അമ്പലപ്പുഴ : കഞ്ചാവ്,മയക്ക് മരുന്ന് മാഫിയക്കെതിര വിവരം നൽകിയിട്ടും നടപടിയെടുക്കാൻ പൊലീസും എക്സൈസും തയ്യാറാകുന്നില്ലെന്ന് ആക്ഷേപമുയരുന്നു. അമ്പലപ്പുഴ പൊലീസ് സ്റ്റേഷന് പടിഞ്ഞാറ് ഭാഗത്തുൾപ്പെടെയുള്ള പ്രദേശങ്ങളിൽ കഞ്ചാവ് മാഫിയ പിടിമുറുക്കിയിരിക്കുകയാണ്.
കഞ്ഞിപ്പാടം, കാക്കാഴം റെയിൽവേ മേൽപ്പാലത്തിന് താഴെഭാഗം എന്നിവിടങ്ങളാണ് കഞ്ചാവ് വില്പനക്കാരുടെ മറ്റ് താവളങ്ങൾ. കഞ്ഞിപ്പാടത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിന് തെക്ക് ഭാഗത്തുള്ള കുറ്റിക്കാട്ടിലേക്ക് സന്ധ്യ കഴിയുന്നതോടെ ഇരുചക്ര വാഹനങ്ങളിലായി നിരവധി യുവാക്കളാണ് എത്തുന്നത്. രാത്രി വളരെ വൈകുന്നത് വരെ ഇവിടെ മയക്കു മരുന്ന് ഉപഭോഗവും വിൽപ്പനയും നീളും. ഇതേപ്പറ്റി പലതവണ അമ്പലപ്പുഴ പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചിട്ടും ഫലമുണ്ടായില്ലെന്ന് നാട്ടുകാർ പറഞ്ഞു. അമ്പലപ്പുഴ പോലീസ് സ്റ്റേഷന് പടിഞ്ഞാറ് വശത്തും ഇതേ രീതിയിൽ കഞ്ചാവ് ,മയക്കു മരുന്ന് വിൽപ്പന സജീവമാണ്.
കാക്കാഴം മേൽപ്പാലത്തിന് താഴെ അന്യ സംസ്ഥാന തൊഴിലാളികളെ ലക്ഷ്യമിട്ട് നിരോധിത പുകയില ഉത്പന്നങ്ങൾ, കഞ്ചാവ് എന്നിവയുടെ വിൽപ്പന വ്യാപകമാണ്. രാത്രി കാലങ്ങളിൽ മെഡിക്കൽ കോളേജ് ആശുപത്രി പരിസരവും ലഹരി മാഫിയ കൈയടക്കും. നാട്ടിൽ വർദ്ധിച്ചു വരുന്ന മദ്യ, മയക്കു മരുന്നു മാഫിയകളെ നിയന്ത്രിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഗാന്ധി ദർശൻ സമിതി അമ്പലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് നിസാർ വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |