തിരുവനന്തപുരത്ത് ഓവർബ്രിഡ്ജിനടുത്ത് എസ്.എൽ തിയറ്റർ എന്ന ഒരു പഴയ സിനിമാക്കൊട്ടകയുണ്ടായിരുന്നു. കൊട്ടക എന്നാണോ കൊട്ടാരം എന്നാണോ വിശേഷിപ്പിക്കേണ്ടത് എന്നറിയില്ല. നഗരത്തിലെ ഏറ്റവും വലിയ സിനിമാസങ്കേതമായിരുന്നു അത്. പലതരം സിനിമകൾ വന്നു കളിക്കുന്ന ഇടം. തൊട്ടടുത്തുകൂടി തീവണ്ടി ഇരച്ചുപോവുമ്പോൾ ചുവരുകൾ പ്രകമ്പനം കൊള്ളും. പിന്നീട് ഉടമസ്ഥർ മാറിയപ്പോൾ തിയറ്ററിന്റെ ചായങ്ങളും മാറി. മൾട്ടി നാഷണൽ ബിസിനസുകാരനും 'ഡാം 999" എന്ന സിനിമ സംവിധാനം ചെയ്യുകയും ചെയ്ത സഹൃദയനായ സോഹൻ റോയിയുടെ 'ഏരീസ്" കമ്പനി ആ കെട്ടിടം സ്വന്തമാക്കി. അതോടെ ആധുനിക സൗകര്യങ്ങളും സംവിധാനങ്ങളും വന്നു. കുറച്ചുകാലം ബി. ഉണ്ണികൃഷ്ണൻ എന്ന എന്റെ സുഹൃത് സംവിധായകനായിരുന്നു സോഹൻ റോയിയുടെ കൂടെ ആ തിയറ്റർ രൂപകൽപ്പനയിൽ.
സത്യജിത്ത്റായിയും മൃണാൾസെന്നും തൊട്ട് അടൂരും അരവിന്ദനും പത്മരാജനും എം.ടി.യുമൊക്കെ വലിയ ചിത്രങ്ങളായി അകത്തളത്തിൽ നിലയുറപ്പിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിന്റേയും ഒരു സ്ഥിരം അരങ്ങാണവിടം. രണ്ടുവർഷമായി മറ്റു പല സിനിമാകൊട്ടകകളേയും പോലെ നിശബ്ദമായി അടഞ്ഞുകിടപ്പായിരുന്ന ആ കൂറ്റൻ കെട്ടിടം, കഴിഞ്ഞ ദിവസം ഞാനതുവഴി പോയപ്പോൾ എന്നെ അത്ഭുതപ്പെടുത്തി തിടുക്കത്തിൽ ഓടിയകത്തേക്ക് പോകുന്ന യുവാക്കൾ, യുവതികൾ, ഒരുപാട് സിനിമാസക്തർ....! വണ്ടികളുടെ നീണ്ടനിര. പുതുതായി റിലീസ് ചെയ്ത സിനിമകളുടെ വർണ്ണാഭമായ പോസ്റ്ററുകൾ... എല്ലാം ചേർന്ന് ഒരു ആഹ്ലാദശബളിമ. വീണ്ടും സിനിമാക്കാലം ഉദയം ചെയ്തതിന്റെ ഉല്ലാസഗരിമ....
രണ്ട്
ഒ.ടി.ടി. പ്ലാറ്റ്ഫോമിൽ സിനിമ ഒതുങ്ങിപ്പോകും എന്ന മട്ടിൽ ചർച്ചകൾ കൊടുമ്പിരികൊണ്ട അവസ്ഥയിൽ നിന്ന് തിയറ്ററുകളിലേക്ക് സിനിമാപ്രേമികളും ചലച്ചിത്രപ്രണയികളും ഓടി വരുന്ന കാഴ്ച ആഹ്ലാദകരം തന്നെ! അല്ലെങ്കിലും ആ പഴയ കൊട്ടക അനുഭവങ്ങൾ ഇന്ന് ഓർക്കുമ്പോൾ എന്തുമാത്രം രസനീയമാണ്. പയ്യന്നൂരിലെ ശോഭ തിയറ്ററും സുമംഗലി ടാക്കീസും സമ്മാനിച്ച എത്രയോ അനുഭവങ്ങളുണ്ടായിരുന്നു എനിക്കും കൂട്ടുകാർക്കും...! ശോഭ കുറേക്കൂടി വലുതും കോൺക്രീറ്റ് എടുപ്പുമുള്ളതിനാലാവാം തിയറ്ററായതെന്ന് തോന്നുന്നു. ഓല മേഞ്ഞ കൂരയായതിനാൽ സുമംഗലിയെ ടാക്കീസ് എന്നും വിളിച്ചുപോന്നു. ശോഭ ഇന്നില്ല, പകരം അവിടെ മൾട്ടിസ്റ്റാർ ഹോട്ടലാണ്. ഇന്നും നാട്ടിൽ പോകുമ്പോൾ ഞാൻ പഴയ ശോഭ നിന്നിരുന്ന ഇടവഴിയിൽ പോയി നോക്കും... എനിക്കേറെ പ്രിയങ്കരിയായ സിൽക്ക് സ്മിതയുടെ സിനിമകൾ ആദ്യമായി കണ്ടത് ശോഭയുടെ വെള്ളിത്തിരയിലായിരുന്നു. അതുപോലെ പ്രേംനസീറിന്റെയും ജയഭാരതിയുടേയും കെട്ടിപ്പിടുത്തങ്ങളും... ഒരു കാലഘട്ടം നമ്മെ കൊതിപ്പിച്ച് കടന്നുപോയത് ഇന്നലെയെന്നപോലെ ഓർമ വരുന്നു... പയ്യന്നൂർ കോളേജിലേക്ക് പഠിക്കാൻ പോയപ്പോൾ സിനിമ കണ്ട ഏഴിലോട്ടെ ശ്രീദുർഗ എന്ന കൊട്ടകയുടെ കാര്യം രസകരമാണ്. ടിക്കറ്റെടുക്കാതെ തന്നെ സിനിമ കാണാമെന്നാണ് കൂട്ടുകാരനും തദ്ദേശീയനുമായ ജനാർദ്ദനദാസ് കുഞ്ഞിമംഗലം പറയുക. പാട്ടും സംഭാഷണവുമൊക്കെ പുറത്തേക്ക് മുഴങ്ങിക്കൊണ്ടിരിക്കും ഏതു സമയത്തും!
മൂന്ന്
'കന്യക ടാക്കീസ്" എന്നൊരു സിനിമ ഓർമ വരുന്നു. പി.വി. ഷാജി കുമാറിന്റെ 'പതിനെട്ട് +" എന്ന ചെറുകഥയിൽ നിന്ന് കെ. ആർ. മനോജ് ഒരുക്കിയ ആ സിനിമ പഴയ ഒരു കൊട്ടകക്കാലത്തിൽ നിന്ന് ഉരുവം കൊണ്ടതാണ്. തുണ്ടുപടങ്ങളാൽ സമ്പന്നമായ ഒരു നാട്ടിൻപുറക്കൊട്ടകയുടെ മുതലാളിയുടെ പാപബോധവും ചിന്തകളുമാണ് അടിസ്ഥാനപ്രമേയം. അയാൾ ആ കൊട്ടക ഒരു പള്ളിക്ക് സംഭാവന കൊടുക്കുന്നു. മുരളിഗോപിയും ലെനയും അലൻസിയറും സുധീർ കരമനയുമൊക്കെ മത്സരിച്ചഭിനയിച്ച ആ പടത്തിന് ഒട്ടേറെ അവാർഡുകളും ലഭിച്ചു.
സിനിമാക്കൊട്ടക പശ്ചാത്തലമായ 'പ്രാദേശിക വാർത്തകൾ" എന്ന രസകരമായ ഒരു സിനിമയേയും ഓർക്കുന്നു. രഞ്ജിത്താണ് അതിന് കഥയൊരുക്കിയത്. കമൽ സംവിധാനം ചെയ്ത പടം. ജയറാം - പാർവതിമാരുടെ 'റീൽ ലൗ സ്റ്റോറി" പിന്നീട് റിയൽ ലൗ സ്റ്റോറിയായതും ഈ ചിത്രത്തിലൂടെയാണെന്നാണോർമ. ഇങ്ങനെ പ്രണയാതുരവും ഗൃഹാതുരവുമായ എത്രയെത്ര കൊട്ടക അനുഭവങ്ങൾ പലർക്കുമുണ്ടാകും, അല്ലേ?
നാല്
വീണ്ടും കൊട്ടകകൾ സജീവമാവട്ടെ. പുതുസിനിമകളാൽ കാലം മുന്നോട്ട് കുതിക്കട്ടെ. രഞ്ജിത്തിനെ നായകനാക്കി അനൂപ് മേനോൻ ആദ്യമായി സംവിധാനം ചെയ്ത 'കിങ് ഫിഷ്" എന്ന സിനിമ ഉടനെ തിയറ്ററുകളിലെത്തുമെന്ന് അനൂപ് ഇക്കഴിഞ്ഞ ദിവസം ആഹ്ലാദത്തോടെ പറഞ്ഞു. 'കൊവിഡിയൻ കാലം" കഴിയാൻ കാത്തുവെച്ച പല നല്ല ചിത്രങ്ങളും കൊട്ടകകളിലേക്ക് ഇനിയും വരും. അനൂപിന്റെ തന്നെ പത്മ, വരാൽ തുടങ്ങിയ ചിത്രങ്ങളും വരുന്നു. അങ്ങനെ പ്രിയ മിത്രങ്ങളുടെ പല ചിത്രങ്ങളും. വരട്ടെ, തെളിയട്ടെ വെള്ളിവെളിച്ചം വീണ്ടും. പുതിയ കാലത്തെ പെൺകുട്ടികളും ആൺകുട്ടികളും കൊട്ടകകളിലേക്കൊഴുകിയെത്തട്ടെ, ഒപ്പം എന്നെപ്പോലെയുള്ള പഴയ കുട്ടികളും...!
(സതീഷ്ബാബു പയ്യന്നൂർ: 98470 60343)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |