ ന്യായീകരിച്ച്
ബി. ജെ. പിയും ഇന്നലെ രംഗത്തെത്തി. മറുവശത്ത്
കളക്ടറുടെ നോട്ടീസ് ശരിവച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയും രംഗത്തെത്തി.
വിവാദ പ്രസംഗത്തിന്റെ ഒടുവിൽ, പ്രചാരണത്തിൽ ഇനി ശബരിമല വിഷയം മിണ്ടില്ലെന്നു പ്രതിജ്ഞയെടുക്കുന്നതായി സുരേഷ് ഗോപി തന്ത്രപൂർവം പറഞ്ഞിരുന്നു. ഈ വാചകം മുൻനിർത്തിയാകും നോട്ടീസിന് വിശദീകരണം നൽകുക.
സുരേഷ് ഗോപിയെ പിന്തുണച്ച ബി. ജെ. പി വക്താവ് ബി.ഗോപാലകൃഷ്ണൻ കളക്ടറുടെ നടപടി വിവരക്കേടാണെന്നും കളക്ടർ സംസ്ഥാന സർക്കാരിന് ദാസ്യപ്പണി ചെയ്യുകയാണെന്നും ആക്ഷേപിച്ചു.
ഔദ്യോഗിക ജോലിയാണ് താൻ ചെയ്‌തതെന്ന് കളക്ടർ ടി. വി അനുപമ വിശദീകരിച്ചു.അതിന് പിന്നാലെയാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ കളക്ടറെ ന്യായീകരിച്ചത്.
അതേസമയം, മീണ മുൻവിധിയോടെ പെരുമാറിയെന്ന് ബി. ജെ. പി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരൻ പിള്ള കുറ്റപ്പെടുത്തി.
സുരേഷ് ഗോപി
ഒരു ഭക്തനെ സംബന്ധിച്ച് എന്തൊരു ഗതികേടാണ്. ഇഷ്ടദേവന്റെ പേരു പറയാൻ പാടില്ലേ?അയ്യന്റെ അർത്ഥം പരിശോധിക്കണം. ഇതെല്ലാം ജനങ്ങൾ കൈകാര്യം ചെയ്യും. എന്തൊരു ജനാധിപത്യമാണിത് ? ശബരിമല തിരഞ്ഞെടുപ്പ് വിഷയമാക്കില്ലെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്.
പി. എസ്. ശ്രീധരൻ പിള്ള
ശബരിമല വിഷയം ഇനിയും ബി.ജെ.പി പ്രചാരണത്തിൽ ഉന്നയിക്കും. അയ്യപ്പന്റെ പേരിൽ സുരേഷ് ഗോപി വോട്ടു ചോദിച്ചിട്ടില്ല.
സുരേഷ് ഗോപിയുടെ പ്രസംഗം
''ഞാൻ തൃശിവപേരൂരുകാരുടെ മുന്നിൽ കേരളത്തിന്റെ ഒരു പരിച്ഛേദത്തിനോടാണ് ശബരിമലയുടെ പശ്ചാത്തലത്തിൽ വോട്ടിനു വേണ്ടി അപേക്ഷിക്കുന്നത്. എന്റെ അയ്യൻ, എന്റെ അയ്യൻ, നമ്മുടെ അയ്യൻ, ആ അയ്യൻ എന്റെ വികാരമാണെങ്കിൽ, ഈ കിരാതസർക്കാരിനുള്ള മറുപടി ഈ തിരഞ്ഞെടുപ്പിലൂടെ കേരളത്തിലല്ല, ഭാരതത്തിൽ മുഴുവൻ, അയ്യന്റെ ഭക്തർ അത് അലയടിപ്പിച്ചിരിക്കും. എന്റെ പ്രചാരണവേളകളിൽ ശബരിമല ഞാൻ ചർച്ചയാക്കില്ല എന്ന് പ്രതിജ്ഞ ചെയ്യുകയാണിവിടെ.''
ജോലിയാണ് ചെയ്‌തത്: കളക്ടർ ടി. വി അനുപമ
ബി.ജെ.പിയുടെ പ്രസ്താവനയോട് പ്രതികരിക്കാനില്ല. എന്റെ ജോലി മാത്രമാണ് ചെയ്തത്. ബി.ജെ.പിയുടെ മറുപടി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് കൈമാറും. തുടർ നടപടി സ്വീകരിക്കുന്നതും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറാണ്.
മീണ
ദൈവത്തിന്റെ പേര് പറഞ്ഞ് വോട്ട് ചോദിക്കലാണ് പ്രശ്നം. ദൈവം എല്ലാവരുടേതുമാണ്. അത് ഒരു പാർട്ടിയുടെയോ, സ്ഥാനാർത്ഥിയുടെയോ സ്വന്തമാണെന്ന മട്ടിൽ പ്രചാരണം നടത്തരുത്. കളക്ടറുടെ നടപടി ശരിയാണ്. കളക്‌ടറുടെ നോട്ടീസിന് സുരേഷ് ഗോപിക്കു മറുപടി നല്‍കാം. രാഷ്ട്രീയപാർട്ടികളുടെ അഭിപ്രായം കണക്കിലെടുത്തുണ്ടാക്കിയതാണ് പെരുമാറ്റച്ചട്ടം. അത് പാലിക്കേണ്ടത് അവരുടെ ഉത്തരവാദിത്വമാണ്. റിട്ടേണിംഗ് ഓഫീസറുടെ റിപ്പോർട്ടിൽ കമ്മിഷൻ നിലപാടെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |