SignIn
Kerala Kaumudi Online
Thursday, 25 April 2024 6.57 AM IST

മുടിക്കുന്ന കരാറുകൾ റദ്ദാക്കണം

photo

നിശ്ചിത സമയത്ത് വൻകിട പദ്ധതികൾ പൂർത്തിയാക്കാതിരിക്കുന്നതിനാലും കരാറുകൾ ലംഘിക്കുന്നതിലൂടെയും കോടികളുടെ നഷ്ടമാണ് ഭരിക്കുന്ന സർക്കാരുകൾ ജനങ്ങളുടെമേൽ അടിച്ചേൽപ്പിക്കുന്നത്. രണ്ട് സിൽവർ ലൈൻ പദ്ധതികൾ പൂർത്തിയാക്കാനുള്ള പണമെങ്കിലും ആവശ്യമില്ലാത്ത കടമായി വന്നിട്ടുണ്ടാകും. നഷ്ടപരിഹാരം കൃത്യസമയത്ത് കൊടുക്കാത്തതുമൂലം മുതലിന്റെ നാലും അഞ്ചും ഇരട്ടി പലിശയായി സർക്കാർ വർഷങ്ങളായി നൽകിക്കൊണ്ടിരിക്കുന്നു. പലതും ഒറ്റപ്പെട്ട കാര്യങ്ങളായതിനാൽ കാര്യമായ ശ്രദ്ധ പതിയാറില്ല. പല ദ്വാരങ്ങളുള്ള ഒരു കുടം പോലെ സർക്കാർ മാറിയിരിക്കുന്നു. പല ദ്വാരങ്ങളിലൂടെയും കടം കൂടിക്കൊണ്ടിരിക്കുന്നു. പല ദ്വാരങ്ങളും വേണമെന്ന് വിചാരിച്ചാൽ സർക്കാരിന് അടയ്ക്കാവുന്നവയാണ്. എന്നാൽ അതുണ്ടാകുന്നില്ല എന്നതാണ് നിർഭാഗ്യകരം. കെ.എസ്.ഇ.ബിക്ക് കോടികളുടെ സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കുന്ന ചില കരാറുകൾ റദ്ദാക്കാൻ വൈദ്യുതി ബോർഡ് ആലോചിക്കുന്നത് സംബന്ധിച്ച വാർത്ത ഞങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. പ്രതിവർഷം 4400 കോടിയോളം രൂപയാണ് ദീർഘകാല കരാർ വൈദ്യുതിയ്‌ക്കായി കെ.എസ്.ഇ.ബി ചെലവാക്കുന്നത്. ദീർഘകാല കരാർ ഒപ്പുവയ്ക്കുന്നതിന് മുമ്പ് ഗുണദോഷങ്ങൾ വിലയിരുത്തേണ്ടതല്ലേ. അങ്ങനെ ഒന്നും നടന്നിട്ടില്ലേ. ദീർഘകാല കരാറിൽ ഒപ്പിട്ടാൽ വൈദ്യുതി വാങ്ങിയാലും ഇല്ലെങ്കിലും ഫിക്‌സഡ് ചാർജ് നൽകേണ്ടിവരും. അതായത് വാങ്ങാത്ത വൈദ്യുതിക്കും പണം നൽകണം. ഇല്ലെങ്കിൽ കരാർ ലംഘിച്ചതായി കാണിച്ച് വൻകിട കമ്പനികൾ കേസിന് പോയി നഷ്ടപരിഹാരവും പലിശയും സഹിതം പിടിച്ചുവാങ്ങും. ജലവൈദ്യുതി കൂടുതൽ ഉത്‌പ്പാദിപ്പിക്കാമെന്നിരിക്കെ അതിന് മുതിരാതെ അതിന്റെ അളവ് കുറയ്ക്കുകയും പകരം പുറത്തുനിന്ന് വൈദ്യുതി വാങ്ങാൻ കളമൊരുക്കുകയും ചെയ്യുന്ന രീതി നമ്മുടെ കെ.എസ്. ഇ.ബിയിൽ നടന്നിട്ടുണ്ട്. ഇതിനൊക്കെ ആരാണ് ചുക്കാൻ പിടിക്കുന്നത് ? മന്ത്രിക്ക് മാത്രമല്ല ദീർഘകാല കരാർ ഒപ്പുവയ്ക്കുന്ന സമയത്തെ ബോർഡ് ചെയർമാനും പവർ സെക്രട്ടറിക്കും ഇതിൽ വലിയ തോതിലുള്ള ഉത്തരവാദിത്തമുണ്ട്. ജനങ്ങളുടെ മേൽ എത്രകോടിയുടെ ബാദ്ധ്യത ഈ കരാറുകൾ വരുത്തിവയ്ക്കുമെന്ന് കൃത്യമായി അറിയാനാകുന്നത് ഇതിന്റെ നായകസ്ഥാനത്തുള്ള ഉദ്യോഗസ്ഥർക്കാണ്. ഒരേ ഉദ്യോഗസ്ഥൻ തന്നെ ബോർഡ് ചെയർമാനും പവർ സെക്രട്ടറിയുമായിരുന്ന കാലത്താണ് ഇപ്പോൾ റദ്ദാക്കാനൊരുങ്ങുന്ന പ്രധാന ദീർഘകാല കരാറുകൾ ഒപ്പിട്ടതെന്നാണ് അറിയാൻ കഴിയുന്നത്.

ഈ വർഷം കൂടുതൽ മഴ കിട്ടിയതിനാൽ വൈദ്യുതി കൂടുതൽ ഉത്‌പാദിപ്പിക്കാൻ കഴിഞ്ഞു. എന്നിട്ടും ദീർഘകാല കരാറിന്റെ ബാദ്ധ്യത മൂലം വൻവിലയ്ക്ക് വൈദ്യുതി വാങ്ങേണ്ടിവന്നു. ഇതുമൂലം കേന്ദ്ര ഗ്രിഡിൽ നിന്ന് കേവലം 1.50 രൂപയ്ക്ക് കിട്ടിയ 1780 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഈ വർഷം കേരളത്തിന് സറണ്ടർ ചെയ്യേണ്ടിവന്നതും വൻ നഷ്ടത്തിനിടയാക്കി. ഈ നഷ്ടമെല്ലാം ബോർഡ് വൈദ്യുതി വാങ്ങുന്നവന്റെ തലയിലാണ് അടിച്ചേൽപ്പിക്കുന്നത്. സാധാരണക്കാർക്ക് താങ്ങാനാവാത്ത വൈദ്യുതി ചാർജാണ് ഇപ്പോൾത്തന്നെ നിലവിലുള്ളത്. വാങ്ങാത്ത വൈദ്യുതിക്ക് വരെ കോടികൾ നഷ്ടപരിഹാരം നൽകേണ്ടിവരുമ്പോൾ വൈദ്യുതിനിരക്ക് കൂടാനല്ലാതെ കുറയാൻ യാതൊരു വഴിയും കാണുന്നില്ല. വൈദ്യുതി വലിയ രാഷ്ട്രീയം കൂടിയാണെന്നുള്ള വസ്‌തുത ഭരണാധികാരികൾ മറക്കരുത്. വൈദ്യുതി ചാർജ് കുറച്ച നടപടിയാണ് ആം ആദ്‌മി പാർട്ടിക്ക് ഡൽഹിയിൽ വേരുകൾ നൽകിയത്. ഇവിടെയും വൈദ്യുതി ചാർജ് പകുതിയാക്കുമെന്ന വാഗ്ദാനം നൽകുന്നവരെ മറ്റെല്ലാം മറന്ന് സ്വീകരിക്കാൻ ജനങ്ങൾ തയ്യാറായാൽ അത് ജനങ്ങളുടെ കുറ്റമായി കാണാനാകില്ല. കാരണം അത്രമാത്രം അമിത ഭാരമാണ് അവർ ചുമക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KSEB CONTRACTS
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.