കൊല്ലം : പരവൂർ കായലിൽ കയാക്കിംഗ് നടത്തുകയായിരുന്ന നാലംഗ വിനോദസഞ്ചാരികളെ ആക്രമിച്ചതായി പരാതി. കഴിഞ്ഞദിവസം വൈകിട്ടോടെയാണ് സംഭവം. രണ്ട് റഷ്യൻ സ്വദേശികളും രണ്ട് ഡൽഹി സ്വദേശികളുമടങ്ങുന്ന സംഘം പരവൂർ കയാക്കിംഗ് നടത്തുന്നതിനിടെ കോതേത്ത് കടവിന് സമീപമാണ് ആക്രമിക്കപ്പെട്ടത്. തീരത്തിരുന്ന് മദ്യപിക്കുകയും കായലിൽ നീന്തുകയും ചെയ്തുകൊണ്ടിരുന്ന നാലോളം വരുന്ന സംഘമാണ് കല്ലെറിഞ്ഞും മറ്റും ആക്രമിച്ചതെന്ന് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. അവിടെ നിന്ന് രക്ഷപ്പെട്ടെങ്കിലും അക്രമികൾ ബൈക്കിൽ പിന്തുടർന്നെത്തുകയും കല്ലെറിഞ്ഞ് അപായപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. പരവൂർ പൊഴിക്കര മുക്കം ലക്ഷ്മിപുരം തോപ്പിൽ പ്രവർത്തിക്കുന്ന വാട്ടർ സ്പോർട്സ് കേന്ദ്രത്തിൽ നിന്നുമാണ് ഗൈഡിനൊപ്പം ഇവർ കയാക്കിംഗിനിറങ്ങിയത്. നാലുദിവസത്തെ സന്ദർശനത്തിനെത്തിയ വിനോദസഞ്ചാരികൾ ഈ സംഭവത്തോടേ ഭയപ്പാടിലാണെന്നും താമസ സ്ഥലത്ത് നിന്നും പുറത്തേക്ക് ഇറങ്ങാൻ പോലും കൂട്ടാക്കുന്നില്ലായെന്നും ഗൈഡ് ഡാനി പറഞ്ഞു. അക്രമികളുടെ ബൈക്കിന്റെ നമ്പർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ കോതേത്ത് കടവിന് സമീപത്ത് നിന്ന് രണ്ട് ബൈക്കുകൾ പരവൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. അക്രമികൾക്കായി അന്വേഷണം നടത്തുന്നതായി പരവൂർ പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |