കോഴിക്കോട്: വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിട്ടതിനെതിരെ കോഴിക്കോട്ട് മഹാറാലി സംഘടിപ്പിച്ച് മുസ്‌ലിം ലീഗ്.
ലീഗിനൊപ്പം എക്കാലവും നിലകൊണ്ട സമസ്ത മുഖ്യമന്ത്രിയുടെ ഉറപ്പിനെതുടർന്ന് സമരത്തിൽ നിന്നു പിന്മാറിയ സാഹചര്യത്തിൽ ശക്തി തെളിയിക്കുന്ന തരത്തിലായിരുന്നു റാലി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരങ്ങൾ കോഴിക്കോട് കടപ്പുറത്തേക്ക് ഒഴുകിയെത്തി.
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ റാലി ഉദ്ഘാടനം ചെയ്തു. കേരളത്തിൽ നിലനിൽക്കുന്ന സമുദായ ഐക്യം തകർക്കാർ ആരും ശ്രമിക്കേണ്ടെന്ന് അദ്ദേഹം പറഞ്ഞു. മുസ്‌ലിം സമുദായ സംഘടനകൾക്കിടയിൽ ഭിന്നിപ്പുണ്ടെന്ന് പറഞ്ഞ് മുതലെടുക്കാനാണ് ചിലരുടെ ശ്രമം. വഖഫ് വിഷയത്തിൽ എല്ലാവരും ഒറ്റക്കെട്ടാണ്. ആ കട്ടിൽ കണ്ട് ആരും പനിക്കേണ്ട. ക്ലിഫ് ഹൗസിലുള്ളവരോടു പ്രത്യേകം പറയുകയാണ്. ലീഗിന് കണ്ണിലെ കൃഷ്ണമണി പോലെയാണ് സമുദായ സംഘടനകൾ.
വിവാദ നിയമം പാസാക്കിയത് നിയമസഭയിലാണ്. ആ നിയമം റദ്ദ് ചെയ്യുന്നതുവരെ ലീഗ് സമര രംഗത്തുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ന്യൂനപക്ഷ അവകാശങ്ങൾക്ക് മേൽ കൈവെച്ചാൽ പൊള്ളുമെന്ന് മുഖ്യപ്രഭാഷണം നടത്തിയ പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. വഖഫ് നിയമനം സംബന്ധിച്ച വിഷയം വന്നപ്പോൾ ലീഗിനെ ബി.ജെ.പിയുടെ വർഗീയ അജണ്ടയോട് കൂട്ടിക്കെട്ടാനാണ് ചിലർ ശ്രമിച്ചത്. കേരളത്തിൽ ഇന്ന് നിലനിൽക്കുന്ന സാമുദായിക ഐക്യം കെട്ടിപ്പടുത്തത് ലീഗാണ്. അത് തകർത്തുകളയാമെന്നാണ് വഖഫ് വിഷയത്തിൽ സർക്കാരും ഇടതുപക്ഷ സംഘടനകളും കരുതിയത്. വെടക്കാക്കി തനിയ്ക്കാക്കാമെന്ന അജണ്ട കേരളത്തിൽ നടപ്പാകില്ല. ഡോ.എം.കെ.മുനീർ അദ്ധ്യക്ഷത വഹിച്ചു. തമിഴ്‌നാട് വഖഫ് ബോർഡ് ചെയർമാൻ എം.അബ്ദുറഹ്‌മാൻ മുഖ്യാതിഥിയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |