SignIn
Kerala Kaumudi Online
Sunday, 05 May 2024 1.06 AM IST

പുലർകാലസ്വപ്‌നത്തിലെ പൂമ്പാറ്റകൾ

ee

ഭാസ്‌ക്കരൻമാഷാണ് അതെഴുതിയത്:''പുലർകാലസുന്ദര സ്വപ്‌നത്തിൽ ഞാനൊരു പൂമ്പാറ്റയായിന്നു മാറി..."" എന്റെ പ്രിയമിത്രം ബൈജു പണിക്കർ 1987-ൽ കോളേജുപഠനകാലത്തുതന്നെ നിർമ്മാണ പങ്കാളിയായ 'ഒരു മെയ്‌മാസപ്പുലരിയിൽ" എന്ന ചലച്ചിത്രത്തിനുവേണ്ടിയായിരുന്നു പി. ഭാസ്‌ക്കരൻ - രവീന്ദ്രൻ - ചിത്ര ടീം മലയമാരുത രാഗത്തിൽ ആ മനോഹരഗാനമൊരുക്കിയത്. അതു കേൾക്കുമ്പോഴൊക്കെ മനസ് വല്ലാതെ തരളിതമാവും. പൂമ്പാറ്റകളെപ്പോലെ നമ്മളും പ്രഭാതസ്വപ്‌നങ്ങളുമായി പറന്നുനടക്കുന്ന ഒരനുഭൂതി... പിന്നീട് 1999-ൽ മലയാളത്തിലെ പ്രഭാതടെലിവിഷൻ പരിപാടികളുടെ നീണ്ടകാലറെക്കാർഡിന് തുടക്കമിടുമ്പോഴും ആ ഗാനം മനസിൽ നിറഞ്ഞുനിന്നിരുന്നു. എന്നോടൊപ്പം പിന്തുണയുമായി ബൈജുപണിക്കരുമുണ്ടായിരുന്നു. ബൈജുവുമതെ, അക്കാലത്ത് പ്രഭാതങ്ങളുടെ ഒരുപാസകനായിരുന്നു...
1999 ജൂലൈ 22 മുതൽ നാലര വർഷത്തോളം സൂര്യ ടി.വി.യുടെ 'പൊൻപുലരി" എന്ന രണ്ടു മണിക്കൂർ പ്രതിദിന പരിപാടിയിലൂടെ 1500 ഓളം വ്യത്യസ്‌ത പ്രഭാതങ്ങൾ 'പനോരമ" പ്രേക്ഷകരിലേക്കെത്തിച്ചു. തുടർന്ന് 'പുലർകാല സുന്ദരസ്വപ്‌നത്തി" ന്റെ തേരിലേറി 'പുലർകാലം" എന്ന പേരിലായി ആ പ്രഭാതസവാരി. അത് 2003 ഒക്‌ടോബർ 5-ലെ വിജയദശമിദിനം തൊട്ട് ജീവൻ ടി.വി.യിൽ നാലുവർഷത്തോളം നീണ്ടുനിന്നു. 2007 നവംബർ 5 മുതൽ കൈരളി ടി.വി.യുടെ 'ശുഭദിന" ത്തിലൂടെ പ്രഭാതങ്ങളെ തൊട്ടുണർത്താനായി നിയോഗം. നാലുവർഷത്തിനുശേഷം വീണ്ടും 'പുലർകാല" ത്തിലേക്ക് മടങ്ങി. ഒടുവിൽ 2016 ജനുവരി 1 തൊട്ട് പീപ്പിൾ ടി.വി.യുടെ 'ബീ പോസിറ്റീവ്" എന്ന പ്രഭാതപരിപാടി. അത് 2019-ൽ അവസാനിപ്പിക്കുമ്പോൾ നീണ്ട ഇരുപത് വർഷങ്ങൾ പ്രഭാതടെലിവിഷൻ പരിപാടികളൊരുക്കുവാൻ കഴിഞ്ഞ സംതൃപ്‌തിയോടെ, കൊവിഡ് കാല അടച്ചുപൂട്ടലിലേക്ക് മടക്കം...! എങ്കിലും ഇന്നും എന്റെ ബയോളജിക്കൽ ക്ലോക്കിൽ മൂന്നരമണിക്ക് അലാറം മുഴങ്ങും. ഏഴരപ്പുലരിയിലേക്ക് ഞാനുണരും, മനസൊരു പൂമ്പാറ്റയായ് ചിറകടിക്കും...!

രണ്ട്
പ്രഭാതങ്ങളുടെ ഊർജം പ്രേക്ഷകരിലേക്കെത്തിക്കാൻ മികച്ച അവതാരകർക്കേ സാധിക്കൂ. നന്നായി സംസാരിച്ചാൽ മാത്രം പോര അവർ ഏഴഴകുള്ള പൂമ്പാറ്റകളുമാവണം. അക്കാലത്ത് ദൂരദർശനിലൊരു പരിപാടിയിൽ നന്നായി മലയാളം സംസാരിക്കുന്ന സുന്ദരിയായ ആശ മുഹമ്മദ് എന്ന ഒരു പെൺകുട്ടിയെ കണ്ടു. ആശയെ കണ്ടെത്തിയതോടെ പാതികടമ്പ കടന്നു. മലയാളം നന്നായി പറയുന്ന സുഹൃത്ത് ഡോ. എം. രാജീവ്കുമാറിനേയും ആശയുടെ കൂടെയിരുത്തി 'പൊൻപുലരി" യുടെ ആദ്യ എപ്പിസോഡൊരുക്കി. ആർട്ടിസ്റ്റ് ഭട്ടതിരിയുടെ കരവിരുതിൽ പശ്ചാത്തലം ഭംഗിയായി. പിന്നീട് അഭിനേതാക്കളായ കൃഷ്‌ണകുമാറും ഭാര്യ സിന്ധുവും ദേവീചന്ദനയും അവതാരകരായി വന്നു.
ഒരിക്കൽ എന്റെ ഫ്ളാറ്റിൽ സീരിയലിൽ അഭിനയിക്കാൻ താത്പര്യമുണ്ടെന്ന് പറഞ്ഞ് കുറേ ഫോട്ടോകളുമായി ഒരു സുമുഖനായ യുവാവെത്തി. അയൽപക്കത്തെ ഡോ. വിശാലാണ് തന്റെ കൂട്ടുകാരനെ കൂട്ടിക്കൊണ്ടുവന്നത്. അനൂപ് എന്ന് ആ യുവാവ് സ്വയം പരിചയപ്പെടുത്തി. ലോ കോളേജിൽ പഠിക്കുന്നു. വാചാലനായി സംസാരിച്ച ആ യുവാവിനോട്, ഇപ്പോൾ സീരിയലൊന്നുമില്ല, പ്രഭാതപരിപാടിയിൽ അവതാരകനാവാമോ എന്ന് ഞാൻ ചോദിച്ചു. അങ്ങനെ അനൂപ് സ്റ്റുഡിയോയിലെത്തി. അനൂപ് മേനോൻ എന്നു പിന്നീട് പ്രശസ്‌തനടനായ ആ യുവാവിന്റെ മുഖം അങ്ങനെ ആദ്യമായി ഞങ്ങളുടെ കാമറ ഒപ്പിയെടുത്തു. അക്കാലത്തുതന്നെ അനൂപിന്റെ സുഹൃത്തും പിന്നീട് പ്രമുഖയുവചലച്ചിത്രകാരനുമായ ശങ്കർ രാമകൃഷ്‌ണനും ഇന്ന് ഹൈക്കോടതിയിലെ പ്രശസ്‌ത അഭിഭാഷകയായ തുഷാര ജയിംസുമെത്തി. ഇരുവരും അനൂപിനെപ്പോലെ അക്കാല നിയമവിദ്യാർത്ഥികൾ...
കവി ഏഴാച്ചേരി രാമചന്ദ്രന്റെ മകൾ നിഷ, സൂര്യ എസ്. നായർ, ജി. ഉണ്ണിക്കൃഷ്‌ണൻ, ഗിരീഷ്, അനിൽ എസ്. ഭദ്രൻ, ആശ, അനിൽ ഓംകാർ എന്നിങ്ങനെ എത്രയെത്രയോ പ്രിയങ്കരരായ അവതാരകർ. പ്രശസ്‌ത പത്രപ്രവർത്തക ഗീതബക്ഷിയും ചലച്ചിത്രകാരന്മാരായ മധുപാൽ, ദിവ്യ ഉണ്ണി, സുധീഷ്, കുഞ്ചാക്കോബോബൻ തുടങ്ങിയവരും വിശേഷപ്പെട്ട ദിവസങ്ങളിൽ അതിഥി അവതാരകരായി വന്നു...
പിന്നണിയിൽ പ്രവർത്തിച്ച സി. അനൂപ്, ഷാജൻ സ്‌കറിയ, കെ.വി. സതീദേവി, സോഹൻലാൽ, പ്രിയ രവീന്ദ്രൻ, പി.എം. ബിനുകുമാർ, ദീപു കോന്നി, സിന്ധു ശ്രീധർ തുടങ്ങിയവരൊക്കെ ഇന്ന് ഏറെ പ്രശസ്‌തരായ മാദ്ധ്യമപ്രവർത്തകർ. കവികളായ മുരുകൻ കാട്ടാക്കടയും ഗിരീഷ് പുലിയൂരും ശിവകുമാർ അമ്പലപ്പുഴയും വ്യത്യസ്‌തകാലങ്ങളിൽ കൂടെ നിന്നു...

ee

പൊൻപുലരിയിൽ തുഷാര ജയിംസ്, അനൂപ് മേനോൻ

മൂന്ന്

മലയാളികളുടെ പ്രഭാതങ്ങൾ എങ്ങനെയാണെന്ന ഒരന്വേഷണം രസകരമായ അനുഭവമായിരുന്നു. ചിലർ നടക്കാൻ പോകും. പലരും ദിനപത്രത്താളിലേക്കു മുഖം പൂഴ്‌ത്തും. കുട്ടികൾ സ്‌കൂൾയാത്രയ്‌ക്കുള്ള ഒരുക്കത്തിൽ. പാവം വീട്ടമ്മമാർ അടുക്കളപ്പുകയിലും. നേരത്തേ ഉണരുന്നവരും പ്രഭാതത്തിൽ കൂടുതൽ സമയമുള്ളവരും അപ്പൂപ്പന്മാരും അമ്മൂമ്മമാരുമാണെന്ന് അത്ഭുതകരമായ കണ്ടെത്തലുമുണ്ടായി. അതനുസരിച്ചായിരുന്നു ടെലിവിഷനിൽ ആ നേരത്ത് എന്തുനൽകണം എന്ന ആലോചനകളുണ്ടായത്. ആരോഗ്യം, കല, സംഗീതം മേമ്പൊടിക്കിത്തിരി ഭക്തിയും സുഭാഷിതവും. ഈ കോമ്പിനേഷനൊപ്പം കുട്ടികളേയും യുവജനങ്ങളേയും കൂടെക്കൂട്ടാനുള്ള പരിപാടികളും. പൂക്കുട, നിറം തുടങ്ങിയ അത്തരം ഖണ്ഡങ്ങളിലൂടെ നൂറുകണക്കിന് പുതുപ്രതിഭകളെ അവതരിപ്പിക്കാൻ സാധിച്ചു...
വി. മധുസൂദനൻ നായരുടെ കവിതാപരിചയം, കാർട്ടൂണിസ്റ്റ് സുകുമാർ ഒരുക്കുന്ന 'ഹാസ്യ കഷായം"", പി.വി. കൃഷ്‌ണൻമാഷിന്റെ 'വര", മോപ്പസാങ് വാലത്തിന്റെ 'വർണ്ണലോകം" , ഡോ. മാർത്താണ്ഡപിള്ളയുടെ 'ഫാമിലി ഡോക്‌ടർ", ഡോ. ജെ ഹരീന്ദ്രൻ നായരുടെ 'ജീവനം" , ഉദ്യോഗമണ്ഡൽ വിജയകുമാറിന്റെ 'ആലാപനം', ഡി. ശിവപ്രസാദിന്റെ 'രാഗപരിചയം", ഡോ. എം. രാജീവ്കുമാറിന്റെ 'കണ്ണട" എന്ന സാഹിത്യവിമർശനം, ഡോ. ജാൻസി ജെയിംസിന്റെ 'ഗുഡ് ഇംഗ്ലീഷ്", സ്ത്രീകൾക്കുവേണ്ടിയുള്ള 'സിന്ദൂരം", പ്രശസ്‌തരുമായുള്ള സംവാദവുമായി എത്തുന്ന 'ഇന്നത്തെ ശബ്‌ദം" എന്നിവയൊക്കെത്തന്നെ അക്കാലപ്പുലരികളെ സജീവമാക്കി...

നാല്
'ഇന്നത്തെ ശബ്‌ദ" ത്തിൽ ഒരിക്കൽ അതിഥിയായെത്തിയ സുകുമാർ അഴീക്കോട് മാഷ് പ്രഭാതങ്ങളെക്കുറിച്ചിങ്ങനെ പറഞ്ഞു: ''ബ്രാഹ്മമുഹൂർത്തത്തിലുണർന്ന് പ്രഭാതത്തെ വരവേൽക്കണം. സൂര്യോദയത്തിനും മൂന്നുമണിക്കൂർ മുമ്പാണ് ബ്രാഹ്മമുഹൂർത്തം. പ്രകൃതിയുടെ തമോഗുണം അകലുകയും നന്മയുടെ പ്രകാശം പ്രസരിക്കുകയും ചെയ്യുന്ന വേളയാണത്. ഇത് സരസ്വതീയാമം കൂടിയാണ്. ബ്രഹ്മപത്നിയായ സരസ്വതീദേവി ഉണർന്ന് പ്രഭാതജോലികൾ ആരംഭിക്കുന്ന വേള.""
അപ്പോൾ അഭിമുഖകാരനായ സി. അനൂപ് ഒരു കുസൃതിച്ചോദ്യം ചോദിച്ചു: ''പക്ഷേ മാഷേ, എത്രപേർ ഇന്ന് ഈ പുലർവേളകൾ ആസ്വദിക്കുന്നുണ്ട്?""
മാഷ് ഗൗരവച്ചിരി ചിരിച്ചു: ''മാരകമായ രാത്രികാലസിനിമകളും നിങ്ങളുടെ ഈ ടെലിവിഷൻ എന്ന വിഷവും ബാറുകളും ഒക്കെച്ചേർന്നാണ് മലയാളിയുടെ പ്രഭാതങ്ങൾ നഷ്‌ടമാക്കിയത്. പിന്നെ എന്നെപ്പോലെയുള്ള ബ്രഹ്മചാരികളുമില്ലാതായി... കുഞ്ഞുകുട്ടി പൊണ്ടാട്ടി പ്രാരാബ്‌ധത്തിനിടയിൽ ആളുകൾക്ക് എന്ത് പ്രഭാതാസ്വാദനം?""
അഴീക്കോട് മാഷ് കടന്നുപോയിട്ട് ഇപ്പോൾ പത്തുവർഷം തികയുന്നു. 2012 ജനുവരി 24 ന് അദ്ദേഹത്തിന്റെ ചിന്തകളും ശബ്‌ദങ്ങളും നിലച്ചെങ്കിലും പല പ്രഭാതങ്ങളിലും ആ വാക്കുകൾ മനസിൽ വന്ന് മുഴങ്ങുന്നുണ്ട്. മാഷേ പ്രണാമം.

(സതീഷ് ബാബു പയ്യന്നൂർ : 98470 60343)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CHANNAM PINNAM, WEEKEND, CHANNAM PINNA
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.