SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.28 PM IST

അദാനി വന്നതോടെ തിരുവനന്തപുരം വിമാനത്താവളം ബിസിയായി, ആകാശത്തിൽ വിമാനങ്ങളുടെ 'ചാകര', പുതിയ മാറ്റങ്ങൾ അറിയാം

Increase Font Size Decrease Font Size Print Page
adani

തിരുവനന്തപുരം: രാജ്യത്തെ വിവിധ നഗരങ്ങളിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാനസർവീസുകളുടെ എണ്ണമുയരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത അദാനി ഗ്രൂപ്പും വിവിധ വിമാനക്കമ്പനികളുമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്.

അദാനി നിയന്ത്രിക്കുന്ന മംഗളൂരു, ലക്നൗ, അഹമ്മദാബാദ്, ജയ്പൂർ, ഗുവാഹത്തി, വാരണാസി, അമൃത്സർ, ഭുവനേശ്വർ, ഇൻഡോർ, ട്രിച്ചി വിമാനത്താവളങ്ങളെ തിരുവനന്തപുരവുമായി ബന്ധിപ്പിച്ചും സർവീസുകൾ പ്രതീക്ഷിക്കാം. ഡിസംബർ 15ന് പൂനെയിലേക്ക് സർവീസ് തുടങ്ങും. കൊച്ചിയിലേക്ക് നേരിട്ടുള്ള ഇൻഡിഗോ സർവീസ് രണ്ടുവർഷത്തിന് ശേഷം പുനരാരംഭിച്ചു. രാവിലെ 9.45ന് കൊച്ചിയിൽ നിന്നെത്തുന്ന വിമാനം വൈകിട്ട് അഞ്ചരയ്ക്ക് തിരികെ പറക്കും. 3,800 മുതൽ 4,000 രൂപ വരെയാണ് വെബ്‌സൈറ്റിലെ ടിക്കറ്റ് നിരക്ക്.

തിരുവനന്തപുരത്ത് നിന്ന് ഡൽഹിയിലേക്ക് ഇൻഡിഗോയുടെ ഒരു സർവീസ് കൂടി ആരംഭിച്ചേക്കും. ജെറ്റ് എയർവേസ് സർവീസുകൾ ആരംഭിക്കുമ്പോൾ തിരുവനന്തപുരത്തു നിന്ന് കൂടുതൽ സർവീസുകളുണ്ടാവും. ഖത്തർ എയർവേസിന്റെ സർവീസ് പുനരാരംഭിക്കാനും ചർച്ചകളുണ്ട്. എയർഇന്ത്യ എക്സ്പ്രസും എയർഏഷ്യയും ലയിക്കുന്നതോടെ തിരുവനന്തപുരത്തു നിന്ന് കൂടുതൽ രാജ്യാന്തര സർവീസുകൾക്കും സാദ്ധ്യതയുണ്ട്.

അദാനിയുടെ ലക്ഷ്യം വികസനപ്പണം

വിമാനത്താവള നടത്തിപ്പ് ഏറ്റെടുത്ത കരാറനുസരിച്ച്, ഓരോ യാത്രക്കാരനും 168 രൂപ വീതം അദാനി ഗ്രൂപ്പ് വിമാനത്താവള അതോറിട്ടിക്ക് നൽകണം. പ്രതിവർഷം 75 കോടി രൂപ പാട്ടത്തുകയായി കണ്ടെത്തണം. വിമാനത്താവള വികസനത്തിന് പണം മുടക്കേണ്ടതും അദാനിയാണ്. അതിനാൽ, സർവീസുകൾ വർദ്ധിപ്പിച്ച് ലോകോത്തര സൗകര്യങ്ങളൊരുക്കി യാത്രക്കാരുടെ എണ്ണംകൂട്ടേണ്ടതുണ്ട്. കൂടുതൽ വിമാനക്കമ്പനികൾ വരുന്നതോടെ, ടിക്കറ്റ് നിരക്ക് കുറഞ്ഞേക്കും.

TAGS: FINANCE, ADANI, TVM, TVM AIRPORT, FLIGHT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY