ഇടനിലക്കാരി ആലപ്പുഴ തുറവൂർ സ്വദേശിനി
കൊച്ചി: അങ്കമാലിയിലെ ജുവലറിയിൽ നിന്ന് പലതവണയായി 250 കോടി രൂപയുടെ സ്വർണം വാങ്ങിയതിൽ കള്ളപ്പണ ഇടപാടുണ്ടെന്ന ആരോപണത്തിൽ തമിഴ്നാട് മുൻ ആരോഗ്യമന്ത്രിയും എ.ഐ.എ.ഡി.എം.കെ നേതാവുമായ സി. വിജയഭാസ്‌കറിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കൊച്ചിയിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. ഇന്നലെ രാവിലെ 10.30നാണ് ഇദ്ദേഹം ഇ.ഡിക്ക് മുമ്പാകെ ഹാജരായത്. നേരത്തെ ഇദ്ദേഹത്തിന്റെ ചെന്നൈയിലെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തിയിരുന്നു.
പ്രമുഖ ജുവലറിയിൽ നിന്ന് 2016ൽ 250 കോടി രൂപയുടെ സ്വർണാഭരണങ്ങൾ വിജയഭാസ്കർ വാങ്ങിയിരുന്നു. ആലപ്പുഴ തുറവൂർ സ്വദേശി ഷർമിളയായിരുന്നു ഇടനിലക്കാരി. പണത്തിന്റെ ഉറവിടവും മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും അറിയാനാണ് മുൻമന്ത്രിയെ ചോദ്യം ചെയ്തത്. ഷർമിളയേയും ചോദ്യം ചെയ്തിരുന്നു. ഷർമിളയ്ക്കെതിരെ അങ്കമാലി പൊലീസും കേസെടുത്തിട്ടുണ്ട്. രണ്ടര കോടി രൂപയുടെ സ്വർണം കടമായി വാങ്ങിയ ഷർമിള പണം നൽകിയില്ലെന്ന് കാട്ടി ജുവലറി ഉടമ നൽകിയ പരാതിയിലാണ് കേസ്. എന്നാൽ, 250 കോടിയുടെ ഇടപാടിന് ഒരു ശതമാനം കമ്മീഷനായ രണ്ടര കോടിയുടെ സ്വർണാഭരണങ്ങൾ ജുവലറി തനിക്ക് നൽകിയെന്നാണ് ഷർമിളയുടെ മൊഴി. തമിഴ്നാട്ടിലെ രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെ ഉന്നതരുമായി അടുപ്പമുള്ള വ്യക്തിയാണ് ഷർമിളയെന്ന് ഇ.ഡി. വൃത്തങ്ങൾ പറഞ്ഞു.
വിജയഭാസ്കർ വിവാദപുരുഷൻ
അനധികൃത സ്വത്ത് സമ്പാദനം, അഴിമതി ഉൾപ്പെടെയുള്ള കേസുകളിൽ അന്വേഷണം നേരിടുന്ന വ്യക്തിയാണ് വിജയഭാസ്‌കർ. സി.ബി.ഐയും ആദായനികുതി വകുപ്പും ഇദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വരവിൽ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചതിന് തമിഴ്നാട് അഴിമതി വിരുദ്ധവിഭാഗവും ഈയിടെ കേസെടുത്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |