തിരുവനന്തപുരം: കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഇവന്റ് മാനേജ്‌മെന്റുകളെ ഉപയോഗിച്ച് സി.പി.എം വോട്ടർമാർക്ക് കോഴ വിതരണം ചെയ്യുകയാണെന്ന് മുൻ മുഖ്യമന്ത്രിയും എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായ ഉമ്മൻചാണ്ടി ആരോപിച്ചു. ഇതിനെതിരെ കൊല്ലത്തെ യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ ഇലക്ഷൻ കമ്മിറ്റി ചെയർമാനും കൺവീനറും ജില്ലാ വരണാധികാരി, പൊലീസ്, തിരഞ്ഞെടുപ്പ് കമ്മീഷൻ എന്നിവർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അടിയന്തര നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇത് സംബന്ധിച്ച് കൊല്ലത്ത് ബന്ധപ്പെട്ടവർ വാർത്താ സമ്മേളനം നടത്തിയെങ്കിലും ഇതുവരെ നടപടി എടുത്തില്ല. പാർട്ടി ആളുകളുടെ ലിസ്റ്റ് കൊടുക്കുകയും ഇവന്റ് മാനേജുമെന്റുകാർ പണം വിതരണം ചെയ്യുകയുമാണ്. പല മണ്ഡലങ്ങളിലും ഈ രീതി പയറ്റുന്നുണ്ട്. കോഴിക്കോട് ആസ്ഥാനമായുള്ള ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പിനെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. വോട്ടർമാരെ പണം കൊടുത്തും മറ്റും സ്വാധീനിക്കാൻ ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പിനെ വരെ സി.പി.എം രംഗത്തിറക്കുന്നത് അവരുടെ പരാജയഭീതിയുടെ ആഴം വ്യക്തമാക്കുന്നുവെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. ഏഴു ദശാബ്ദത്തിലധികമായി നിലനില്ക്കുന്ന ജനാധിപത്യ സംവിധാനത്തിന് ഇതു മാരകമായ പ്രഹരം ഏൽപ്പിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, ഉമ്മൻചാണ്ടിയുടെ ആരോപണങ്ങൾ ബാലിശമാണെന്നും ബി.ജെ.പിയിലേക്ക് ചേക്കേറാൻ നിൽക്കുന്ന കൊല്ലത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി പരാജയപ്പെടുമെന്നും മന്ത്രി ഡോ.തോമസ് ഐസക് പ്രതികരിച്ചു. വർഷങ്ങളോളം ഇടതുപക്ഷത്തിന്റെ ഭാഗമായിരുന്ന എൻ.കെ.പ്രേമചന്ദ്രൻ ഇനി എത്ര നാൾ യു.ഡി.എഫ് ക്യാമ്പിൽ തുടരുമെന്ന് കണ്ടറിയണം. മണ്ഡലത്തിലെ ബി.ജെ.പിക്കാരെല്ലാം പ്രേമചന്ദ്രന് വോട്ട് മറിക്കുമെന്ന് ഉറപ്പാണ്. ഇത് മുന്നിൽ കണ്ടാണ് കൊല്ലത്തെ പ്രമുഖ കോൺഗ്രസ് നേതാക്കളായ ബിന്ദു കൃഷ്‌ണയും മറ്റും പ്രചാരണത്തിൽ നിന്ന് വിട്ടുനിൽക്കുന്നത്. ഉമ്മൻചാണ്ടിയുടെ ഇപ്പോഴത്തെ ആരോപണങ്ങൾക്ക് പിന്നിൽ പരാജയപ്പെടുമെന്ന വെപ്രാളമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |