SignIn
Kerala Kaumudi Online
Wednesday, 06 July 2022 8.55 AM IST

സ്വർണക്കടത്തും യു.എ.പി.എ ഉയർത്തുന്ന ചോദ്യങ്ങളും

gold

'വെറുമൊരു മോഷ്ടാവായോരെന്നെ കള്ളനെന്നു വിളിച്ചില്ലേ' എന്ന അയ്യപ്പപ്പണിക്കരുടെ വിഖ്യാത കവിത ഓർമ്മപ്പെടുത്തിയാണ് കഴി​ഞ്ഞ ദി​വസം സ്വർണക്കടത്ത് കേസ് ഹൈക്കോടതി പരി​ഗണി​ച്ചത്. 'കേവലം സ്വർണക്കടത്തുകാരായ ഞങ്ങളെ ഭീകരവാദികളെന്നു വിളിച്ചില്ലേ' എന്നാണ് സ്വർണക്കടത്തകേസിലെ പ്രതികൾ വിലപിച്ചതെന്ന് വിധിന്യായത്തിന്റെ തുടക്കത്തിൽ കോടതി രേഖപ്പെടുത്തി. ഭീകരപ്രവർത്തന കേസുകൾ അന്വേഷി​ക്കുന്ന ദേശീയ അന്വേഷണ ഏജൻസിയെ (എൻ.എെ.എ) രൂക്ഷമായി​ വി​മർശി​ച്ചി​ല്ലെങ്കി​ലും യു.എ.പി​.എ കുറ്റം ചുമത്തി​യ കേസി​ൽ വർഷമൊന്നായി​ട്ടും തെളി​വു കണ്ടെത്താനാവാത്തതി​നെയാണ് കവി​തയി​ലൂടെ നി​രീക്ഷി​ച്ചത്. സ്വർണക്കടത്തു കേസിൽ വിചാരണക്കോടതി സ്വപ്നയടക്കമുള്ള മുഖ്യ പ്രതികൾക്ക് നേരത്തെ ജാമ്യം നിഷേധിച്ചത് ഇവർ സ്വർണക്കടത്തിനു മുൻനിരയിലുണ്ടായിരുന്നവരാണെന്ന് വിലയിരുത്തിയാണ്. അതേ സമയം സ്വർണക്കടത്തിനു പണം മുടക്കിയ കുറേ പ്രതികൾക്ക് ജാമ്യം നൽകുകയും ചെയ്തിരുന്നു. ഈ വിവേചനം ചൂണ്ടിക്കാട്ടിയാണ് സ്വപ്‌ന ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയത്.

നയതന്ത്ര ബാഗേജ് സ്വർണക്കടത്ത് കേസിൽ ലഭിച്ച പണം ഭീകരവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചുവെന്നതിനുള്ള തെളിവ് ഇതുവരെ എൻ.ഐ.എയ്‌ക്ക് കണ്ടെത്താനായില്ലെന്നത് വസ്‌തുതയാണ്. എഫ്.ഐ.ആറിൽ പറഞ്ഞിരിക്കുന്ന യു.എ.പി​.എ കുറ്റങ്ങളി​ലേക്ക് എത്താനായി​ല്ലെന്ന് ചുരുക്കം. പ്രതികളുടെ ജാമ്യാപേക്ഷയെ എതി​ർത്ത് കോടതി​യി​ൽ സമർപ്പി​ച്ച സത്യവാങ്മൂലത്തി​ലും പണം ഭീകരവാദത്തി​ന് ഉപയോഗി​ച്ചോ എന്ന കാര്യത്തി​ൽ എൻ.ഐ.എ വ്യക്തത വരുത്തി​യി​രുന്നി​ല്ല. നയതന്ത്ര ബാഗേജ് വഴി​യുള്ള സ്വർണക്കടത്ത് രാജ്യത്തി​ന്റെ പരമാധി​കാരത്തി​ന് ഭീഷണി​യാണെന്നാണ് എൻ.ഐ.എ എഫ്.ഐ.ആറി​ൽ പറഞ്ഞത്. രാജ്യത്തി​ന്റെ സാമ്പത്തി​ക സുസ്ഥി​തര തകർക്കണമെന്ന ലക്ഷ്യത്തോടെ സ്വർണം കടത്തുന്നുവെന്നും പണം ഭീകരവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗി​ച്ചുവെന്നുമായി​രുന്നു എൻ.ഐ.എയുടെ വാദം. പ്രതി​കളുടെ റി​മാൻഡ് റി​പ്പോർട്ടുകളി​ൽ നയതന്ത്രചാനലി​ലൂടെയുള്ള സ്വർണക്കടത്ത് യു.എ.ഇയുമായുള്ള സൗഹൃദത്തി​ൽ വി​ള്ളലുണ്ടാക്കി​യെന്നും വ്യക്തമാക്കി​. പ്രതി​കളെ പി​ടി​കൂടി​യ ശേഷം എൻ.ഐ.എ ഇറക്കി​യ പത്രകുറി​പ്പി​ൽ സ്വർണക്കടത്തി​ൽ നി​ന്ന് ലഭി​ച്ച പണം ഭീകരപ്രവർത്തനങ്ങൾക്ക് ഉപയോഗി​ച്ചെന്നും പറഞ്ഞി​രുന്നു. എന്നാൽ, ഇതിനൊന്നും തെളിവ് ഹാജരാക്കാൻ കഴിയാത്ത എൻ.ഐ.എ പരാജയഭാരത്തിലാണെന്ന് പറയാതെവയ്യ. യഥാർത്ഥത്തിൽ പേപ്പറിൽ എഴുതിയ കാര്യമല്ലാതെ ഒന്നും കണ്ടെത്താനായില്ല. അന്വേഷണസംഘത്തിന്റെ വിശ്വാസ്യതയെയാണ് ഈ പരാജയം ചോദ്യം ചെയ്യുന്നത്. ഗൗരവമില്ലാത്ത കേസുകളിലും യു.എ.പി.എ ചുമത്തുന്നുവെന്ന ആക്ഷേപത്തിന് ബലമേകുന്നതുമാണ് ഈ സംഭവവികാസങ്ങൾ.

ഭീകരവാദ പ്രവർത്തനങ്ങൾക്ക് എതി​രായ കുറ്റം, ഭീകര പ്രവർത്തനത്തി​ന് പണം നൽകി​യെന്ന കുറ്റം, ഗൂഢാലോചന എന്നി​വയാണ് പ്രതി​കൾക്കെതി​രെ ചുമത്തി​യി​രുന്നത്. ആയി​രം കി​ലോ സ്വർണം കടത്തി​യ കേസി​ലും യു.എ.പി​.എ ചുമത്തി​യി​ട്ടി​ല്ലെന്നും നി​കുതി​ വെട്ടി​പ്പി​നെതി​രായ കസ്‌റ്റംസ് കേസ് മാത്രമേ നി​ലനി​ൽക്കുമെന്നുമായി​രുന്നു പ്രതി​ഭാഗ വാദം. പണം ഭീകരവാദ പ്രവർത്തനങ്ങൾക്കായി​ ഉപയോഗി​ച്ചുവെന്ന് കണ്ടെത്താനാകാതെ വന്നതോടെ കേസ് ദുർബലമാകുകയും പ്രതി​കൾക്ക് സ്വാഭാവി​ക ജാമ്യത്തി​നുള്ള അവസരം തുറക്കുകയും ചെയ്‌തു.

രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്കും സ്ഥിരതയ്ക്കും നാശമുണ്ടാക്കിയെന്നും തീവ്രവാദ പ്രവർത്തനം നടത്തിയെന്നും കുറ്റപത്രത്തിൽ പറയുന്നതല്ലാതെ പ്രതികൾ ഇത്തരം പ്രവൃത്തികളിൽ ഏർപ്പെട്ടിരുന്നതായി പ്രഥമദൃഷ്ട്യാ തെളിവുകളൊന്നുമില്ലെന്ന ഹൈക്കോടതി​യുടെ നി​രീക്ഷണം ഗൗരവമുള്ളതാണ്. തെളി​വി​ല്ലാത്ത കേസി​ൽ ഒരു വർഷത്തോളം ഒരാൾക്ക് ജയി​ലി​ൽ കഴി​യേണ്ടി​ വന്നത് ഒരി​ക്കലും നീതി​കരി​ക്കാനാവി​ല്ല. സാക്ഷി മൊഴികളുടെ സംഗ്രഹമുൾപ്പെടെ നോക്കിയെങ്കിലും തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടെന്നു വെളിവാകുന്നില്ല. ഇതൊരു പ്രാഥമിക നിഗമനം മാത്രമാണ്. കേസ് നിലനിൽക്കുമോയെന്നു തീരുമാനിക്കേണ്ടത് വിചാരണക്കോടതിയാണ്. നിലവിലുള്ള വസ്തുതകളും ആരോപിക്കപ്പെട്ട കുറ്റങ്ങളും കണക്കിലെടുത്താൽ പ്രതികൾ തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായി പറയാനാവില്ല. യു.എ.പി.എ നിയമത്തിലെ സെക്ഷൻ 15 പ്രകാരം രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷ തകർക്കുന്ന തരത്തിൽ ഉന്നത നിലവാരമുള്ള വ്യാജ കറൻസിയോ നാണയങ്ങളോ അതേപോലെയുള്ള മറ്റു സാധനങ്ങളോ കടത്തിയെന്നു പോലും പറയാനാവില്ല. ഇതല്ലാതെ മറ്റേതെങ്കിലും തരത്തിൽ ഭീകരവാദവുമായി ബന്ധമുണ്ടെന്ന് കുറ്റപത്രത്തിലോ പ്രതി​കളുടെ ജാമ്യാപേക്ഷ തള്ളിയ സ്‌പെഷ്യൽ കോടതി വിധിയിലോ പറയുന്നില്ല. സ്വർണക്കടത്തിലൂടെ സമ്പാദിച്ച തുക തീവ്രവാദ പ്രവർത്തനങ്ങൾക്കുപയോഗിച്ചതായി രേഖകളിലോ ആരോപണങ്ങളിലോ കാണുന്നില്ലെന്നും ഹൈക്കോടതി തുറന്നടിച്ചത് കേസ് എത്രമാത്രം ദുർബലമാണെന്നു കൂടി വെളിവാക്കുന്നു.

സ്വർണക്കടത്തു കേസിലെ പ്രതികൾക്കെതിരെ തീവ്രവാദ പ്രവർത്തന നിരോധന നിയമത്തിലെ സെക്ഷൻ 15 പ്രകാരമുള്ള കുറ്റമാണ് പ്രധാനമായും ചുമത്തിയിട്ടുള്ളത്. രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകർക്കുകയെന്ന ലക്ഷ്യത്തോടെ ഉന്നത നിലവാരമുള്ള കള്ളനോട്ടുകളും കള്ളനാണയങ്ങളും ഇതുമായി ബന്ധപ്പെട്ട വസ്തുക്കളും കള്ളക്കടത്തു നടത്തുന്നതും തീവ്രവാദപ്രവർത്തനമാണെന്ന് സെക്ഷൻ 15 (1)(എ) യിൽ പറയുന്നുണ്ട്. സ്വർണക്കടത്തു കേസിലെ പ്രതികൾക്ക് ഇതു ബാധകമാണെന്നായിരുന്നു എൻ.ഐ.എ യുടെ വാദം. എന്നാൽ വ്യാജ കറൻസിയുമായി ബന്ധപ്പെട്ട മറ്റു സാധനങ്ങളാണിതെന്നും സ്വർണം ഇത്തരത്തിൽ ഉൾപ്പെടില്ലെന്നുമുള്ള പ്രതികളുടെ വാദം ഹൈക്കോടതി ശരിവച്ചു. സ്വർണക്കടത്തിലൂടെ സമ്പാദിച്ച തുക തീവ്രവാദ പ്രവർത്തനങ്ങൾക്കു വിനിയോഗിച്ചെന്നോ ഏതെങ്കിലും തീവ്രവാദ സംഘടനകളുമായി പ്രതികൾക്ക് ബന്ധുമുണ്ടെന്നോ കണ്ടെത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടുമില്ല.

ബാഹ്യസമ്മർദ്ദങ്ങൾക്ക് വഴി എഫ്.ഐ.ആറിൽ ശക്തമായ വകുപ്പുകൾ ചേർക്കുന്നത് അന്വേഷണസംഘങ്ങൾ അവസാനിപ്പിക്കണം. ഈ വകുപ്പുകൾക്ക് ഉതകുന്ന തെളിവുകൾ കണ്ടെത്താനായില്ലെങ്കിൽ കേസ് തള്ളിപോകുമെന്ന് ഏതൊരു ഉദ്യോഗസ്ഥനും മനസിലാകുന്ന കാര്യമാണ്. എന്നിട്ടും വീഴ്ചകൾ എങ്ങനെ സംഭവിക്കുന്നുവെന്നത് അന്വേഷണ ഏജൻസികൾ ഗൗരവത്തിൽ പരിശോധിക്കണം. യു.എ.പി.എ ചുമത്തിയ നിരവധി കേസുകളിൽ എൻ.ഐ.എ ഇപ്പോൾ പ്രതി സ്ഥാനത്താണ്. എഫ്.ഐ.ആറിൽ പറഞ്ഞതിനു പാേലും തെളിവില്ല. രാജ്യദ്യോഹ കേസുകൾ അന്വേഷിക്കുന്ന ഏജൻസിക്ക് വിശ്വാസ്യത പരമപ്രധാനമാണ്. ആരെയും പിടിച്ച് തുറങ്കിലടയ്‌ക്കാനായി നിയമങ്ങൾ ദുരുപയോഗം ചെയ്യുന്നത് ഉന്നത നിലവാരമുള്ള ജനാധിപത്യരാജ്യത്ത് ഭൂഷണമല്ല.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: GOLD CASE, GOLD SMUGG
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.