SignIn
Kerala Kaumudi Online
Friday, 29 March 2024 6.21 PM IST

നാലാം ബഡ്ജറ്റ് എന്താവും?

nirmala-sitharaman

കേന്ദ്രധനമന്ത്രി നിർമലാ സീതാരാമൻ ഫെബ്രുവരി ഒന്നിനു അവതരിപ്പിക്കുന്നത് അവരുടെ, തുടർച്ചയായ, നാലാമത്തെ ബഡ്ജറ്റാണ്. ഇതിനു മുൻപ് എട്ടു ധനമന്ത്രിമാർക്ക് മാത്രമാണ് ഈ അവസരം ലഭ്യമായത്. എത്ര കഴിവുള്ള ധനമന്ത്രിയാണെങ്കിലും ഭാഗ്യവും കൂടി തുണച്ചാലേ ബഡ്ജറ്റ് കാര്യത്തിൽ
വിജയിക്കാനാവൂ എന്നൊരു വിശ്വാസവുമുണ്ട്. ഇന്നിപ്പോൾ നിർമലാസീതാരാമന് ഏറെ വെല്ലുവിളികൾ നേരിടേണ്ടതുണ്ടെങ്കിലും അവരുടെ അനുഭവസമ്പത്തും ചില അനുകൂല സാഹചര്യങ്ങളും ഉള്ളതിനാൽ പുതിയ ബഡ്ജറ്റ് ഏറെ മികവുള്ളതാകുമെന്ന പ്രതീക്ഷ പലർക്കുമുണ്ട്.

നിലവിലെ ഹിതകരമായ കാര്യങ്ങളിൽ പ്രധാനം സമ്പദ് വ്യവസ്ഥ മുൻ കൊവിഡ് കെടുതികളിൽ നിന്നും കരകയറുന്നു എന്നതാണ്. രണ്ടുവർഷം മുൻപുണ്ടായിരുന്ന ജി.ഡി.പി നില തിരിച്ചുപിടിക്കാൻ കഴിയുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മറ്റൊരു അനുകൂല സാഹചര്യം നികുതി വരുമാനങ്ങളിലെ ഊർജ്ജസ്വലതയാണ്. കഴിഞ്ഞ ആറുമാസത്തിൽ വന്നുചേർന്നത് റെക്കോഡ് കളക്ഷനായിരുന്നു. പ്രത്യക്ഷ നികുതിയിനത്തിൽ ഒക്ടോബർ വരെ ലഭിച്ചത് 6.4 ലക്ഷം കോടി രൂപ. 70 ശതമാനത്തിന്റെ വർദ്ധന. കോർപ്പറേറ്റുകളുടെയും ബാങ്കുകളുടെയും ബാലൻസ് ഷീറ്റ് മെച്ചപ്പെട്ട നിലയിലായി. ബാങ്കുകളുടെ കിട്ടാക്കടങ്ങൾക്ക് ശമനമുണ്ടായി. ഓഹരിക്കമ്പോളവും കടപ്പത്രവിപണിയും ഉഷാറിലാണ്. ഇറക്കുമതി വർദ്ധിക്കുകയാണെങ്കിലും കയറ്റുമതി റെക്കാഡ് നിലയിലേക്ക് ഉയരുന്നത് ആശ്വാസകരമാകുന്നു. എന്നാൽ, കൊവിഡിന്റെ മൂന്നാം തരംഗം ആഞ്ഞുവീശാൻ തുടങ്ങിയത് നിർഭാഗ്യകരമാണ്. അതുകൊണ്ടുതന്നെ ഇത്തവണത്തെ ബഡ്ജറ്റിലും ഊന്നൽ നൽകേണ്ടി വരുന്നത് മഹാമാരിയുമായി ബന്ധപ്പെട്ട നടപടികൾക്കും, പദ്ധതികൾക്കുമായിരിക്കും. പക്ഷേ, ഇത്തരം പ്രവർത്തനങ്ങളുടെ ഫലമായി വന്നുചേരുന്ന സൗകര്യങ്ങൾ കൊവിഡിനുശേഷവും ആരോഗ്യമേഖലയ്‌ക്ക് താങ്ങായിത്തീരുന്ന തരത്തിലാക്കാനുള്ള ചിന്തയും മാർഗനിർദേശങ്ങളും ബഡ്ജറ്റിലുണ്ടാകുന്നത് ഉചിതമായിരിക്കും.

ധനമന്ത്രി നേരിടുന്ന മറ്റൊരു വെല്ലുവിളി താഴ്ന്നുപോയ തൊഴിലവസരങ്ങൾ തിരിച്ചുപിടിക്കുക എന്നതാണ്. 2021 അവസാനിക്കുമ്പോഴത്തെ തൊഴിൽ ലഭ്യതയുടെ നില, 2019-20 വർഷത്തെക്കാൾ 29 ലക്ഷം കുറവാണ്. തൊഴിൽ ഇടിവിന്റെ ആഘാതം കൂടുതലായി വന്ന് പതിച്ചത് മാസശമ്പളക്കാരായ ജീവനക്കാരിലായിരുന്നു. താരതമ്യേന മെച്ചപ്പെട്ടതും, കൂടുതൽ സ്ഥിരതയുള്ളതുമായ ഇത്തരം ജോലികളിൽ ഏർപ്പെട്ടിരുന്ന 95 ലക്ഷം പേർക്കാണ് തൊഴിൽ നഷ്ടമായത്. ഇവർക്ക് ഇത്രയുമധികം തൊഴിൽ നഷ്ടമായെങ്കിലും പണിയെടുക്കുന്ന വരവിൽ മൊത്തത്തിലുണ്ടായ നഷ്ടം 29 ലക്ഷമായി കുറയ്ക്കാൻ
കഴിഞ്ഞത് കാർഷികരംഗമടക്കമുള്ള മേഖലകളിലെ ദിവസക്കൂലിക്കാരുടെ എണ്ണം ഉയർന്നതിനാലാണ്. തൊഴിൽരംഗത്തെ ഒരുവിധം മെച്ചപ്പെട്ട ജോലികൾ മാഞ്ഞുപോയതിന്റെ കാരണം സംഘടിതരംഗങ്ങളിലെ വളർച്ചയ്‌ക്ക് വേണ്ടുവോളം ഉത്തേജനം ലഭിക്കാതെ പോയതാണ്. ഈ രംഗങ്ങളെ ജ്വലിപ്പിച്ചു നിറുത്തേണ്ട രണ്ടു ഘടകങ്ങളായ ഉപഭോഗച്ചെലവും, നിക്ഷേപനിലയും ദുർബലമായി.

ജി.ഡി.പിയുടെ 60 ശതമാനവും സംഭാവന ചെയ്തുകൊണ്ടിരുന്ന ഉപഭോഗച്ചെലവിലുണ്ടായ ഇടിവ് പിന്നീട് ഉയർന്നെങ്കിലും ഇപ്പോഴും പഴയ നിലയിൽ നിന്നും മൂന്ന് ശതമാനം താഴെ നിൽക്കുകയാണ്. ജനങ്ങളുടെ ഉപഭോഗം ഉയരാത്തതുകൊണ്ടുതന്നെ സ്വകാര്യനിക്ഷേപച്ചെലവും വർദ്ധിക്കുന്നില്ല. ഇത്തരുണത്തിൽ കരണീയമായിട്ടുള്ളത് രണ്ടു മാർഗങ്ങളാണ്; ഒന്ന്, ജനത്തിന്റെ ഉപഭോഗം ഉയർത്താൻ പാകത്തിൽ അവരുടെ വരുമാനത്തിൽ വർദ്ധനവുണ്ടാക്കാനുള്ള നടപടികൾ, രണ്ട്, പൊതുനിക്ഷേപം ഗണ്യമായി ഉയർത്തികൊണ്ട് സാമ്പത്തികപ്രക്രിയകളുടെ ത്രസിപ്പിക്കൽ. സർക്കാർ തലത്തിലുള്ള അടിസ്ഥാനസൗകര്യ വികസനങ്ങൾക്കായി വൻനിക്ഷേപം വരുമെന്നാണ് റിപ്പോർട്ട്. പക്ഷേ സർക്കാരിന്റെ തന്നെ ഒരു പഠനറിപ്പോർട്ടിൽ പറയുന്ന പ്രശ്നം കൂടി ബഡ്ജറ്റ് അഭിസംബോധന ചെയ്യേണ്ടതുണ്ട്. 150 കോടി രൂപയ്ക്കു മുകളിൽ ചെലവ് വരുന്ന വൻപ്രോജക്ടുകൾ പൂർത്തീകരിക്കുന്നതിലെ കാലതാമസം കാരണം അവയുടെ മൊത്തം ചെലവിൽ നാല് ലക്ഷം കോടി രൂപയുടെ അധികവർദ്ധനവുണ്ടായെന്നാണ് ആ റിപ്പോർട്ടിലെ കണ്ടെത്തൽ. അതുകൊണ്ടുതന്നെ പ്രഖ്യാപിക്കപ്പെടുന്ന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാനുള്ള മാർഗങ്ങൾ ബഡ്ജറ്റിൽ നിർദ്ദേശിക്കാവുന്നതാണ്.

