കൊളംബോ: മലയാളികളുടെ പ്രിയപ്പെട്ട യുവതാരം പ്രിയ വാര്യർ അടുത്തിടെ നടത്തിയ ശ്രീലങ്കൻ യാത്രയുടെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ തരംഗം തീർത്തിരുന്നു. മാലിദ്വീപിനും ഗോവയ്ക്കും പുറമേ സെലിബ്രിറ്റികളുടെ ഇഷ്ട ചോയിസാണ് ശ്രീലങ്ക. ഇവിടത്തെ മനോഹര കാഴ്ചകളും ആഡംബര റിസോർട്ടുകളും സാധാരണക്കാർക്കും ആസ്വദിക്കാനാകുന്ന പാക്കേജുകളുമെല്ലാം ഇവിടം കൂടുതൽ സ്വീകാര്യമാക്കുന്നു. ശ്രീലങ്കൻ ടൂറിസം അതിഥികൾക്കായി തങ്ങളുടെ വാതിലുകൾ തുറന്നിട്ടിരിക്കുകയാണ്. അറിയാം ശ്രീലങ്കൻ വിശേഷങ്ങളും കാണാകാഴ്ചകളും.
പൂർണമായും വാക്സിൻ സ്വീകരിച്ചവർക്ക് ശ്രീലങ്കയിൽ എത്തിയതിന് ശേഷം ആർ ടി പി സി ആർ നടത്തേണ്ടതില്ല. എത്ര ദിവസം വേണമെങ്കിലും ഇവിടെ തങ്ങാൻ സാധിക്കും. പ്രതിരോധ കുത്തിവയ്പ് എടുക്കാത്ത യാത്രക്കാർക്കും ഏഴോ എട്ടോ ദിവസം വരെ ടൂറിസം ബയോബബിളിന്റെ സംരക്ഷണത്തിൽ ഇവിടെ ചെലവഴിക്കാനാകും. എല്ലാത്തരം യാത്രക്കാരും കൊവിഡ് ഇൻഷുറസ് ഉള്ളവരായിരിക്കണം. ഇവിടെയെത്തുന്ന സഞ്ചാരികൾ നിർബന്ധിത ക്വാറന്റൈൻ പാലിക്കേണ്ടതില്ല. ഒറ്റ ഡോസ് വാക്സിൻ മാത്രം സ്വീകരിച്ചവർക്കും സർക്കാർ ഒരുക്കുന്ന ബയോബബിളിന്റെ സംരക്ഷണയിൽ അംഗീകരിച്ച സ്ഥലങ്ങൾ സന്ദർശിക്കാനാകും. പന്ത്രണ്ട് വയസിൽ താഴെയുള്ള കുട്ടികൾക്ക് ആർ ടി പി സി ആർ, ആന്റിജൻ എന്നിവ ചെയ്യേണ്ടതില്ല.
ശ്രീലങ്ക ചുറ്റിവരാം
യുനെസ്കോയുടെ ലോകപൈതൃക പട്ടികയിൽ ഇടം നേടിയ ഗാലെ കോട്ട ശ്രീലങ്കയിലെ പ്രശസ്ത സഞ്ചാര കേന്ദ്രമാണ്. ഡച്ചുകാർ നിർമിച്ച ഈ കോട്ട ഏഷ്യയിലെ ഏറ്റവും മികച്ച യൂറോപ്യൻ കോട്ട കൂടിയാണ്. ശ്രീലങ്കയിൽ എത്തുന്ന വിദേശ സഞ്ചാരികളിൽ ഏറിയ പങ്കും ഇന്ത്യക്കാരാണ്. ഇന്ത്യൻ യാത്രക്കാർക്കായി വിമാന നിരക്കിൽ നിരവധി ഓഫറുകളും ശ്രീലങ്ക മുന്നോട്ടുവയ്ച്ചിരുന്നു. ഡെസ്റ്റിനേഷൻ വെഡ്ഡിംഗുകൾക്കായി മിക്കവാരും പേരും തിരഞ്ഞെടുക്കുന്ന സ്ഥലം കൂടിയാണ് ശ്രീലങ്ക. കടൽകാഴ്ചകളും കടൽ നീലിമയാൽ ചുറ്റപ്പെട്ടിരിക്കുന്ന തുരുത്തുകളും ശ്രീലങ്കയെ കൂടുതൽ മനോഹരിയാക്കുന്നു.
ജാഫ്ന, യാല നാഷണൽ പാർക്ക്, സിഗിരിയ, നുവാര ഏലിയ,വിൽപ്പാട്ട്, ഉദവാലവെ ദേശീയോദ്യാനങ്ങൾ, രാവണ വെള്ളച്ചാട്ടം, ദംബുള്ള ഗുഹാക്ഷേത്രം, അരുഗം ബേ, ഗാലെ തുടങ്ങിയവയാണ് ശ്രീലങ്കയിലെ പ്രധാന സഞ്ചാര കേന്ദ്രങ്ങൾ. ഇതിന് പുറമേ നിരവധി ബുദ്ധമത കേന്ദ്രങ്ങളും ഇവിടെയുണ്ട്. വിവിധയിനം പ്രാചീന കലകളുടെ സാസ്കാരിക ഇടം കൂടിയായ ശ്രീലങ്കയിലെ സംഗീത നൃത്തവിരുന്നും ആസ്വദിക്കാം. മനസിനും ശരീരത്തിനും ആരോഗ്യവും സൗന്ദര്യവും പ്രദാനം ചെയ്യുന്ന അനേകം സുഖ ചികിത്സാ കേന്ദ്രങ്ങളും യാത്രക്കാരെ സദാ സ്വാഗതം ചെയ്യുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |