SignIn
Kerala Kaumudi Online
Saturday, 28 May 2022 3.05 AM IST

ദസ്തയേവ്സ്കിയുടെ രണ്ട് നൂറ്റാണ്ട്

dostoevsky

മനുഷ്യഹൃദയത്തിന്റെ അന്തർധാരകളെ അതിസൂക്ഷ്മമായി ആവിഷ്ക്കരിച്ച് വായനക്കാരുടെ ഹൃദയം കീഴടക്കിയ ദസ്തയേവ്സ്കിയുടെ രണ്ട് നൂറ്റാണ്ട് ലോകം ആഘോഷിക്കുന്നു.

.................................................

എനിക്ക് പതിനാറോ, പതിനേഴോ വയസുള്ളപ്പോൾ എന്റെ ഗ്രാമത്തിലെ വീട്ടിലിരുന്നാണ് ഞാൻ ദസ്തയേവ്സ്കിയുടെ 'കുറ്റവും ശിക്ഷയും' വായിക്കുന്നത്. അക്കാലത്ത് പെരുമ്പടവം ഗ്രാമത്തിലേക്കെങ്ങും ദസ്തയേവ്സ്കി വന്നിരുന്നില്ല. അടുത്തെങ്ങും ഒരു വായനശാലപോലുമില്ല. എവിടെയെങ്കിലും ആരുടെയെങ്കിലും കൈയിൽ ഒരു പുസ്തകമുണ്ടെന്നറിഞ്ഞാൽ ഞാനത് ചെന്ന് വായിക്കാൻ ചോദിക്കും. ചിലർ തരും. ചിലർ എന്തെങ്കിലും കാരണം പറഞ്ഞ് ഒഴിവാക്കും. അങ്ങനെ ഒരിക്കൽ പെരുമ്പടവത്തിന് പടിഞ്ഞാറ് ഒരാളുടെ കൈയിൽ ഒരു പുസ്തകമുണ്ടെന്നറിഞ്ഞ് വീട്ടിൽ ചെന്ന് ആ പുസ്തകം ചോദിച്ചു. അദ്ദേഹം കോളേജ് പഠനമൊക്കെ കഴിഞ്ഞു നിൽക്കുന്ന ഒരു ചെറുപ്പക്കാരനാണ്. പുസ്തകം ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ മുഖം മങ്ങി. നിനക്കിതൊന്നും വായിച്ചാൽ മനസിലാവില്ലെന്നു പറഞ്ഞ് അദ്ദേഹം എന്നെ നിഷ്‌കരുണം ഒഴിവാക്കി. നിരാശയോടെ മുഖം കുനിച്ച് ആ വീടിന്റെ പടിക്കെട്ടുകളിറങ്ങി പോരുമ്പോൾ എന്റെ സങ്കടം കണ്ടിട്ടാവണം അദ്ദേഹം എന്നെ തിരികെ വിളിച്ചു. രണ്ടു ദിവസത്തിനകം തിരികെ കൊണ്ടുവരാമെങ്കിൽ മാത്രം എന്നു പറഞ്ഞ് അദ്ദേഹം എന്നെ ഇമയനക്കാതെ നോക്കി. അറിയാതെ തൊഴുതുപോയി. പുസ്തകം വാങ്ങി നടക്കുമ്പോൾ ആദ്യത്തെ താളുകൾ മറിച്ചുനോക്കി. ' കുറ്റവും ശിക്ഷയും', ദസ്തയേവ്സ്കി. ദസ്തയേവ്സ്കി എന്നല്ല ഡോസ്റ്റോവ്സ്കി എന്നാണ് പുസ്തകത്തിൽ അച്ചടിച്ചിരുന്നത്. ആരെങ്കിലുമാകട്ടെ എന്നു വിചാരിച്ച് ഞാൻ വീട്ടിലെത്തി. അന്നത്തെ ബാക്കി പകലും ആ രാത്രിയും കൊണ്ട് ഞാനത് വായിച്ചുതീർത്തു.

അന്നുവരെയുള്ള എന്റെ വായന ബഷീർ, തകഴി, കേശവദേവ്, പൊൻകുന്നം വർക്കി, ലളിതാംബിക അന്തർജനം തുടങ്ങിയവരെയായിരുന്നു. ആ കഥകളിൽ അവർ കാലത്തെയും ജീവിതത്തിലെ സാമൂഹികമായ അവസ്ഥാഭേദങ്ങളെയും കുറിച്ചാണ് ആകുലപ്പെട്ടിരുന്നത്. വരാനിരിക്കുന്ന പുതിയ കാലത്തെക്കുറിച്ചുള്ള സ്വപ്നങ്ങൾ കൊണ്ട് ആ കഥാകൃത്തുക്കളും കഥകളും വായനക്കാരെ മോഹിപ്പിച്ചിരുന്നു. ആ ധന്യത ഹൃദയത്തിൽ ഒതുക്കിപ്പിടിച്ചുകൊണ്ടു നടക്കുമ്പോഴാണ് ദസ്തയേവ്സ്കിയുടെ വരവ്. പുസ്തകം വായിക്കുന്തോറും പുതിയ ഒരനുഭവമേഖലയിലേക്ക് പ്രവേശിക്കുംപോലെ എനിക്ക് തോന്നി. ദസ്തയേവ്സ്കിയിലേക്കു പ്രവേശിക്കുമ്പോൾ ഏതോ ഒരു നിബിഡ വനത്തിലേക്ക് പ്രവേശിക്കുപോലെ തോന്നും. അകത്തേക്ക് ഓരോ ചുവട് വയ്ക്കുമ്പോഴും വനം പുറത്തേയ്ക്ക് തള്ളും പോലെ ഒരനുഭവം. കുറച്ചകത്തേക്ക് പ്രവേശിച്ച് കഴിഞ്ഞാലോ പിന്നെ ആ നിബിഡവനത്തിൽ നിന്ന് പുറത്തിറങ്ങി പോരാനും തോന്നുകയില്ല. ആ വനത്തിന്റെ നിബിഡതയിലും നിഗൂഢതകളിലും ചുറ്റിത്തിരിയുമ്പോൾ എന്തെന്നില്ലാത്ത ഒരു വൈകാരിക മൂർച്ഛ അനുഭവപ്പെടുകയും ചെയ്യും.

'കുറ്റവും ശിക്ഷയും' വായിച്ചുകഴിഞ്ഞ ദിവസങ്ങളിൽ ആ നോവലിലെ കഥാപാത്രങ്ങൾ എന്നെ വേട്ടയാടാൻ തുടങ്ങി. എന്റെ രാത്രി സ്വപ്നങ്ങളിൽ റസ്ക്കോൾ നിക്കോവും സോണിയയുമൊക്കെ എന്നെ കാണാൻ വന്നു. കുറ്റവാളിയെന്നു സ്വയം കണ്ടെത്തി അതിന്റെ കുറ്റബോധവുമായി ഉഴറി നടക്കുന്ന റസ്ക്കോൾ നിക്കോവ് ഒരു രാത്രി അവളെ കാണാൻ ചെല്ലുമ്പോൾ സോണിയ തന്റെ വീട്ടിനുള്ളിലെ വൈക്കോൽ മെത്തിയിലിരുന്ന് ലൂക്കോസിന്റെ സുവിശേഷം വായിക്കുകയായിരുന്നു. പാപിക്ക് പാപമോചനമുണ്ടെന്ന ബൈബിളിന്റെ വാഗ്ദാനം റസ്ക്കോൾ നിക്കോബിനെ മുക്കൂട്ട പെരുവഴിയിൽ പോയി മുട്ടിന്മേൽ നിന്ന് തന്റെ കുറ്റം ഏറ്റു പറയാൻ പ്രേരിപ്പിക്കുന്നു. ന്യായാസനം അയാളെ സൈബീരിയയിലേക്ക് നാടുകടത്താൻ കല്പനയായി. റസ്കോൾ നിക്കോവിനോടൊപ്പം സോണിയയും സൈബീരിയയിലേക്ക് പുറപ്പെടുന്നു. ദസ്തയേവ്സ്കിയുടെ ജീവിതം നീളെ അത്തരം ഉത്ക്കടമായ അനുഭവങ്ങൾ പിന്തുടർന്നുകൊണ്ടിരുന്നു.

'കുറ്റവും ശിക്ഷയും' വായിച്ചുകഴിഞ്ഞപ്പോൾ മുതൽ ദസ്തയേവ്സ്കിയുടെ മറ്റ് പുസ്തകങ്ങളും വായിക്കാനുള്ള ആഗ്രഹം കൊണ്ട് ഉഴറി നടന്നു. എവിടെ കിട്ടാൻ? ദസ്തയേവ്സ്കിയൊന്നും അക്കാലത്ത് പെരുമ്പടവത്ത് എത്തിയിരുന്നില്ല. രണ്ടു മൂന്നുവർഷം ഒരു ജോലിയിൽ ഞാൻ മദ്രാസിലായിരുന്നു. അക്കാലത്ത് സെൻട്രൽ സ്റ്റേഷനു മുന്നിലുള്ള മൂർ മാർക്കറ്റിൽ ചുറ്റിത്തിരിയുക എന്റെ ശീലമായിരുന്നു. ദസ്തയേവ്സ്കിയുടെ ഒന്നുരണ്ടു പുസ്തകങ്ങൾ അവിടന്നു കിട്ടി. പുസ്തകങ്ങളല്ല അമൂല്യമായ നിധികളായിട്ടാണ് ഞാനത് പിന്നെ കാത്തുസൂക്ഷിച്ചത്. തിരുവനന്തപുരത്തെ പബ്ലിക് ലൈബ്രറിയുടെ ഇടനാഴികളിൽ ചുറ്റി നടക്കുന്ന ഒരാളെ ഞാൻ അവിടെ കണ്ടെത്തി. പരിചയമൊന്നുമില്ല. എങ്കിലും ഓരോ പുസ്തകവും തിരഞ്ഞുമാറ്റി നടക്കുന്ന അങ്ങനെ ഒരാളെ ഞാൻ വേറെ കണ്ടിരുന്നില്ല. ചോദിച്ചപ്പോൾ ലൈബ്രേറിയൻ പറഞ്ഞുതന്നു അത് കെ. സുരേന്ദ്രനാണെന്ന്. എനിക്കെന്തെന്നില്ലാത്ത സന്തോഷം തോന്നി. താളവും മായയും കാട്ടുകുരങ്ങുമൊക്കെ എഴുതിയ വലിയ എഴുത്തുകാരൻ. അടുത്തുചെന്ന് തൊഴാൻ തോന്നി. എങ്കിലും അകന്നുതന്നെ നിന്ന് മതിയാവോളം കണ്ടു. സ്നേഹവും ബഹുമാനവുമൊക്കെ ഉണ്ടെങ്കിലും അപരിചിതരോട് ഇടപഴകാൻ എനിക്ക് പേടിയാണ്. അവർക്കിഷ്ടപ്പെട്ടില്ലെങ്കിലോ? എങ്കിലും ഒരു ദിവസം എന്തുംവരട്ടെ എന്നുവിചാരിച്ച് ഞാൻ വഴുതക്കാട്ടെ ഫോറസ്റ്റ് ലെയിനിന്റെ അങ്ങേ അറ്റത്തുള്ള നന്ദനം വീടിന്റെ വാതിലിൽ മുട്ടി. വായിച്ചുകൊണ്ടിരുന്ന സുരേന്ദ്രൻസാർ മുഖമുയ‌ർത്തി നോക്കി. വായിച്ചുകൊണ്ടിരുന്ന പുസ്തകം അരമതിലിന്മേൽ വച്ചശേഷം എഴുന്നേറ്റുവന്ന് പുറത്തെ വാതിൽക്കൽ വന്ന് ആരാ, എന്താ എന്നൊക്കെ ചോദിച്ചു. മടിച്ചുമടിച്ചാണെങ്കിലും ഞാൻ എന്റെ പേര് പറഞ്ഞു. അദ്ദേഹം എന്നെ അകത്തേക്ക് വിളിച്ചു. ഞാൻ കരുതിയതുപോലെയല്ല, അദ്ദേഹം എന്റെ അഭയം വായിച്ചിട്ടുണ്ട്. അതിന്റെ വാത്സല്യത്തോടെ അദ്ദേഹം വളരെ നേരം സംസാരിച്ചിരുന്നു. ഒരു വലിയ സൗഹൃദത്തിന്റെ ആരംഭമായിരുന്നു അത്. പിന്നീട് വൈകുന്നേരം ഒന്നിച്ച് നടക്കാൻ പോകുന്നത് ഒരു പതിവാക്കി. ദസ്തയേവ്സ്കിയെക്കുറിച്ച് സുരേന്ദ്രൻ സാറിന്റെ അതിഗംഭീരമായ ഒരു പഠനമുണ്ട്. ദസ്തയേവ്സ്കിയുടെ കഥ. അതൊക്കെ ദസ്തയേവ്സ്കി എന്ന കൊടുംകാടിനകത്തേക്ക് കടക്കാൻ എനിക്ക് വഴികളുണ്ടാക്കിതന്നു. അങ്ങനെ ഒരു യാത്രക്കിടയിൽ ഞാൻ ചോദിച്ചു. ദസ്തയേവ്സ്കി സൃഷ്ടിച്ചിട്ടുള്ള ഏത് കഥാപാത്രത്തെക്കാളും മികച്ച ഒരു കഥാപാത്രമല്ലേ ദസ്തയേവ്സ്കി എന്ന്. സുരേന്ദ്രൻ സാർ സന്തോഷത്തോടെ എന്നെ നോക്കി. പെട്ടെന്ന് ശ്രീധരൻ പറഞ്ഞത് വളരെ ശരിയാണെന്ന് അദ്ദേഹം പറഞ്ഞു. അപ്പോൾ വീണ്ടും ഒരു ചോദ്യം കൊണ്ട് ഞാൻ അദ്ദേഹത്തെ നേരിട്ടു. ദസ്തയേവ്സ്കിയെ കഥാപാത്രമാക്കി ഒരു നോവലെഴുതിയാലോ? ശ്രീധരൻ ധൈര്യമായി എഴുത്, നന്നാകും, എനിക്കുറപ്പാണ്. പിന്നെ ദസ്തയേവ്സ്കിയെക്കുറിച്ച് കുറേക്കൂടി വായിച്ചു പഠിച്ചതിനുശേഷം ഞാനതങ്ങെഴുതി. പേടിച്ചുപേടിച്ച് ഞാനത് സുരേന്ദ്രൻ സാറിനെകൊണ്ടു കാണിച്ചു. രണ്ടുദിവസം കഴിഞ്ഞ് വൈകുന്നേരത്തെ നടപ്പിനുവേണ്ടി ഞാൻ ചെല്ലുമ്പോൾ പതിവുപോലെ സുരേന്ദ്രൻ സാർ എന്നെ കാത്തിരിക്കുന്നുണ്ട്. എന്നാൽ ഇനി നടക്കാമെന്ന് പറഞ്ഞ് ഞാൻ അരുകിൽ നിന്നപ്പോൾ സുരേന്ദ്രൻ സാർ എന്നോട് പറഞ്ഞു. ശ്രീധരൻ ഇരിക്ക് എനിക്ക് ചിലത് പറയാനുണ്ട്. ഞാൻ സാറിന്റെ മുമ്പിൽ ഇരുന്നു. എന്റെ കണ്ണുകളിലേക്ക് ഉറ്റുനോക്കി ഒരു മന്ദസ്മിതത്തോടെ സുരേന്ദ്രൻ സാ‌ർ പറഞ്ഞു. ശ്രീധരന്റെ നോവൽ ഞാൻ വായിച്ചു. ഇറ്റീസ് എ ഗ്രേറ്റ് വർക്ക്.

ഞാൻ ഞെട്ടിപ്പോയി. പിന്നെ സാറ് എന്റെ നോവലിനെക്കുറിച്ച് വീണ്ടും പറയാൻ തുടങ്ങി.

''ഹൃദയത്തിനുമേൽ ദൈവത്തിന്റെ കൈയൊപ്പുള്ള ഒരാൾ."എന്ന് ദസ്തയേവ്സ്കിയെ വിശേഷിപ്പിക്കാൻ ശ്രീധരന് എങ്ങനെ തോന്നി?

നടപ്പിനിടയിൽ സാറ് എന്റെ നോവലിനെക്കുറിച്ച് പിന്നെയും പറഞ്ഞുകൊണ്ടിരുന്നു. ഒരു സങ്കീർത്തനംപോലെ മലയാളത്തിന് ഒരു പുതിയ അനുഭവമാകും. ഇനി ശ്രീധരൻ അറിയപ്പെടാൻ പോകുന്നത് ഈ നോവലിന്റെ പേരിലായിരിക്കും.

ഒരു ഗുരുനാഥന്റെ അനുഗ്രഹം!

സുരേന്ദ്രൻ സാറിന്റെ വാക്കുകൾ കേട്ടിരിക്കുമ്പോൾ ഒരു പുഷ്പവൃഷ്ടി നനയുന്നതുപോലെ എനിക്ക് തോന്നി.

സുരേന്ദ്രൻ സാറിന്റെ അനുഗ്രഹം ആ നോവലിന് ഇപ്പോഴുമുണ്ടെന്നാണ് എന്റെ വിശ്വാസം.

ദസ്തയേവ്സ്കിയോടുകൂടി നാം ഇരുന്നൂറ് വർഷമായി ജീവിക്കുന്നു. ലോകസാഹിത്യത്തിലെ മഹാപ്രതിഭകളുമായി മലയാളികൾ സ്ഥാപിച്ച ഹൃദയബന്ധത്തെക്കുറിച്ച് നമുക്ക് അഭിമാനപൂർവം ഓർമിക്കാൻ കഴിയും. ആ മഹാപ്രതിഭകളിൽ വച്ച് മലയാളികൾ ലോകം മുഴുവൻ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നതും ആദരിക്കുന്നതും ദസ്തയേവ്സ്കിയെയാണെന്ന കാര്യത്തിൽ സംശയമില്ല.

മനഷ്യമനസിന്റെ ആഴങ്ങളെ ഇളക്കിമറിക്കുന്ന കുറ്റബോധവും ആത്മപീഡകളും അന്തഃക്ഷോഭങ്ങളും സന്ത്രാസങ്ങളും ആകുലതകളും ആത്മപീ‌ഡകളും ഉദ്വേഗങ്ങളും ഇരുണ്ടഭാവങ്ങളും ദാർശനികമായ ഉൾക്കാഴ്ചയോടെ ചിത്രീകരിച്ച് ലോകസാഹിത്യത്തിലെ നിത്യവിസ്മയമായി തീർന്ന മഹാപ്രതിഭയാണ് ഫയ്ദോർ ദസ്തയേവ്സ്കി. കുറ്റബോധം കൊണ്ടിടറുന്ന കഥാപാത്രങ്ങൾ ഉപബോധമനസിന്റെ ധ്രുവസീമകളിൽ നിതാന്തമായ ആകുലതയോടെ ഉഴറുന്ന സന്ദർഭങ്ങൾ സൃഷ്ടിച്ച് അവർ അനുഭവിക്കുന്ന വൈകാരികമായ പ്രക്ഷുബ്ധതകൾ ലൗകികമായ ഭാവമൂർച്ഛയോടും ആത്മീയഉൾക്കാഴ്ചയോടും ദാർശനികമായ അഗാധതകളോടും കൂടി ആവിഷ്ക്കരിച്ച് ദസ്തയേവ്സ്കി തന്റെ സ‌ർഗാത്മക ജീവിതത്തെ സമാനതകളില്ലാത്ത ഒന്നാക്കി തീർത്തു. ''കാരമസോവ് സഹോദരന്മാർ' എന്ന നോവൽ വേദപുസ്തകത്തിനു സമമാണെന്ന് കരുതുന്നുവരുമുണ്ട്. വ്യത്യസ്ത സ്വഭാവക്കാരായ കഥാപാത്രങ്ങളുടെ മനസിന്റെ ആഴങ്ങളിലേക്കിറങ്ങി മനുഷ്യപ്രകൃതിയുടെ വിഭ്രാമകമായ അവസ്ഥാവിശേഷങ്ങൾ കാട്ടിത്തരുന്ന ഒരു കലയാണതിൽ ദസ്തയേവ്സ്കി കൈക്കൊണ്ടത്. പാപത്തിന്റെ ചങ്ങലയാൽ ബന്ധിക്കപ്പെട്ട കാരമസോവ് കുടുംബത്തിന്റെ കഥ സൂക്ഷ്മമായ അർത്ഥത്തിൽ പാപപുണ്യങ്ങളുടെ വിചാരണയായി മാറുന്നു. അഭൗമമായ ദുരന്തബോധം ഈ നോവലിന് സൃഷ്ടിക്കുന്ന ധാർമ്മികജീവിതത്തിന്റെ തകർച്ച വ്യക്തികളിൽ സൃഷ്ടിക്കുന്ന ആത്മീയ വ്യസനങ്ങളെ ദാർശനികമായ ഉൾക്കാഴ്ചയോടെ ദസ്തയേവ്സ്കി സൃഷ്ടിച്ചു. മനുഷ്യനിലെ ദ്വന്ദസ്വഭാവങ്ങളെക്കുറിച്ച് ലോകം ആദ്യം അറിയുന്നത് ദസ്തയേവ്സ്കിയുടെ 'ദ് ഡബിൾ' വായിച്ചിട്ടാണ്.

മനുഷ്യഹൃദയത്തിന്റെ അന്തർഭാവങ്ങളെയും അന്തഃസംഘർഷങ്ങളെയും ആത്മീയമായ വ്യസനങ്ങളെയുമൊക്കെ അതിസൂക്ഷ്മമായി ആവിഷ്ക്കരിച്ച് ലോകമെമ്പാടുമുള്ള വായനക്കാരുടെ ഹൃദയം കീഴടക്കിയ ദസ്തയേവ്സ്കിയുടെ രണ്ട് നൂറ്റാണ്ട് നാം ഇപ്പോൾ ആഘോഷിക്കുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: FYODOR DOSTOEVSKY
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.