കൊച്ചി: കല്ലട ബസിലെ അതിക്രമത്തിൽ നടപടിയെടുക്കുന്നതിൽ ആദ്യഘട്ടത്തിൽ വീഴ്ചവരുത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. എസ്.ഐ അടക്കം നാലുപേരെ കൊച്ചിയിൽ നിന്ന് ഇടുക്കിയിലേക്ക് മാറ്റി. മരട് എസ്.ഐ ബൈജു മാത്യു, സി.പി.ഒ മാരായ സുനിൽ എം.എസ്, സുനിൽകുമാർ, പൊലീസ് ഡ്രൈവർ ബിനേഷ് എന്നിവരെയാണ് സ്ഥലം മാറ്റിയത്. പൊലീസ് ആദ്യം സഹകരിച്ചില്ലെന്ന യാത്രക്കാരനായ അജയഘോഷിന്റെ പരാതിയിലാണ് നടപടി. കേസ് രജിസ്റ്റർ ചെയ്യാനോ പ്രതികളെ കണ്ടെത്താനോ ശ്രമിച്ചില്ലെന്നായിരുന്നു പരാതി. ഈ വീഴ്ച പുറത്തായതോടെയാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നത്.
എന്നാൽ തിരെഞ്ഞെടുപ്പ് കലാശക്കൊട്ടിന്റെ തിരക്കിലായതിനാലും പരിക്കേറ്റ യുവാക്കൾ പൊലീസിനെ അറിയിക്കാതെ കൊച്ചി വിട്ടതിനാലുമാണ് കേസ് എടുക്കാൻ വൈകിയതെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. യാത്രക്കാരായ മൂന്ന് യുവാക്കളെ സുരേഷ് കല്ലട ബസ് ജീവനക്കാർ മർദ്ദിച്ചെന്ന പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്. 15 അംഗ സംഘം ബസിലേക്ക് ഇരച്ചുകയറിയാണ് വയനാട്, പാലക്കാട് സ്വദേശികളെ ക്രൂരമായി മർദ്ദിച്ചത് ബസിലെ യാത്രക്കാരനായ ജേക്കബ് ഫിലിപ്പ് തന്റെ ഫോണിൽ ഈ വീഡിയോ ദൃശ്യം പകർത്തുകയും പിന്നീട് ഫേസ്ബുക്കിൽ പങ്കുവച്ചതോടെയാണ് സംഭവം പുറത്തായത്.
വൈറ്റിലയിൽ വച്ച് മർദ്ദിച്ചവശരാക്കിയ ശേഷം യുവാക്കളെയും അജയ് ഘോഷ് എന്ന മറ്റൊരാളെയും ഇവർ ഇറക്കിവിട്ടു. മർദ്ദനമേറ്റത് പാലക്കാട് സ്വദേശിക്കും വയനാട് സുൽത്താൻ ബത്തേരി സ്വദേശിക്കുമാണ്. ഇരുവരും ഈറോഡ് പഠിക്കുന്ന വിദ്യാർത്ഥികളാണ്. സംഭവത്തിൽ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സുരേഷ് കല്ലട ഉടമയെയും ചോദ്യം ചെയ്തിരുന്നു. സംഭവത്തിൽ കൂടുതൽ നടപടിയിലേക്ക് കടക്കുന്നതിനിടെയാണ് സ്ഥലംമാറ്റം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |