തിരുവനന്തപുരം: രാജ്യസഭാ ഉപതിരഞ്ഞെടുപ്പിൽ ജോസ് കെ.മാണിക്കെതിരെ സ്ഥാനാർത്ഥിയായി മുൻ കെ.പി.സി.സി വൈസ് പ്രസിഡന്റ് ഡോ. ശൂരനാട് രാജശേഖരനെ മത്സരിപ്പിക്കാൻ തീരുമാനം.
ജയസാദ്ധ്യതയില്ലെങ്കിലും ഇടതുമുന്നണിക്കെതിരായ രാഷ്ട്രീയപോരാട്ടം എന്ന നിലയിൽ മത്സരിക്കണമെന്ന ധാരണയാണ് യു.ഡി.എഫിലുണ്ടായത്. ഇതേത്തുടർന്നാണ് ഇന്നലെ അടിയന്തരമായി കെ.പി.സി.സി ഭാരവാഹിയോഗം പ്രസിഡന്റ് കെ. സുധാകരന്റെ നേതൃത്വത്തിൽ വിഷയം ചർച്ച ചെയ്ത് ശൂരനാട് രാജശേഖരനെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചത്.
ഇന്നാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. ശൂരനാട് ഇന്ന് ഉച്ചയ്ക്ക് 12ന് പത്രിക സമർപ്പിക്കും. നേരത്തേ ലോക്‌സഭയിലേക്കും നിയമസഭയിലേക്കും തിരഞ്ഞെടുപ്പുകളിൽ ശൂരനാട് മത്സരിച്ചിട്ടുണ്ട്.