SignIn
Kerala Kaumudi Online
Friday, 16 October 2026 5.00 AM IST

കൊച്ചിയിൽ മീൻപിടിത്തക്കാർക്ക് കെണിയായി മുങ്ങിയ ബോട്ട്

boat

 അപകടം പതിവ്

കൊച്ചി: പൊന്നാനി മുതൽ കൊല്ലം വരെയുള്ള മത്സ്യബന്ധന ബോട്ടുകാരും ഇൻബോർഡ് വള്ളക്കാരും ഏറ്റവും സുരക്ഷിതമായ ലാൻഡിംഗ് കേന്ദ്രമെന്ന് വിശ്വസിക്കുന്ന കൊച്ചിയിലെ അഴിമുഖത്ത് ചതിക്കെണി.
അഴിമുഖത്തിന് സമീപം മുങ്ങിയ രണ്ട് ഇൻബോർഡ് വള്ളങ്ങളും ബോട്ടുമാണ് ഭീഷണി ഉയർത്തുന്നത്. മണൽത്തിട്ടയിൽ ഉറച്ചുപോയ ഇവയിൽ തട്ടി അപകടങ്ങൾ ആവർത്തിക്കുകയാണ്.

മേയ് 27ന് 'പൂർണശ്രീ' ബോട്ട് എൽ.എൻ.ജി. ടെർമിനലിന് സമീപം മുങ്ങിയിരുന്നു. നീക്കാനുള്ള ശ്രമം പരാജയപ്പെട്ടു. ബോട്ടിന്റെ ചില ഭാഗങ്ങൾ കടലിൽ ഉയർന്നു നിൽക്കുകയാണ്. അതിൽതട്ടി 45 മത്സ്യത്തൊഴിലാളികളുമായി വന്ന സെന്റ് ആന്റണി എന്ന ഇൻബോർഡ് വള്ളം ആഗസ്റ്റ് 5 ന് മറിഞ്ഞു. ജീവാപായം ഉണ്ടായില്ല.

ആഗസ്റ്റ് 31ന് 'ആഷിക്‌മോൻ' ബോട്ട് ഇതേസ്ഥലത്ത് മുങ്ങി. സെപ്തംബർ ഒന്നിന് അവശിഷ്ടങ്ങളിൽ തട്ടി ഒരു ഇൻബോർഡ് വള്ളം മുങ്ങി.

മുങ്ങിയ യാനങ്ങൾ നീക്കുന്നതിന് സർക്കാരിന് സംവിധാനമില്ല. ഫിഷറീസ് വകുപ്പും കൊച്ചി തുറമുഖവും കൈമലർത്തുന്നു.

 വിളക്ക് മാത്രം
രാത്രിയിൽ തെളിയുന്ന ഒരു വിളക്ക് സ്ഥാപിച്ച് ഫിഷറീസ് വകുപ്പ് തടിതപ്പി. അത് ഇപ്പോൾ പ്രവർത്തിക്കുന്നുമില്ല. കൊച്ചിക്കാർക്ക് അപകടസാദ്ധ്യത അറിയാം. പുറത്തുനിന്ന് വരുന്നവർ തലനാരിഴയ്ക്കാണ് രക്ഷപ്പെടുന്നത്.

 വെള്ളത്തിലാകുന്നത് കോടികൾ

• 60 - 80 ലക്ഷം രൂപ:ഒരു ബോട്ടിന്റെ വില

• 80 - 90 ലക്ഷം ഇൻബോർഡ് വള്ളത്തിന്റെ വില

6 - 10 ലക്ഷം രൂപ: ഒരു വലയുടെ വില

(ബോട്ടുകളിൽ ഒന്നിലേറെ വലകളുണ്ടാകും.)

`മുങ്ങിയ ബോട്ടുകൾ ഉടമകൾ നീക്കണമെന്നാണ് തുറമുഖത്തിന്റെ ചട്ടം. തുറമുഖം നോട്ടീസ് നൽകും. അത്രതന്നെ.ഒരു ഫ്‌ളോട്ടിംഗ് ക്രെയിനെങ്കിലും സർക്കാർ ഒരുക്കണം'.

-ചാൾസ് ജോർജ്
പ്രസിഡന്റ്
കേരള മത്സ്യത്തൊഴിലാളി ഐക്യവേദി


`ബോട്ട് അവശിഷ്ടങ്ങളിൽ വിളക്കുകൾ സ്ഥാപിച്ചിട്ടുണ്ട്. മറ്റു സംവിധാനങ്ങൾ വകുപ്പിനില്ല.'

-കെ. നൗഷർഖാൻ
സോണൽ ഡെപ്യൂട്ടി ഡയറക്ടർ
ഫിഷറീസ് വകുപ്പ്‌

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BOAT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA