SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.35 PM IST

കസ്റ്റഡി മരണം: എക്സൈസുകാരെ തിരിച്ചെടുത്ത സാഹചര്യം വ്യക്തമാക്കണം

Increase Font Size Decrease Font Size Print Page
high-cout

കൊച്ചി: കഞ്ചാവു കേസിൽ പ്രതിയായ മലപ്പുറം സ്വദേശി കെ. രഞ്ജിത്ത് (44) കസ്റ്റഡിയിൽ കൊല്ലപ്പെട്ട കേസിൽ പ്രതികളായ എക്സൈസ് ഉദ്യോഗസ്ഥരെ ഏതു സാഹചര്യത്തിലാണ് സസ്പെൻഷൻ പിൻവലിച്ച് സർവീസിൽ തിരിച്ചെ‌ടുത്തതെന്ന് വ്യക്തമാക്കി മൂന്നാഴ്ചയ്ക്കകം സത്യവാങ്മൂലം നൽകാൻ ഹൈക്കോടതി സർക്കാരിനു നിർദ്ദേശം നൽകി. ഇവരെ തിരിച്ചെടുക്കുന്നതിനെതിരെ രഞ്ജിത്തിന്റെ ഭാര്യ നെസിയും പത്തുവയസുകാരനായ മകനും നൽകിയ ഹർജിയിലാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്‌ണന്റെ ഉത്തരവ്.

2019 ഒക്ടോബർ ഒന്നിനാണ് രഞ്ജിത്ത് കൊല്ലപ്പെട്ടത്. ഒരു കള്ളുഷാപ്പിന്റെ ഗോഡൗണിൽ നിന്ന് രണ്ടു കിലോ കഞ്ചാവു പിടികൂടിയ കേസിൽ ഗുരുവായൂരിൽ നിന്നാണ് രഞ്ജിത്തിനെ എക്സൈസ് കസ്റ്റഡിയിലെടുത്തത്. അന്നു വൈകിട്ട് നാലരയ്ക്ക് അബോധാവസ്ഥയിൽ പാവറട്ടി സാൻജോസ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കസ്റ്റഡി മർദ്ദനത്തിലാണ് രഞ്ജിത്ത് കൊല്ലപ്പെട്ടതെന്ന് കേസന്വേഷിച്ച സി.ബി.ഐ കണ്ടെത്തിയിരുന്നു.

അസി. എക്സൈസ് പ്രിവന്റീവ് ഓഫീസർമാരായ എ.വി. ഉമ്മർ, അനൂപ് കുമാർ, പ്രിവന്റീവ് ഓഫീസർ അബ്ദുൾ ജബ്ബാർ, സിവിൽ എക്സൈസ് ഓഫീസർമാരായ നിധിൻ. എ. മാധവൻ, കെ.യു. മഹേഷ്, വി.എം. സ്‌മിബിൻ, ബെന്നി എന്നിവരെ പ്രതി ചേർത്ത് കഴിഞ്ഞ ജനുവരി 28 ന് എറണാകുളം സി.ജെ.എം കോടതിയിൽ സി.ബി.ഐ കുറ്റപത്രവും സമർപ്പിച്ചിരുന്നു.

എക്സൈസ് ജോയിന്റ് കമ്മിഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തൃശൂർ ജില്ലക്ക് പുറത്ത് ഇവർക്ക് നിയമനം നൽകിയെന്ന് സർക്കാർ ഹർജിയിൽ അറിയിച്ചു. കസ്റ്റഡി മരണക്കേസുകളിലെ പ്രതികളെ സർവീസിൽ തിരിച്ചെടുക്കുമ്പോൾ ഏറെ ശ്രദ്ധ വേണമെന്ന് പറഞ്ഞ ഹൈക്കോടതി, ഈ വിഷയത്തിൽ അന്വേഷണ ഏജൻസിയായ സി.ബി.ഐയുടെ അഭിപ്രായം തേടിയോയെന്ന് വ്യക്തമല്ലെന്നും അഭിപ്രായപ്പെട്ടു.

TAGS: HIGH COUT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY