
കൊല്ലം: സ്ഥലം തന്നാൽ കേരളത്തിൽ എയിംസ് വരുമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. കേന്ദ്ര ബഡ്ജറ്റിനെക്കുറിച്ച് കൊല്ലത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആലപ്പുഴയിൽ എയിംസ് സ്ഥാപിക്കുമെന്ന് താൻ പറഞ്ഞിട്ടില്ല. വികസനം അധികമുണ്ടായിട്ടില്ലാത്ത ആലപ്പുഴയിൽ വരണമെന്നുള്ളത് 2015 മുതലുള്ള തന്റെ നിലപാടാണ്. അതിന് മതിയായ കാരണങ്ങളുണ്ട്. ഇന്നത്തെ സ്ഥിതിയിൽ ആലപ്പുഴയിൽ സ്ഥലം തരില്ലെങ്കിൽ തൃശൂരിൽ സ്ഥലം വാങ്ങിയെടുക്കണം. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 21 എം.എൽ.എമാരെയെങ്കിലും ബി.ജെ.പിക്ക് ലഭിച്ചാൽ വലിയമാറ്റമുണ്ടാകും. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
'ആ മോനില്ലേ' എന്ന് മാത്രമാണ് ഉദ്ദേശിച്ചത്
'എയിംസ് വരുമെടാ മറ്റേ മോനേ' എന്ന് പറഞ്ഞത് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു.തന്നെ വിമർശിച്ച ആളിന്റെ പേര് എടുത്തുപറയാൻ തോന്നിയില്ല. പറഞ്ഞ ആ മോനില്ലേ എന്ന് മാത്രമേ ഉദ്ദേശിച്ചുള്ളു. തിരഞ്ഞെടുപ്പടുത്തതിനാൽ പറഞ്ഞതിനെ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു- സുരേഷ് ഗോപി പറഞ്ഞു.
കൊടിമരത്തിന് സ്വർണം നൽകി
ശബരിമലയിലെ കൊടിമരത്തിന് പണമല്ല, സ്വർണമാണ് താൻ നൽകിയത്. ഒരു ഭക്തൻ മൂന്നര കിലോയോളം സ്വർണം നൽകിയാണ് കൊടിമരം നിർമ്മിച്ചത്. അതിൽ തന്റെ വിയർപ്പിന്റെ അംശം കൂടിയുണ്ടാകണമെന്ന അഗ്രഹത്തിലാണ് സ്വർണം നൽകിയത്. 22 കാരറ്റായി വാങ്ങിയ സ്വർണം 24 കാരറ്റാക്കി വർദ്ധിപ്പിച്ചു. താൻ പോകുന്നതറിഞ്ഞ് ഷാജി കൈലാസും രൺജി പണിക്കരും വന്നു. താൻ തന്നെയാണ് വാജി വാഹനത്തിൽ സ്വർണം പതിച്ചത്. അത് ഭഗവാന് അർപ്പിച്ചതാണ്. രസീത് തന്നിട്ടുണ്ടാകും. താൻ സൂക്ഷിച്ചിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |