തിരുവനന്തപുരം: ജനാധിപത്യ ചേരിയെ ശാക്തീകരിക്കാനുള്ള സി.പി.എം ദേശീയ നേതൃത്വത്തിന്റെ ശ്രമങ്ങളെ പതിവുപോലെ ഇത്തവണയും മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടുന്ന കേരള സംഘം അട്ടിമറിച്ചെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ കുറ്റപ്പെടുത്തി. ദേശീയതലത്തിൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ബി.ജെ.പിക്കെതിരെ കോൺഗ്രസുമായി കൂട്ടുകെട്ട് വേണ്ടെന്ന സി.പി.എം നിലപാട് അങ്ങേയറ്റം ബുദ്ധിശൂന്യതയും വിവേകമില്ലായ്മയുമാണ്. കാലങ്ങളായി കേരളത്തിൽ സി.പി.എമ്മും ബി.ജെ.പിയും തുടരുന്ന രഹസ്യ സഖ്യമാണ് ഇത്തരമൊരു നിലപാട് പി.ബിയിൽ സ്വീകരിക്കാൻ കേരള നേതാക്കൾക്ക് ഇന്ധനം പകർന്നത്. അന്ധമായ കോൺഗ്രസ് വിരോധം വച്ചുപുലർത്തുന്ന കേരളത്തിലെ സി.പി.എം നേതാക്കളുടെ മൃദുഹിന്ദുത്വ സമീപനത്തിന് തെളിവാണ് പി.ബിയിലെ നിലപാട്.
നരേന്ദ്ര മോദിയുടെ നയങ്ങളോടും നിലപാടുകളോടും യോജിക്കുന്ന നടപടികളാണ് അധികാരത്തിലെത്തിയത് മുതൽ കേരള മുഖ്യമന്ത്രി പിന്തുടരുന്നത്. ബി.ജെ.പിയുടെ വർഗീയ ഫാസിസ്റ്റ് ഭീഷണിയെ ചെറുത്തുതോല്പിക്കാൻ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള മതേതര ജനാധിപത്യകക്ഷികളുടെ ദേശീയ ബദൽ രൂപപ്പെട്ടുവരുന്ന ഘട്ടത്തിലാണ് സി.പി.എം കേരള ഘടകം പിന്നിൽ നിന്ന് കുത്തിയത്. ലാവ്‌ലിൻ, സ്വർണക്കടത്ത് കേസുകളും ബി.ജെ.പി നേതാക്കൾ പ്രതികളായ കഴുൽപ്പണക്കേസും എങ്ങനെ തെളിവുകളില്ലാതെ ആവിയായിപ്പോയെന്ന് തിരിച്ചറിയാൻ സി.പി.എം പി.ബിയിലെ കേരള നേതാക്കളുടെ നിലപാട് പരിശോധിച്ചാൽ മതി. കേരള നേതാക്കളുടെ സാമ്പത്തിക പ്രതാപത്തിന് മുന്നിൽ സി.പി.എം ദേശീയ നേതൃത്വം അടിയറവ് പറഞ്ഞു.