കഴിഞ്ഞ രണ്ടു ബഡ്ജറ്റുകളിൽ
വിഭവ സമാഹരണത്തിന്റെ വലിയൊരു മാർഗമായി അവതരിപ്പിച്ചത് പൊതുസംരംഭങ്ങളുടെ സ്വകാര്യവത്‌ക്കരണമായിരുന്നു. പക്ഷേ ഈ സ്ഥാപനങ്ങളുടെ വിൽപ്പന എളുപ്പമല്ലാത്തതിനാൽ പ്രതീക്ഷിച്ച വലിയ തുകയെക്കാൾ ചെറിയൊരു തുക മാത്രമേ വസൂലാക്കാൻ കഴിഞ്ഞുള്ളൂ. ഇതിനു പകരം പുതിയ രംഗങ്ങളിലേക്ക് നികുതിവല വിരിക്കാവുന്നതാണ്. ക്രിപ്റ്റോ കറൻസികളുടെ മേഖലയിൽനിന്ന് നികുതി വസൂലാക്കാനുള്ള മാർഗങ്ങൾ ആലോചിക്കേണ്ടതുണ്ട്. ഗൂഢകറൻസികളിൽ നിക്ഷേപിക്കുന്നവരുടെ എണ്ണത്തിൽ ലോകത്ത് രണ്ടാംസ്ഥാനത്താണ് ഇന്ത്യ. താഴ്ന്ന സ്ലാബിലുള്ള വരുമാനക്കാർക്ക്
ആദായനികുതിഇളവുകൾ നൽകുന്നതിനോടൊപ്പം നികുതിവെട്ടിപ്പിനും തടയിടേണ്ടതുണ്ട്. ഈ വർഷം ആദായനികുതി വകുപ്പിന്റെ പരിശോധനകളിൽ 32000 കോടി രൂപയുടെ വരുമാനം ഒളിച്ചുവെച്ചതായി കണ്ടെത്തിയിരുന്നു. പക്ഷേ, പഴയകാല അനുഭവത്തിൽ പറയുകയാണെങ്കിൽ ഇതിൽ ചെറിയൊരുഭാഗം മാത്രമേ നികുതിയായി ഖജനാവിൽ എത്തുകയുള്ളൂ. ഇത്തരം പഴുതുകൾ അടക്കാനുള്ള നിർദ്ദേശങ്ങൾ ബഡ്ജറ്റിലുണ്ടാകുമെന്ന് കരുതാം. ധനപരമായ ഇല്ലായ്മകൾ കൊണ്ടുള്ള പ്രയാസത്തിലാണ് ഒട്ടുമിക്ക സംസ്ഥാനങ്ങളും. അതിനാൽ ബഡ്ജറ്റിന് മുൻപുള്ള ചർച്ചയിൽ സംസ്ഥാന ധനമന്ത്രിമാർ ഉന്നയിച്ച ആവശ്യങ്ങൾ കൂടി
കേന്ദ്രമന്ത്രി പരിഗണിക്കുന്നത് ഉചിതമായിരിക്കും. ചുരുക്കത്തിൽ, നിർമലാ സീതാരാമന്റെ നാലാം ബഡ്ജറ്റ് അവരുടെ മാസ്റ്റർപീസായിത്തീരേണ്ടത് ഇന്നത്തെ ഇന്ത്യയുടെ അനിവാര്യതയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: UNION BUDGET 2022 - 23
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.