കൊച്ചി : ''ജീവിതസമ്പാദ്യം മുഴുവൻ വിറ്റുപെറുക്കി വയസുകാലത്ത് വാങ്ങിയ കിടപ്പാണമാണിത്. ഇത് പൊളിച്ചാൽ രോഗിയായ ഭാര്യയെയും കൊണ്ട് എവിടെ പോകുമെന്ന് അറിയില്ല. കോടതി കനിയുമെന്നാണ് പ്രതീക്ഷ.'' 67 കാരനായ ഫ്രാൻസിസ് കണ്ണാമ്പിള്ളി ആശങ്കയോടെ പറയുന്നു.
കൊച്ചിയിൽ പൊളിച്ചുനീക്കാൻ സുപ്രീം കോടതി ഉത്തരവിട്ട അഞ്ചു ഫ്ളാറ്റ് സമുച്ചയങ്ങളിൽ ഒന്നായ ഗോൾഡൻ കായലോരത്തെ അപ്പാർട്ടുമെന്റ് ഉടമയാണ് ഫ്രാൻസിസ്. ഭാര്യ ഫിലോമിന മാത്രമാണ് ഒപ്പമുള്ളത്. മകളെ ചെന്നൈയിലാണ് വിവാഹം ചെയ്തയച്ചത്.
ചാർട്ടേർഡ് അക്കൗണ്ടന്റ് സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു അദ്ദേഹം.
വൈറ്റിലയാണ് സ്വദേശം. കുടുംബസ്വത്ത് ഭാഗം വച്ചപ്പോൾ ലഭിച്ചത് ഏതാനും സെന്റ് സ്ഥലവും പഴയ വീടുമാണ്. അതു വിറ്റുകിട്ടിയ പണവും അല്ലറചില്ലറ സമ്പാദ്യങ്ങളുമെല്ലാം ചേർത്താണ് ഫ്ളാറ്റ് വാങ്ങിയത്. അമ്പതു ലക്ഷം രൂപയായി.
പത്തു വർഷം മുമ്പ് വാങ്ങി അഞ്ചു വർഷം മുമ്പ് പേരിൽ ചേർത്ത് വില്ലേജ് ഓഫീസിൽ കരമടച്ചു. അടുത്ത വർഷത്തെ കരവും അടച്ചുകഴിഞ്ഞു. വൈദ്യുതി കണക്ഷനും സ്വന്തം പേരിലാണ്.
വിരമിച്ചശേഷം ചെറിയൊരു ജോലിയുണ്ട്. കാര്യമായ വരുമാനം അതിൽ നിന്ന് ലഭിക്കുന്നില്ല. സമീപത്ത് കൂട്ടിന് ആളുണ്ടാകുമല്ലോയെന്ന് പ്രതീക്ഷിച്ചാണ് ഫ്ളാറ്റ് വാങ്ങിയത്. ഫ്ളാറ്റ് നഷ്ടമായാൽ എങ്ങോട്ടുപോകുമെന്ന് എത്തുംപിടിയും കിട്ടുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
തങ്ങളുടേതല്ലാത്ത കുറ്റത്തിന്റെ പേരിലാണ് ഫ്ളാറ്റ് പൊളിക്കണമെന്ന ഉത്തരവ് വന്നത്. കോടതിയും സർക്കാരും സഹായിക്കുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു.
ഫ്രാൻസിസിന്റെ അവസ്ഥയാണ് കായലോരം ഫ്ളാറ്റിലെ ഭൂരിഭാഗം പേർക്കും. പൊളിക്കാൻ പറഞ്ഞവയിൽ സാധാരണ ഫ്ളാറ്റാണിത്. 40 അപ്പാർട്ടുമെന്റുകളിൽ 37 ലും ഉടമകൾ തന്നെയാണ് താമസം. മൂന്നിടത്ത് വാടകക്കാരാണ്. എന്തെങ്കിലും വഴിതെളിയുമെന്ന പ്രതീക്ഷയിലാണ് ഉടമകൾ. ഫ്ളാറ്റ് നിർമ്മിച്ച കെ.പി വർഗീസ് ബിൽഡേഴ്സിന്റെ പ്രതിനിധികൾ സ്ഥലത്തെത്തി ചർച്ചകൾ നടത്തിയിരുന്നു.
മറ്റു നാലു ഫ്ളാറ്റുകളിൽ ഭൂരിപക്ഷം അപ്പാർട്ടുമെന്റുകളും ഒഴിഞ്ഞു കിടക്കുകയാണ്. പ്രവാസികളാണ് ഉടമകൾ. സന്ദർശകർക്ക് കർശന നിയന്ത്രണങ്ങളുള്ള ഇവിടങ്ങളിലെ താമസക്കാർ കോടതി വിധിയെക്കുറിച്ച് പ്രതികരിക്കാൻ തയ്യാറാകുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |