SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.18 PM IST

അധികാരം ചാൻസലർക്ക് , കണ്ണൂർ ബോർഡ് ഒഫ് സ്റ്റഡീസ് പുനഃസംഘടന നിയമവിരുദ്ധമെന്ന് ഹൈക്കോടതി

Increase Font Size Decrease Font Size Print Page

kk

സർവകലാശാലാ നിയമം പാലിച്ചില്ലെന്ന് ഹൈക്കോടതി

കരാറുകാരായ അദ്ധ്യാപകരെ നിയമിച്ചത് ചട്ടലംഘനം

കൊച്ചി: ചാൻസലർ കൂടിയായ ഗവർണറെ മറികടന്ന് കണ്ണൂർ സർവകലാശാലയിലെ ബോർഡ് ഒഫ് സ്റ്റഡീസ് പുനഃസംഘടിപ്പിച്ചത് നിയമാനുസൃതമല്ലെന്ന് ഹൈക്കോടതി പ്രഥമദൃഷ്ട്യാ നിരീക്ഷിച്ചു. ചാൻസലർ നാമനിർദ്ദേശം ചെയ്യുന്നവരെ ബോർഡ് ഒഫ് സ്റ്റഡീസിലേക്ക് നിയമിക്കണമെന്ന വ്യവസ്ഥ സിൻഡിക്കേറ്റ് ലംഘിച്ചു. സർവകലാശാലാ നിയമത്തിലെ വ്യവസ്ഥകൾ പാലിക്കാതെയാണ് നിയമനമെന്ന് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. ബോർഡ് ഒഫ് സ്റ്റഡീസിലേയ്ക്ക് നിയമിക്കപ്പെട്ട 39 പേരുൾപ്പെടെ എതിർ കക്ഷികൾക്ക് നോട്ടീസ് അയയ്ക്കാൻ കോടതി ഉത്തരവിട്ടു.

ബോർഡ് ഒഫ് സ്റ്റഡീസ് അംഗങ്ങളെ നിയമിച്ച് കഴിഞ്ഞ ആഗസ്റ്റ് 11ന് സർവകലാശാലാ രജിസ്ട്രാർ പുറപ്പെടുവിച്ച വിജ്ഞാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സെനറ്റ് അംഗം വി. വിജയകുമാർ, അക്കാഡമിക് കൗൺസിൽ അംഗം ഡോ. ഷിനോ പി. ജോസ് എന്നിവർ സമർപ്പിച്ച അപ്പീൽ ഹർജി പരിഗണിക്കവെയാണ് ഡിവിഷൻ ബെഞ്ചിന്റെ പരാമർശം. സിംഗിൾ ബെഞ്ച് ഹർജി ഫയലിൽ സ്വീകരിക്കാതെ തള്ളിയിരുന്നു.

പുനഃസംഘടിപ്പിച്ചത് 72 ബോർഡുകൾ

വിവിധ വിഷയങ്ങൾക്കുള്ള 72 ബോർഡുകളാണ് പുനഃസംഘടിപ്പിച്ചത്. ബോർഡ് നിയമനങ്ങളിൽ സർക്കാർ, എയ്ഡഡ് കോളജുകളിലെ മുതിർന്ന അദ്ധ്യാപകരെ ഒഴിവാക്കിയെന്ന് അപ്പീൽ ഹർജിയിൽ പറയുന്നു. യു.ജി.സി നിശ്ചയിച്ച യോഗ്യതകളില്ലാത്ത സ്വാശ്രയ കോളജുകളിലെ അദ്ധ്യാപകരെയും കരാറുകാരായ അദ്ധ്യാപകരെയും ഉൾപ്പെടുത്തി.

സർവകലാശാലാ നിയമപ്രകാരം ബോർഡ് ഒഫ് സ്റ്റഡീസ് ചെയർമാനെയും അംഗങ്ങളെയും നാമനിർദ്ദേശം ചെയ്യാനുള്ള അധികാരം ചാൻസലറായ ഗവർണർക്കും ,നിയമനം നൽകാനുള്ള അധികാരം സിൻഡിക്കേറ്റിനുമാണെന്ന് ഗവർണർ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. രജിസ്ട്രാർ മുഖേന പ്രത്യേക ദൂതൻ വഴി ബോർഡ് ഒഫ് സ്റ്റഡീസിലെ അംഗങ്ങൾ ഉൾപ്പെടെ എതിർ കക്ഷികൾക്ക് നോട്ടീസ് നൽകാൻ ഡിവിഷൻ ബെഞ്ച് ഉത്തരവിൽ നിർദ്ദേശിച്ചു. ഹർജി ജനുവരി 17ന് വീണ്ടും പരിഗണിക്കും.

കോഴ്സുകളുടെ സിലബസുകളും പാഠപുസ്തകങ്ങളും നിശ്ചയിക്കുക, ചോദ്യപ്പേപ്പർ തയ്യാറാക്കേണ്ടവരുടെ പാനൽ അംഗീകരിക്കുക തുടങ്ങിയ പ്രധാന അക്കാഡമിക് ചുമതലകളാണ് ബോർഡ് ഒഫ് സ്റ്റഡീസ് നിർവഹിക്കുക.

TAGS: KANNUR UNIVERSITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY